പ്രണയിനിയെ മർദ്ദിച്ച് കൊലപ്പെടുത്തി; രാത്രി മുഴുവൻ മൃതദേഹത്തിനരികിൽ ഇരുന്ന് യുവാവ്
Pune Crime: Techie Kicks and Punches Partner to Death: മഹാരാഷ്ട്രയിലെ വർധ സ്വദേശിനിയായ കോമളും ബുൽധാന സ്വദേശിയായ ശുഭവും കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധം ഇരുവീട്ടുകാർക്കും അറിയാമായിരുന്നു. വിവാഹത്തിന് കുടുംബാംഗങ്ങൾ സമ്മതം നൽകിയതോടെ, ഉടൻ തന്നെ വിവാഹിതരാകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇരുവരും
പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ യുവതിയെ പങ്കാളി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. പൂനെയിലെ ഹിഞ്ജേവാഡിയിലാണ് സംഭവം നടന്നത്. വിപ്രോയിലെ ജീവനക്കാരിയായ കോമൾ ദഹാലെ (27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇൻഫോസിസ് ജീവനക്കാരനായ പങ്കാളി ശുഭം ജ്ഞാനേശ്വർ കൽബണ്ടെയെ ഹിഞ്ജേവാഡി പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം രാത്രി മുഴുവൻ യുവതിയുടെ മൃതദേഹത്തിന് അരികിലിരുന്ന പ്രതി, രാവിലെ സ്വയം പോലീസിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.
മഹാരാഷ്ട്രയിലെ വർധ സ്വദേശിനിയായ കോമളും ബുൽധാന സ്വദേശിയായ ശുഭവും കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധം ഇരുവീട്ടുകാർക്കും അറിയാമായിരുന്നു. വിവാഹത്തിന് കുടുംബാംഗങ്ങൾ സമ്മതം നൽകിയതോടെ, ഉടൻ തന്നെ വിവാഹിതരാകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇരുവരും. എന്നാൽ അടുത്തിടെയായി ഇവരുടെ ബന്ധത്തിൽ വിള്ളലുകൾ വീണിരുന്നു. ശുഭത്തിന് മറ്റൊരു ബന്ധമുണ്ടെന്നും തന്നെ വഞ്ചിക്കുകയാണെന്നും കോമൾ സംശയിച്ചിരുന്നതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ഈ സംശയത്തെച്ചൊല്ലി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു.
ഞായറാഴ്ച രാത്രി ഹിഞ്ജേവാഡിയിൽ കോമൾ താമസിച്ചിരുന്ന പി.ജിയിൽ വെച്ചാണ് ദാരുണമായ സംഭവം അരങ്ങേറിയത്. തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ഇരുവരും തമ്മിൽ വീണ്ടും രൂക്ഷമായ തർക്കമുണ്ടായി. വാക്കുതർക്കത്തിനിടെ നിയന്ത്രണം വിട്ട ശുഭം കോമളിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. യുവതിയുടെ തലയിലും കഴുത്തിലും ഇയാൾ തുടർച്ചയായി ഇടിക്കുകയും ചവിട്ടുകയും ചെയ്തു. മർദ്ദനത്തിനൊടുവിൽ കോമൾ മരണത്തിന് കീഴടങ്ങി.
യുവതി മരിച്ചതിന് പിന്നാലെ ശുഭം അവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചില്ല. രാത്രി മുഴുവൻ കോമളിൻ്റെ മൃതദേഹത്തിന് അരികിൽ തന്നെ ഇരുന്ന പ്രതി, രാവിലെ പോലീസിനെ ഫോണിൽ വിളിച്ച് താൻ ചെയ്ത കുറ്റം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസ് കോമളിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, അപ്പോഴേക്കും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ ശുഭത്തെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഹിഞ്ജേവാഡി പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
English Summary
Infosys engineer Shubham Kalbande allegedly beat Wipro techie partner Komal Dahale to death in Pune’s Hinjewadi over an affair row, sat beside her body overnight, and informed police.