Russian Woman Living In Cave: റഷ്യൻ യുവതി രണ്ടു പെൺമക്കളുമായി താമസിക്കുന്നത് കർണാടകയിലെ ഗുഹയിൽ; ഒടുവിൽ കണ്ടെത്തി, കാരണം ഇതാണ്
Russian Woman and Daughters Found Living in a Cave: മലയിടിച്ചിലുണ്ടാകാൻ സാധ്യതയുള്ള അപകടമേഖലയിലെ ഗുഹയിലാണ് ഇവർ താമസിച്ചിരുന്നത്. തീർഥാടന മേഖലയായ ഇവിടെ ധ്യാനത്തിലിരിക്കുകയായിരുന്നു എന്നാണ് യുവതിയുടെ മൊഴി.
ഗോവ: റഷ്യൻ യുവതിയും രണ്ടു പെൺമക്കളും കർണാടകയിലെ ഗോകർണയിലെ ഗുഹയിൽ കഴിഞ്ഞതായി കണ്ടെത്തി. ഗോകർണിയിലെ രാമതീർഥ മലയിലുള്ള അപകടകരമായ ഗുഹയിലാണ് ഇവർ കഴിഞ്ഞിരുന്നത്. ബുധനാഴ്ച വൈകീട്ട് രാമതീർഥ മലയിൽ പട്രോളിങ് നടത്തുന്നതിനിടെ ഗോകർണ പോലീസാണ് യുവതിയെയും കുട്ടികളെയും കണ്ടെത്തിയത്. ഇവിടെയെത്തുന്ന യാത്രികർക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി പട്രോളിങ്ങിന് എത്തിയ പോലീസ് ഗുഹയിൽ ഒരു ചലനം ശ്രദ്ധിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരെ കണ്ടെത്തുകയായിരുന്നു.
മലയിടിച്ചിലുണ്ടാകാൻ സാധ്യതയുള്ള അപകടമേഖലയിലെ ഗുഹയിലാണ് ഇവർ താമസിച്ചിരുന്നത്. തീർഥാടന മേഖലയായ ഇവിടെ ധ്യാനത്തിലിരിക്കുകയായിരുന്നു എന്നാണ് യുവതിയുടെ മൊഴി. റഷ്യക്കാരിയായ നിനാ കൂടിന (40), ഏഴു മാസം പ്രായമായ മകൾ പ്രേമ, നാല് വയസ്സുകാരി അമ എന്നിവരാണ് ഗുഹയിൽ കഴിഞ്ഞിരുന്നത്. ഗോവയിൽ നിന്ന് ഗോകർണയിലെത്തിയ ഇവർ, നഗരത്തിലെ ബഹളത്തിൽ നിന്ന് മാറി ഏകാന്തത തേടിയാണ് ഇവിടേക്ക് എത്തിയതെന്നും ധ്യാനമായിരുന്നു ലക്ഷ്യമെന്നും ഇവർ പോലീസിനോട് പറഞ്ഞു. എന്നാൽ, സംഭവത്തിൽ ചില ദുരൂഹതകൾ ഉള്ളതായി കരുതുന്നു.
കഴിഞ്ഞ വർഷം, രാമതീർത്ഥ മലനിരയിൽ മണ്ണിടിച്ചിലുണ്ടായിരുന്നു. വിഷപ്പാമ്പുകൾ ഉൾപ്പെടെയുള്ള വന്യജീവികൾ ഇവിടെ ഉണ്ട്. ഇത്തരം അപകടങ്ങൾ കൂടി കണക്കിലെടുത്താണ് കൗൺസലിങ് നൽകിയ ശേഷം അവരെ ഇവിടെ നിന്നും പോലീസ് മാറ്റി പാർപ്പിച്ചത്. ഇവരുടെ ആഗ്രഹപ്രകാരം അടുത്തുള്ള ബങ്കികോട്ലയിലുള്ള സ്വാമിനി യോഗരത്ന സരസ്വതിയുടെ ആശ്രമത്തിലേക്കാണ് എത്തിച്ചത്.
ALSO READ: ഐഐഎമ്മിലെ ബോയ്സ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി പീഡനത്തിനിരയായി; രണ്ടാം വർഷ വിദ്യാർത്ഥി അറസ്റ്റിൽ
എന്നാൽ, ഇവരുടെ പാസ്പോർട്ട് പരിശോധിച്ചപ്പോൾ ഇവർ 2017ലാണ് ബിസിനസ് വിസയിൽ ഇന്ത്യയിൽ എത്തിയതെന്ന് പോലീസ് കണ്ടെത്തി. 2018 ഏപ്രിലിൽ തിരിച്ചുപോകാനുള്ള അനുമതി ലഭിച്ച ഇവർ അന്ന് നേപ്പാളിലേക്കു പോയശേഷം 2018 സെപ്റ്റംബറിൽ വീണ്ടും ഇന്ത്യയിൽ തിരിച്ചെത്തി. ഇന്ത്യയിൽ കഴിയാൻ നിയമപരമായി അനുമതി ഇല്ലാത്ത ഇവർ ഇവിടെ ഒളിച്ച് കഴിയുകയായിരുന്നു.
ഇത് കണ്ടെത്തിയതോടെ പോലീസ് ഇവരെ കർവാറിലുള്ള കർണാടക വനിതാ-ശിശു വികസന വകുപ്പിൻ്റെ വിമൻസ് റിസപ്ഷൻ സെൻ്ററിലേക്ക് മാറ്റി. അനധികൃതമായാണ് ഇവർ രാജ്യത്ത് താമസിക്കുന്നതെന്നതിനാൽ കർണാടക പോലീസ് ഫെറോ അധികൃതരുമായി ബന്ധപ്പെട്ടു. ഇവരെ തിരികെ റഷ്യയിലേക്ക് അയയ്ക്കാനാണ് ശ്രമം. ഇതിനായി ഇവരെ ഫെറോയുടെ മുന്നിൽ ഹാജരാക്കും.