Sadhvi Prem Baisa: “ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത നീതി മരണശേഷം ലഭിക്കട്ടെ’; മരിച്ച് മണിക്കൂറുകൾക്ക് ശേഷം പോസ്റ്റ്, സാധ്വി പ്രേം ബൈസയുടെ മരണത്തിൽ ദുരൂഹത
Sadhvi Prem Baisa Death Mystery: സാധ്വി മരിച്ച് മണിക്കൂറുകൾ പിന്നിടുമ്പോൾ അവരുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട വിടവാങ്ങൽ കുറിപ്പാണ് ഇപ്പോൾ ദുരൂഹതകൾ അഴിച്ചുവിടുന്നത്. താൻ ഈ ലോകത്തോട് എന്നെന്നേക്കുമായി വിടപറയുകയാണെന്ന പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്.
ജോധ്പൂർ: രാജസ്ഥാനിലെ പ്രശസ്ത ആത്മീയനേതാവും യുവസന്യാസിനിയുമായ സാധ്വി പ്രേം ബൈസയുടെ (25) മരണത്തിൽ നിഗൂഢതകൾ ഉയരുന്നു. വെള്ളിയാഴ്ച വൈകുന്നേരം ബോധരഹിതയായ നിലയിൽ പിതാവും സഹായിയും ചേർന്ന് ജോധ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും, മിനിറ്റുകൾക്ക് മുൻപേ മരണം സംഭവിച്ചുവെന്ന ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെ വലിയ വിവാദങ്ങളാണ് ഉയരുന്നത്. ജോധ്പൂർ ആരതിനഗർ ആശ്രമത്തിലെ അന്തേവാസിയായ സാധ്വിയുടെ മരണം ആത്മഹത്യയോ അതോ മറ്റെന്തെങ്കിലുമാണോ എന്നതാണ് പോലീസിൻ്റെ സംശയം.
സാധ്വി മരിച്ച് മണിക്കൂറുകൾ പിന്നിടുമ്പോൾ അവരുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട വിടവാങ്ങൽ കുറിപ്പാണ് ഇപ്പോൾ ദുരൂഹതകൾ അഴിച്ചുവിടുന്നത്. താൻ ഈ ലോകത്തോട് എന്നെന്നേക്കുമായി വിടപറയുകയാണെന്ന പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്. “ജീവിച്ചിരുന്നപ്പോൾ എനിക്ക് നീതി ലഭിച്ചില്ല, എന്നാൽ എൻ്റെ മരണശേഷം തീർച്ചയായും എനിക്ക് നീതി ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു” എന്ന സാധ്വിയുടെ വാക്കുകൾ ഭക്തരെയും പോലീസിനെയും ഒരുപോലെ സംശയത്തിലേക്ക് എത്തിക്കുന്നത്.
ALSO READ: ചെന്നൈയിൽ കോളേജ് കാമ്പസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി; കാന്റീൻ ഉടമ ഉൾപ്പടെ 3 പേർ പിടിയിൽ
മരണത്തിന് മണിക്കൂറുകൾക്ക് ശേഷം എങ്ങനെ ഇത്തരമൊരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടു എന്നത് കേസിൽ വൻ ഗൂഢാലോചനയുണ്ടെന്ന സംശയത്തിന് ബലം നൽകുകയാണ്. തന്റെ മകൾ മരിക്കുമെന്ന് ഉറപ്പായപ്പോൾ ആരോടും ഒന്നും പറയാതെ അവൾ തന്നെ തയ്യാറാക്കി വെച്ചതാണ് ഇതെന്നാണ് പിതാവ് വീരം നാഥ് പോലീസിന് നൽകിയ മൊഴി. എന്നാൽ പോലീസ് ഇത് പൂർണ്ണമായി വിശ്വസിച്ചിട്ടില്ല.
മൊബൈൽ ഫോൺ ലൊക്കേഷനും പോസ്റ്റ് ചെയ്ത ഐപി അഡ്രസ്സും കേന്ദ്രീകരിച്ച് സൈബർ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. മരണത്തിന് തൊട്ടുമുൻപ് സാധ്വിക്ക് നൽകിയ ഇഞ്ചക്ഷനും, ഈ സോഷ്യൽ മീഡിയ പോസ്റ്റും തമ്മിൽ ബന്ധമുണ്ടോ എന്നാണ് പോലീസ് നിലവിൽ പരിശോധിക്കുന്നത്. പോസ്റ്റ് മുൻകൂട്ടി ഷെഡ്യൂൾ ചെയ്ത് പ്രസിദ്ധീകരിച്ചതാണോ മാറ്റാരെങ്കിലും പിന്നീട് ചെയ്തതാണോ എന്നും സംശയിക്കുന്നുണ്ട്.