കുണ്ടറ കസ്റ്റഡി മർദ്ദനം , ആരോപണ വിധേയനായ പോലീസുകാരന് സസ്പെൻഷൻ
Kundara Custodial Torture : കുണ്ടറയിൽ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ആരോഗ്യനില മോശമായതിനെ തുടർന്ന് മരിച്ച സംഭവത്തിൽ ആരോപണ വിധേയനായ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. സിവിൽ പോലീസ് ഓഫീസർ ശ്രീജിത്തിനെ ആണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. ബസ് ഡ്രൈവറായ സിയാദ് എന്ന യുവാവാണ് പോലീസ് കസ്റ്റഡിയെ തുടർന്ന് ആരോഗ്യനില മോശമായി ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചത്.
കൊല്ലം : കുണ്ടറയിൽ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ആരോഗ്യനില മോശമായതിനെ തുടർന്ന് മരിച്ച സംഭവത്തിൽ ആരോപണ വിധേയനായ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. സിവിൽ പോലീസ് ഓഫീസർ ശ്രീജിത്തിനെ ആണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. ബസ് ഡ്രൈവറായ സിയാദ് എന്ന യുവാവാണ് പോലീസ് കസ്റ്റഡിയെ തുടർന്ന് ആരോഗ്യനില മോശമായി ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചത്. സംഭവത്തിൽ സിപിഒ ശ്രീജിത്തിനെതിരെ സിയാദിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. സിയാദിന്റെ മരണത്തെ തുടർന്ന് വൻ പ്രതിഷേധമാണ് കുണ്ടറ പോലീസിനെതിരെ ഉയർന്നുവന്നത്.
സിയാദിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടും വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കാതെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത് ചട്ടലംഘനമെന്ന് സസ്പെൻഷൻ ഓർഡറിൽ വ്യക്തമാക്കുന്നു. ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് മേൽ ഉദ്യോഗസ്ഥരെ ധരിപ്പിക്കാനും ഈ ഉദ്യോഗസ്ഥൻ തയ്യാറായില്ല. സിയാദിനെ കസ്റ്റഡിയിൽ എടുക്കുന്ന സമയത്ത് ഒപ്പമുണ്ടായിരുന്ന എസ്.ഐ അതുലിനെതിരെയും വൈകാതെ നടപടി ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.
Also Read : തുലാഭാര ത്രാസ് പൊട്ടിവീണു, വി.മുരളീധരന് പരിക്ക്
അയൽവാസികളായ വിദ്യാർത്ഥികളെ കാണാതായ സംഭവത്തിലാണ് സിയാദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. സിയാദിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴി പോലീസ് ജീപ്പിൽ വച്ച് ക്രൂരമായ മർദ്ദനമേറ്റെന്ന് വിദ്യാർത്ഥികളെ കാണാനില്ലെന്ന പരാതി നൽകിയ പെൺകുട്ടി തന്നെ സ്ഥിരീകരിച്ചിരുന്നു. ഇതോടെ സിയാദിനെ മർദ്ദിച്ചിട്ടില്ല എന്ന പോലീസ് വാദം പൊളിഞ്ഞു.പോലീസ് കസ്റ്റഡിയിൽ സിയാദിന് മർദ്ദനമേറ്റെന്നും കുണ്ടറ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ശ്രീജിത്താണ് മർദ്ദിച്ചത് എന്നും പരാതിക്കാരിയായ പെൺകുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. പോലീസ് ജീപ്പിൽ കയറ്റിയതിന് പിന്നാലെ ആയിരുന്നു മർദ്ദനം. ആ സമയത്ത് താനും ജീപ്പിൽ ഉണ്ടായിരുന്നു എന്ന് പരാതിക്കാരി വെളിപ്പെടുത്തുകയുണ്ടായി. കാണാതായ തന്റെ സഹോദരന്റെ കാര്യം ചോദിച്ചായിരുന്നു മർദ്ദനം. തന്റെ ഒപ്പം ഇരുന്ന ശ്രീജിത്ത് പുറകിലെ സീറ്റിലായിരുന്ന സിയാദിനെ കൈകൊണ്ട് മർദ്ദിക്കുകയായിരുന്നു.
സിയാദിന്റെ അയൽവാസികളും ഏഴാം ക്ലാസ് വിദ്യാർത്ഥികളുമായ രണ്ടു കുട്ടികളെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ജൂൺ 16ന് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. എന്നാൽ പിറ്റേന്ന് കുട്ടികൾ തിരികെ എത്തി. ഇതോടെ സിയാദിനെ വിട്ടയച്ചു. കസ്റ്റഡിക്ക് ശേഷം വീട്ടിലെത്തിയ സിയാദിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടി ഒടുവിൽ ആരോഗ്യ നില കൂടുതൽ വഷളായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇവിടെ ചികിത്സയിലിരിക്കെയാണ് സിയാദ് മരണപ്പെടുന്നത്.
English Summary
A police officer has been suspended in connection with the death of a young man who passed away after his health deteriorated following his detention and subsequent release by the police in Kundara. Civil Police Officer Sreejith has been suspended pending an investigation. The deceased, Siyad a bus driver died yesterday while undergoing treatment after his health worsened following the police custody.