സുഹൃത്തിനെ ലക്ഷ്യമിട്ടെന്നത് കഥ, പ്രതികൾ ലക്ഷ്യമിട്ടത് അഭിരാമിനെ തന്നെ; നിർണായക വിവരങ്ങൾ പുറത്ത്
Abhiram Murder Case: അഭിരാമിന്റെ സുഹൃത്തിനെ സ്ഥലത്തെത്തിച്ച് കൊലപ്പെടുത്താനാണ് അഭിരാമിനെ വിളിച്ചുവരുത്തിയതെന്ന് പ്രതികൾ മുൻപ് മൊഴി നൽകിയിരുന്നെങ്കിലും അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമമായിരുന്നു ഇതെന്നാണ് പോലീസിന്റെ നിഗമനം. കേസിൽ ഒന്നാം പ്രതിയായ 17 വയസുകാരനെയും രണ്ടാം പ്രതിയായ ഉമർ മുഫ്തറിന്റെ പെൺസുഹൃത്തിനെയും ഇന്ന് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണസംഘം അറിയിച്ചു.

Abhiram Murder Case
തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർഥി അഭിരാമിനെ (17) കൊലപ്പെടുത്തിയ കേസിൽ പ്രതികൾ ലക്ഷ്യമിട്ടത് അഭിരാമിന്റെ സുഹൃത്തിനെയല്ല, അഭിരാമിനെ തന്നെയായിരുന്നു എന്ന നിർണായക വിവരം പുറത്ത്. പ്രതികളുടെ ചോദ്യംചെയ്യലിലും തെളിവെടുപ്പിലുമാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്. അഭിരാമിന്റെ സുഹൃത്തിനെ സ്ഥലത്തെത്തിച്ച് കൊലപ്പെടുത്താനാണ് അഭിരാമിനെ വിളിച്ചുവരുത്തിയതെന്ന് പ്രതികൾ മുൻപ് മൊഴി നൽകിയിരുന്നെങ്കിലും അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമമായിരുന്നു ഇതെന്നാണ് പോലീസിന്റെ നിഗമനം. കേസിൽ ഒന്നാം പ്രതിയായ 17 വയസുകാരനെയും രണ്ടാം പ്രതിയായ ഉമർ മുഫ്തറിന്റെ പെൺസുഹൃത്തിനെയും ഇന്ന് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണസംഘം അറിയിച്ചു.
ഒന്നാം പ്രതിയായ 17 വയസുകാരന്റെ പെൺസുഹൃത്തും കേസിലെ പ്രതിയുമായ ആനന്ദയുടെ ഫോണിൽനിന്ന് ഇൻസ്റ്റാഗ്രാം വഴി ചാറ്റ് ചെയ്ത ശേഷം പാങ്ങപ്പാറ പേരൂരിലെ വാഴത്തോപ്പിലേക്കാണ് അഭിരാമിനെ എത്തിച്ചത്. ഒന്നാം പ്രതി അഭിരാമിനൊപ്പം പാങ്ങപ്പാറ ഭാഗത്തുനിന്നുള്ള വഴിയിലൂടെയും രണ്ടാം പ്രതി ഉമർ ഗാന്ധിപുരത്തുനിന്നുള്ള വഴിയിലൂടെ ഒറ്റയ്ക്കുമാണ് സംഭവസ്ഥലത്ത് എത്തിയത്.
ALSO READ: കൊച്ചിയിലെ ലൈംഗിക അതിക്രമ പരാതി: ഒളിവിൽ പോയ ഡോക്ടർ ജോൺസൺ ജെ വർഗീസിനെ കണ്ടെത്താനാകാതെ പോലീസ്
വാഴത്തോപ്പിൽ വച്ചുണ്ടായ വാക്കുതർക്കത്തിനൊടുവിൽ കൊലപാതകം നടത്തിയെന്നാണ് മൊഴി. വളരെ ആസൂത്രണത്തോടെയാണ് പ്രതികൾ കൊലപാതകം നടത്തിയിരിക്കുന്നത്. കേസിന്റെ തുടക്കം മുതൽ പരസ്പരവിരുദ്ധമായ മൊഴികൾ നൽകി പോലീസിനെ കുഴക്കുന്ന പ്രതികളുടെ നീക്കം ഇതിന്റെ സൂചനയാണ്. നിര്‍ണായകമായ ഡിജിറ്റല്‍ തെളിവുകൾ കണ്ടെത്താനാകാത്തത് പോലീസിനും തിരിച്ചടിയാണ്. അഭിരാമിന് ഫോണിൽ സന്ദേശമയച്ചാണ് പ്രതികള്‍ വിളിച്ചുവരുത്തിയത്. ഇത് തെളിയിക്കാൻ അഭിരാമിന്റെ ഫോൺ കണ്ടെത്തേണ്ടതുണ്ട്.
കഴിഞ്ഞ ദിവസം രണ്ടാം പ്രതി ഉമറുമായി പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. സംഭവസ്ഥലത്ത് വന്നിട്ടില്ല. കൊല്ലപ്പെട്ട അഭിരാമിനെ തനിക്ക് അറിയില്ല, ഒന്നാം പ്രതിയായ പതിനേഴുകാരനെ അറിയാം എന്നാണ് തെളിവെടുപ്പിനിടെ ഉമർ മാധ്യമങ്ങളോടു പറഞ്ഞത്. തന്റെ ഫോൺരേഖകൾ പരിശോധിക്കണമെന്നും ഉമർ ആവശ്യപ്പെട്ടു. അതേസമയം, പ്രതിയുടെ അവകാശവാദങ്ങൾ പോലീസ് പൂർണമായും തള്ളി.
കേസിൽ ഇതുവരെ നാല് പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി ഇന്ന് ഒന്നാം പ്രതിയെയും മറ്റൊരു പ്രതിയായ ഐശ്വര്യയെയും കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്തുമെന്നാണ് അന്വേഷണസംഘം അറിയിച്ചിരിക്കുന്നത്. ഗാന്ധിപുരത്തുനിന്ന് കൊലപാതകം നടന്ന സ്ഥലത്തേക്ക് പ്രതികൾ സഞ്ചരിച്ച വഴിയിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ഇതിനകം പോലീസിന് ലഭിച്ചിട്ടുണ്ട്.
English Summary
In the case involving the murder of 17-year-old Plus One student Abhiram at Pangappara, Sreekaryam, a crucial detail has emerged: the accused had targeted Abhiram himself, not his friend. This significant information came to light during the interrogation of the accused and the evidence-gathering process.