Cuddalore Bus Accident: സ്കൂൾ ബസിൽ ട്രെയിനിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു
പരിക്കേറ്റവരുടെ കൃത്യമായ എണ്ണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല, അന്വേഷണം പുരോഗമിക്കുകയാണ്. മരണ സംഖ്യ ഉയർന്നേക്കാമെന്നാണ് വിവരം.

അപകടത്തിൽ തകർന്ന ബസ്
കടലൂർ: തമിഴ്നാട്ടിലെ കടലൂരിൽ സ്കൂൾ ബസിൽ ട്രെയിനിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുകയായിരുന്ന സ്കൂൾ ബസിൽ വില്ലുപുരം മയിലാടുതുറൈ എക്സ്പ്രസ് ട്രെയിൻ ഇടിക്കുകയായിരുന്നു. പരിക്കേറ്റ നിരവധി വിദ്യാർത്ഥികളെ കടലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ കൃത്യമായ എണ്ണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല, അന്വേഷണം പുരോഗമിക്കുകയാണ്.
കടലൂർ ജില്ലയിലെ ചെമ്മങ്കുപ്പം പ്രദേശത്തെ ആളില്ലാ റെയിൽവേ ക്രോസിലാണ് സംഭവം. 50 മീറ്റർ ദൂരം വരെ ട്രെയിൻ ബസിനെ വലിച്ചിഴച്ചതായി ദൃക്‌സാക്ഷികൾ പറയുന്നു. അപകടസ്ഥലത്ത് സ്കൂൾ ബാഗുകളും ശരീരഭാഗങ്ങളും ചിതറിക്കിടക്കുന്ന കാഴ്ചയായിരുന്നെന്ന് ആളുകൾ പറയുന്നു. ബസിലുണ്ടായിരുന്നത് ആറ് പേരായിരുന്നുവെന്നാണ് വിവരം. ഇതിൽ ഡ്രൈവറും, സഹായിയും. ഉൾപ്പെടുന്നു.
ഗേറ്റ് കീപ്പർ ഇല്ല
അപകടത്തിൽ ഗേറ്റ്കീപ്പറാണ് ഉത്തരവാദിയെന്ന് പൊതുജനങ്ങൾ ആരോപിക്കുന്നു. ഗേറ്റ് അടയ്ക്കാതെ ഗേറ്റ്കീപ്പർ ഉറങ്ങിപ്പോയതാണെന്നും, ഗേറ്റ് അടയ്ക്കാത്തതാണ് ഇതിന് പ്രധാന കാരണമെന്നും പറയപ്പെടുന്നു. പ്രകോപിതരായ ജനങ്ങൾ ഗേറ്റ്കീപ്പറെ മർദ്ദിച്ചതായും റിപ്പോർട്ടുകളുണ്ട്.