Onam Pookkalam trampled; ഓണാഘോഷത്തിന്റെ ഭാഗമായി തീർത്ത പൂക്കളം അലങ്കോലമാക്കിയ സംഭവം; പത്തനംതിട്ട സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്
ബെംഗളൂരുവിൽ ഓണാഘോഷത്തിന്റെ ഭാഗമായി മലയാളികൾ തീർത്ത പൂക്കളമാണ് യുവതി നശിപ്പിച്ചത്. ഇതിനു പിന്നാലെ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്. പത്തനംതിട്ട സ്വദേശിയായ സിമി നായർക്കെതിരെയാണ് പൊലീസ് കേസ്.
ഓണാഘോഷത്തിന്റെ ഭാഗമായി തീർത്ത പൂക്കളം നശിപ്പിക്കുന്ന യുവതിയുടെ വീഡിയോ കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്നു. ബെംഗളൂരുവിൽ ഓണാഘോഷത്തിന്റെ ഭാഗമായി മലയാളികൾ തീർത്ത പൂക്കളമാണ് യുവതി നശിപ്പിച്ചത്. ഇതിനു പിന്നാലെ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്. പത്തനംതിട്ട സ്വദേശിയായ സിമി നായർക്കെതിരെയാണ് പൊലീസ് കേസ്. തന്നിസാന്ദ്ര അപ്പാർട്മെന്റ് കോംപ്ലക്സിലെ മലയാളി കൂട്ടായ്മയുടെ പരാതിയിൽ സമ്പിഗെഹള്ളി പൊലീസാണ് കേസെടുത്തത്.
ശനിയാഴ്ച മൊണാർക്ക് സെറിനിറ്റി അപ്പാർട്മെന്റിൽ ഓണാഘോഷത്തിന്റെ ഭാഗമായാണ് കുട്ടികളുടെ നേതൃത്വത്തിൽ പൂക്കളം തീർത്തത്. പുലർച്ചെ നാല് മണിക്കാണ് പൂക്കളം പൂർത്തിയാക്കിയത്. എന്നാൽ ഇതിനു പിന്നാലെ നിമിഷങ്ങൾക്കകം യുവതി പൂക്കളം നശിപ്പിക്കുകയായിരുന്നു. കോമൺ സ്ഥലത്ത് പൂക്കളം ഇട്ടതും ചോദ്യം ചെയ്ത സിമി കാൽ വച്ച് നശിപ്പിക്കുകയായിരുന്നു. ഇവരെ തടയാൻ ശ്രമിച്ചവരെ യുവതി ഭീഷണിപ്പെടുത്തി. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഘർഷത്തെ തുടർന്നു ഓണ സദ്യ പാർക്കിങ് ബേയിലേക്ക് മാറ്റിയതായി അസോസിയേഷൻ വ്യക്തമാക്കി. ഏഴ് വർഷമായി മലയാളി കൂട്ടായ്മ ഓണാഘോഷം നടത്തുന്നുണ്ട്.
ഫ്ലാറ്റിലെ ബൈലോ പ്രകാരം ഇവിടെ പൂക്കളമിടാകാനില്ലെന്നും യുവതി തർക്കിക്കുന്നതും വീഡിയോയിൽ വ്യക്തമായി കാണാം. ‘നിങ്ങള് ആ കാല് അവിടെ നിന്ന് മാറ്റു..പൂക്കളം ഇട്ടിരിക്കുന്നത് നോക്കു..ദയവായി ആ പൂക്കളത്തില്‍ നിന്ന് ഇറങ്ങുവെന്നൊക്കെ പറഞ്ഞ് സ്ത്രിയെ പിന്തിരിപ്പിക്കാൻ അവിടെ കൂടി നിന്നവർ ശ്രമിക്കുന്നുണ്ട്. നിങ്ങളുടെ വീട്ടില്‍ കൊണ്ടുപോയി പൂക്കളം ഇട്, എന്ന രീതിയിലുള്ള വളരെ മോശമായ രീതിയിലുള്ള പ്രതികരണമാണ് യുവതിയുടെ ഭാഗത്ത് നിന്നുണ്ടായത്.
ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വൈറലായിരുന്നു. നിരവധി പേരാണ് യുവതിക്കെതിരെ രംഗത്ത് എത്തിയത്. നല്ല സംസ്കാര സമ്പന്ന, എത്ര കഷ്ടപെട്ടാണ് അത് ഇട്ടത് എന്നോർത്തൂടെ, പൂക്കളം വൈറൽ ആവാൻ സഹായിച്ച ചേച്ചിക്ക് നന്ദി, ഇത്രയും നല്ല പൂക്കളം നശിപ്പിക്കണമെങ്കിൽ എന്ത് മനസാണ് തുടങ്ങി യുവതിക്ക് എതിരായാണ് കമന്റുകൾ മുഴുവൻ.