Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Tirupati Laddu CBI Report: തിരുപ്പതി ലഡ്ഡു ഉണ്ടാക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ലെന്ന് സിബിഐ. കൃത്രിമ നെയ്യ് ആണ് ലഡ്ഡു ഉണ്ടാക്കാൻ ഉപയോഗിച്ചതെന്നും സിബിഐ പറയുന്നു.
തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡു ഉണ്ടാക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ലെന്ന് സിബിഐ കണ്ടെത്തൽ. ലഡ്ഡു നിർമ്മാണത്തിൽ ബീഫ് കൊഴുപ്പോ പന്നിക്കൊഴുപ്പോ ഉപയോഗിച്ചിട്ടില്ലെന്നും കൃത്രിമ നെയ്യ് ആണ് ആണ് ഉപയോഗിച്ചതെന്നും ലഡ്ഡു കുംഭകോണം അന്വേഷിക്കുന്ന സിബിഐ പറയുന്നു. തിരുമല ക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദമാങ്ങൾക്ക് ഇതോടെ ഒരു പരിധിവരെ അവസാനമാവുകയാണ്.
ലഡ്ഡു തയ്യാറാക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ മായം ചേർത്തിട്ടുണ്ടെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. ഇതിൽ സിബിഐ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചു. ഉത്തരാഖണ്ഡിലെ ബോലേ ബാബ ഡയറി ഒന്നാം പ്രതിയായാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
ലഡ്ഡു കുംഭകോണത്തിൽ നടന്നത് 250 കോടി രൂപയുടെ അഴിമതിയാണെന്ന് കുറ്റപത്രത്തിൽ സിബിഐ പറയുന്നു. 15 മാസം നീണ്ട അന്വേഷണത്തിന് ശേഷമാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. ഇതിനിടെ ലഡ്ഡു നിർമ്മാണത്തിന് ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പ് ചേർത്തിട്ടുണ്ടാവാമെന്ന ആരോപണവും ഉയർന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവും ഉപമുഖ്യമന്ത്രി പവന്‍ കല്യാണുമാണ് ഈ ആരോപണം ഉയർത്തിയത്. സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചർച്ചകൾക്കും ഈ ആരോപണം വഴിവച്ചു. എന്നാൽ, ഈ ആരോപണം ശരിയല്ലെന്നാണ് സിബിഐ കണ്ടെത്തൽ.
2019നും 2024നും ഇടയിൽ വിതരണം ചെയ്ത നെയ്യിൽ മൃഗക്കൊഴുപ്പില്ലെന്ന് സിബിഐ പറയുന്നു. ഇക്കാലയളവിൽ 250 കോടിയോളം വിലവരുന്ന 68 ലക്ഷം കിലോ കൃത്രിമ നെയ്യാണ് ക്ഷേത്രത്തിൽ വാങ്ങിയത്. തനത് രീതിയിൽ ഉത്പാദിപ്പിക്കപ്പെട്ട നെയ്യല്ല ലഡ്ഡു നിർമ്മാണത്തിന് ഉപയോഗിച്ചത്. പാം ഓയിലും മറ്റ് ജൈവ എണ്ണകളും ചില രാസപദാർത്ഥങ്ങളും ചേർത്തുണ്ടാക്കിയ കൃത്രിമ നെയ്യ് ആണ് ലഡ്ഡു നിർമ്മാണത്തിനായി ഉപയോഗിച്ചത്. പശുവിൻ നെയ്യിന് സമാനമായ നിറവും മണവും ലഭിക്കാനായി ഈ നെയ്യിൽ ചില കൃത്രിമ ചേരുവകളും ഉപയോഗിച്ചു.