രാഹുൽ ഗാന്ധിയുടെ അകമ്പടി വാഹനങ്ങൾ കൂട്ടിയിടിച്ചു
Rahul Gandhi convoy accident : ഉത്തർപ്രദേശിലെ പൂർവാഞ്ചൽ എക്സ്പ്രസ്വേയിൽ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു. രാഹുൽ ഗാന്ധിയുടെ അകമ്പടി വ്യൂഹത്തിലുണ്ടായിരുന്ന അഞ്ച് വാഹനങ്ങളും ഒരു ആംബുലൻസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. അപകടത്തിൽ രാഹുൽ ഗാന്ധി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Rahul Gandhi
ന്യൂഡല്‍ഹി: ഉത്തർപ്രദേശിലെ പൂർവാഞ്ചൽ എക്സ്പ്രസ്വേയിൽ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു. രാഹുൽ ഗാന്ധിയുടെ അകമ്പടി വ്യൂഹത്തിലുണ്ടായിരുന്ന അഞ്ച് വാഹനങ്ങളും ഒരു ആംബുലൻസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. അപകടത്തിൽ രാഹുൽ ഗാന്ധി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കോൺഗ്രസ് പാർട്ടി പ്രവർത്തകർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർക്കാണ് പരിക്കേറ്റതെന്നാണ് വിവരം. നിലവിൽ ഉത്തർപ്രദേശ് സന്ദർശിക്കുകയാണ് രാഹുൽ ഗാന്ധി. ലഖ്നൗവിൽ നിന്ന് 100 കിലോമീറ്റർ അകലെ ഹലിയാപുരിലാണ് അപകടമുണ്ടായത്. വാഹനവ്യൂഹത്തിന്റെ പിൻഭാഗത്തുണ്ടായിരുന്ന അഞ്ച് വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
സംഭവം ഗുരുതരമല്ലെന്നും ആർക്കും സാരമായ പരിക്കുകളില്ലെന്നും പൊലീസ് വ്യക്തമാക്കി. രാവിലെ 10.15 ഓടെയായിരുന്നു സംഭവം. വാഹനവ്യൂഹത്തിന് മുന്നിലുണ്ടായിരുന്ന പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ സ്വകാര്യ വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടർന്ന് പിന്നിലുണ്ടായിരുന്ന വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഇന്ന് രാവിലെ ലഖ്നൗ വിമാനത്താവളത്തിലിറങ്ങിയ രാഹുൽ ഗാന്ധി, അവിടെ നിന്ന് 135 കിലോമീറ്റർ അകലെയുള്ള സുൽത്താൻപൂരിലേക്ക് തിരിക്കുകയായിരുന്നു. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് 35 കിലോമീറ്റർ അകലെ വെച്ചാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ രാഹുല്‍ ഗാന്ധി സുൽത്താൻപൂരിലേക്കുള്ള യാത്ര പുനരാരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
സുല്‍ത്താന്‍പൂരിലേക്കുള്ള യാത്ര
മാനനഷ്ടക്കേസിലെ വാദം കേൾക്കുന്നതിനാണ് രാഹുല്‍ ഗാന്ധി സുല്‍ത്താന്‍പൂരിലേക്ക് പുറപ്പെട്ടത്. ബിജെപി അധ്യക്ഷനായിരുന്ന കാലത്ത് അമിത് ഷായ്ക്കെതിരെ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന, ആക്ഷേപകരമായ പരാമർശങ്ങളുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിലാണ് അദ്ദേഹം കോടതിയിലേക്ക് പോയത്. കേസില്‍ രാഹുല്‍ ഗാന്ധിയെ കോടതി വെറുതെവിട്ടു.
സുൽത്താൻപൂർ ജില്ലാ സഹകരണ ബാങ്ക് മുൻ ചെയർമാനും ബിജെ.പിനേതാവുമായ വിജയ് മിശ്രയാണ് അമിത് ഷായ്ക്കെതിരായ പരാമർശത്തിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകിയത്. 2018 ഓഗസ്റ്റ് 4-നാണ് അദ്ദേഹം ഈ പരാതി നൽകിയത്.
2018-ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബെംഗളൂരുവിൽ നടന്ന പ്രചാരണ റാലിക്കിടെയായിരുന്നു വിവാദമായ പരാമർശങ്ങൾ നടത്തിയത്. കോടതി നടപടികളുടെ പശ്ചാത്തലത്തിൽ സുൽത്താൻപൂരിൽ, പ്രത്യേകിച്ച് കോടതി സമുച്ചയത്തിന് ചുറ്റും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിരുന്നു. രാവിലെ ലഖ്നൗവിലെ ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരും പ്രാദേശിക പാർട്ടി നേതാക്കളും തടിച്ചുകൂടിയിരുന്നു.
English Summary
Congress MP Rahul Gandhi was unharmed after five vehicles in his convoy collided with an ambulance on the Purvanchal Expressway. The accident occurred in Uttar Pradesh while Gandhi was traveling from Lucknow to a court in Sultanpur. Several party workers and security personnel sustained minor injuries when a front vehicle suddenly braked.