സ്വാശ്രയ കോഴ്‌സുകളുടെ എൻഒസി: സങ്കുചിത രാഷ്ട്രീയ അജണ്ടകൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് റോജി എം. ജോൺ
Minister Roji M. John Responds to Self-Financing Course NOC : ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് തീരുമാനത്തിൽ നിന്ന് സർക്കാരും താനും പിന്നോട്ടില്ലെന്ന വ്യക്തമായ സൂചന റോജി എം. ജോൺ നൽകിയിരിക്കുന്നത്. കേരളത്തിലെ ആർട്സ് & സയൻസ് കോളേജുകളിൽ പതിനായിരക്കണക്കിന് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു എന്നും നമ്മുടെ കുട്ടികൾ ഉന്നതപഠനത്തിനായി വിദേശ രാജ്യങ്ങളിലേക്കും അന്യസംസ്ഥാനങ്ങളിലേക്കും കൂട്ടത്തോടെ ചേക്കേറുന്നു എന്നും വെറുതെ പരിതപിച്ചിട്ട് ഒരു കാര്യവുമില്ലെന്നും കാലത്തിന് അനുസരിച്ച് മാറ്റങ്ങൾ ഇവിടെ കൊണ്ടുവരാൻ നമുക്ക് സാധിക്കണം എന്നും മന്ത്രി പറയുന്നു.
കൊച്ചി: എയ്ഡഡ് – സ്വാശ്രയ സ്വയംഭരണ കോളേജുകളിലെ പുതിയ കോഴ്സുകളുമായി ബന്ധപ്പെട്ട എൻ.ഒ.സി വിഷയത്തിൽ നിലപാട് കടുപ്പിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ. കാലഹരണപ്പെട്ട ശാഠ്യങ്ങൾക്കും സങ്കുചിത രാഷ്ട്രീയ അജണ്ടകൾക്കും മുന്നിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മുട്ടുമടക്കില്ല എന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. പുതിയ സ്വാശ്രയ കോഴ്‌സുകൾ ആരംഭിക്കുന്നതിനും സീറ്റ് വർദ്ധിപ്പിക്കുന്നതിനും സർക്കാരിന്റെ മുൻകൂർ അനുമതി (എൻ ഒ സി) ഒഴിവാക്കിയ തീരുമാനത്തിൽ പ്രതിപക്ഷ വിമർശനം ശക്തമാകുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം വന്നിരിക്കുന്നത്.
ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് തീരുമാനത്തിൽ നിന്ന് സർക്കാരും താനും പിന്നോട്ടില്ലെന്ന വ്യക്തമായ സൂചന റോജി എം. ജോൺ നൽകിയിരിക്കുന്നത്. കേരളത്തിലെ ആർട്സ് & സയൻസ് കോളേജുകളിൽ പതിനായിരക്കണക്കിന് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു എന്നും നമ്മുടെ കുട്ടികൾ ഉന്നതപഠനത്തിനായി വിദേശ രാജ്യങ്ങളിലേക്കും അന്യസംസ്ഥാനങ്ങളിലേക്കും കൂട്ടത്തോടെ ചേക്കേറുന്നു എന്നും വെറുതെ പരിതപിച്ചിട്ട് ഒരു കാര്യവുമില്ലെന്നും കാലത്തിന് അനുസരിച്ച് മാറ്റങ്ങൾ ഇവിടെ കൊണ്ടുവരാൻ നമുക്ക് സാധിക്കണം എന്നും മന്ത്രി പറയുന്നു. എ.ഐയും ഡാറ്റാ സയൻസും ഉൾപ്പെടെയുള്ള ഫ്യൂച്ചർ ടെക്നോളജിയുടെ ഈ ലോകത്ത്, നമ്മുടെ യുവതലമുറയെ ഇവിടെത്തന്നെ നിലനിർത്തണമെങ്കിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള നൂതന കോഴ്സുകളും സിലബസുകളും ആധുനിക അടിസ്ഥാന സൗകര്യങ്ങളും നമ്മുടെ നാട്ടിൽ തന്നെ സൃഷ്ടിക്കപ്പെടേണ്ടത് ആവശ്യമാണ്.
Also Read: പുതിയ മദ്യനയം വരും, എന്നിട്ട് മതി ബാറുകൾക്ക് ലൈസൻസ്; ഉത്തരവിറങ്ങി
സ്വാശ്രയ കച്ചവടം എന്ന വിമർശനത്തെയും മന്ത്രി ശക്തമായ ഭാഷയിൽ തള്ളുകയാണ്. സ്വാശ്രയമെന്നും അക്കാദമിക് സ്വയംഭരണമെന്നും കേൾക്കുമ്പോൾ തന്നെ കച്ചവടമെന്ന് ദുർവ്യാഖ്യാനിക്കുന്ന, കാലം ആവശ്യപ്പെടുന്ന ക്രിയാത്മകമായ പരിഷ്കാരങ്ങളെ കണ്ണടച്ച് എതിർക്കുന്ന പഴകിപ്പുളിച്ച പിന്തിരിപ്പൻ രാഷ്ട്രീയത്തിന് മുന്നിൽ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ ഭാവിയെ പണയം വെക്കാനാവില്ലെന്നാണ് ആ ആരോപണത്തിന് മറുപടിയെന്നോണം മന്ത്രി പറയുന്നത്. പോസ്റ്റിൽ ഇടതുപക്ഷത്തിന്റെയും സിപിമ്മിന്റെയും സ്വാശ്രയ വിഷയത്തിലെ സമീപനത്തെയും റോജി എം. ജോൺ ചോദ്യം ചെയ്യുന്നുണ്ട്. സ്വാശ്രയ വിദ്യാഭ്യാസത്തിനെതിരെ സമരം നയിച്ച്, 5 ചെറുപ്പക്കാരെ രക്തസാക്ഷികളാക്കി ഭരണകൂട ഭീകരതയുടെ പേരുപറഞ്ഞ് തെരുവിൽ ചോരപ്പുഴ ഒഴുക്കിയവർ, അതേ പരിയാരം മെഡിക്കൽ കോളേജിന്റെ ഭരണം പിന്നീട് അഭിമാനത്തോടെ ഏറ്റെടുത്തു എന്ന് മന്ത്രി പോസ്റ്റിൽ ഓർമ്മിപ്പിക്കുന്നു.
അതേ സമയം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സർക്കാരിന്റെ പുതിയ നീക്കത്തെ എതിർത്ത് രംഗത്തെത്തി. സർക്കാർ തലത്തിലുള്ള കർശന പരിശോധനയും നിയന്ത്രണവും ഉറപ്പുവരുത്തുന്ന വ്യവസ്ഥ നിലനിൽക്കെ, മാനേജ്‌മെന്റുകളുടെ വഴിവിട്ട സമ്മർദ്ദങ്ങൾക്ക് വഴങ്ങി സർക്കാർ അതിൽ അട്ടിമറി നടത്തിയിരിക്കുകയാണ് എന്നാണ് പിണറായി വിജയൻ ആരോപിക്കുന്നത്.
English Summary
Higher Education Minister Roji M. John has taken a firm stance regarding the issuance of No Objection Certificates (NOCs) for new courses in aided and self-financing autonomous colleges. The Minister has made it clear that the Higher Education Department will not bow down to outdated, obstinate demands or narrow political agendas.