Pregnant Woman Assaulted: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ ഗർഭിണിക്ക് നേരെ ലൈംഗികാതിക്രമം; നിലവിളിച്ചപ്പോള്‍ ട്രെയിനിൽ നിന്ന് വലിച്ചെറിഞ്ഞു
Pregnant Woman Assaulted in Train: എതിർക്കാൻ ശ്രമിക്കുന്നതിനിടെ യുവതിയെ ട്രെയിനിൽ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു. തമിഴ്നാട്ടിലെ വെല്ലൂരിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ആന്ധ്രപ്രദേശിലെ ചിറ്റൂർ സ്വദേശിയായ 36 കാരിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്.

പ്രതീകാത്മക ചിത്രം
ചെന്നൈ: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ഗർഭിണിയായ യുവതിക്കുന്നേരെ ലൈംഗികാതിക്രമം. എതിർക്കാൻ ശ്രമിക്കുന്നതിനിടെ യുവതിയെ ട്രെയിനിൽ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു. തമിഴ്നാട്ടിലെ വെല്ലൂരിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ആന്ധ്രപ്രദേശിലെ ചിറ്റൂർ സ്വദേശിയായ 36 കാരിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്.
കോയമ്പത്തൂർ തിരുപ്പതി ഇന്റർസിറ്റി എക്സ്പ്രസിലാണ് സംഭവം. ലേഡീസ് കംപാർട്ട്മെന്റിലായിരുന്ന യുവതിയെയാണ് ആക്രമിച്ചതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ലേഡീസ് കംപാർട്ട്മെന്റിൽ തനിച്ചിരിക്കുകയായിരുന്നു യുവതി. ഇവിടെക്കാണ് ഇയാൾ എത്തിയത്. ജോലാർപേട് റെയിൽവേ സ്റ്റേഷനിൽ ഇയാൾ കംപാർട്ട്മെന്റിൽ കയറിയത്. തുടർന്ന് ട്രെയിൻ നീങ്ങി തുടങ്ങിയതോടെ ഇയാൾ യുവതിയെ ശല്യം ചെയ്യാനും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. ഈ സമയത്ത് പ്രതിരോധിക്കാൻ ശ്രമിക്കുകയും പിന്നാലെ ശുചിമുറിയിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ഇതിനിടെ യുവതിയെ യുവാവ് ട്രെയിനിൽ നിന്ന് തള്ളിയിടുകയായിരുന്നു. കെ വി കുപ്പത്തിന് സമീപം വച്ചാണ് ട്രെയിനില്‍ നിന്നും പുറത്തേക്ക് തള്ളിയിട്ടത്.
അപകടത്തിൽ യുവതിയുടെ കൈകാലുകള്‍ ഒടിയുകയും തലയ്ക്ക് സാരമായ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. യുവതി വെല്ലൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ട്രാക്കിന് സമീപത്ത് കിടന്ന യുവതിയെ ഇതുവഴി പോയ ആളുകളാണ് ആശുപത്രിയിലെത്തിച്ചത്.
സംഭവത്തില്‍ ജോലാര്‍പേട്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇതിനു പുറമെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.കെ വി കുപ്പം സ്വദേശിയായ ഹേമാരാജ് എന്നയാളാണ് അറസ്റ്റിലായത്. ഇയാൾ സ്ഥിരം കുറ്റവാളിയാണ്. അടുത്തിടെയാണ് ഇയാൾ കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങിയത്. അതേസമയം സംഭവത്തെ തുടർന്ന് ഡിഎംകെ സര്‍ക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ് പ്രതിപക്ഷം. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്നും, സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സാഹചര്യമാണെന്നും എഐഎഡിഎംകെ ആരോപിച്ചു.