പ്രായത്തിന്റെ ഇളവ് ഇല്ല; അഭിറാം കൊലക്കേസിൽ ഒന്നാം പ്രതിയായ 17 വയസുകാരന്റെ ജാമ്യാപേക്ഷ തള്ളി
Abhiram murder case: അഭിറാം കൊലക്കേസിലെ പ്രായപൂർത്തിയാകാത്ത ഒന്നാം പ്രതിയുടെ മാനസികനില വിശദമായി പരിശോധിക്കുന്നതിനായി കോടതി പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അയച്ചിരുന്നു. അവിടെ നടന്ന പരിശോധനകൾക്കും കൗൺസിലിംഗിനും ശേഷം ഡോക്ടർമാരുടെ സംഘം ബോർഡിന് റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ട് പ്രതിയുടെ ജാമ്യാപേക്ഷ തള്ളുന്നതിൽ നിർണായക പങ്കുവഹിച്ചു.

Abhiram Murder Case Bail Plea Of 17 Year Old Prime Accused Rejected
തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറ അഭിരാം (17) വധക്കേസിലെ ഒന്നാം പ്രതിയായ 17 വയസുകാരന് പ്രായത്തിന്റെ ഇളവിന് അർഹതയില്ലെന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ വിലയിരുത്തൽ. ജാമ്യാപേക്ഷയ്ക്കായി പ്രതി സമർപ്പിച്ച അപേക്ഷ ജുവനൈൽ ജസ്റ്റിസ് ബോർഡ് തള്ളി. പ്രായപൂർത്തിയായ ഒരു കുറ്റവാളിയുടേതിന് സമാനമാണ് പ്രതിയുടെ മാനസികാവസ്ഥ എന്ന കൗൺസിലിങ് റിപ്പോർട്ട് പരിഗണിച്ചാണ് ജാമ്യാപേക്ഷ തള്ളിയിരിക്കുന്നത്. പ്രതിക്ക് വിചാരണ നേരിടുന്നതിന് യാതൊരുവിധ മാനസിക തടസ്സങ്ങളുമില്ലെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. സംസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത പ്രതികൾ ഉൾപ്പെട്ട കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, പ്രായപൂർത്തിയായ ഒരു കുറ്റവാളിയുടേതിന് സമാനമാണ് പ്രതിയുടെ മാനസികാവസ്ഥ എന്ന വിലയിരുത്തലിൽ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിന് നിർണായക പ്രാധാന്യമുണ്ട്.
പ്രായപൂർത്തിയാകാത്ത ഒന്നാം പ്രതിയുടെ മാനസികനില വിശദമായി പരിശോധിക്കുന്നതിനായി കോടതി പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അയച്ചിരുന്നു. അവിടെ നടന്ന പരിശോധനകൾക്കും കൗൺസിലിംഗിനും ശേഷം ഡോക്ടർമാരുടെ സംഘം ബോർഡിന് റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ട് പ്രതിയുടെ ജാമ്യാപേക്ഷ തള്ളുന്നതിൽ നിർണായക പങ്കുവഹിച്ചു. ഒപ്പം, പ്രായപൂർത്തിയാകാത്തയാളെന്ന ആനുകൂല്യം നൽകി പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് കേസിനെ ബാധിക്കുമെന്ന പ്രോസിക്യൂഷൻ വാദവും നിർണായകമായി.
അഭിറാം വധക്കേസിൽ വളരെ സുപ്രധാന കണ്ടെത്തലുകൾ കഴിഞ്ഞ ദിവസങ്ങളിൽ അന്വേഷണ സംഘം നടത്തിയിരുന്നു. പ്രതികൾ കിണറ്റിൽ കല്ലുകെട്ടി താഴ്ത്തിയ അഭിരാമിന്റെ ബെൽറ്റ്, മൊബൈൽ ഫോൺ, ഷർട്ട്, വെള്ളിമാല തുടങ്ങിയ തൊണ്ടിമുതലുകൾ കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തിയിരുന്നു. കൂടാതെ, അഭിരാമിന്റെ തലയോട്ടിക്ക് പരിക്കേറ്റത് തേങ്ങ കൊണ്ടുള്ള ഇടിയേറ്റാണെന്നും കണ്ടെത്തി.
ഒന്നാം പ്രതിയായ പതിനേഴുകാരനാണ് അഭിരാമിന്റെ തലയ്ക്ക് തേങ്ങ കൊണ്ട് ഇടിച്ചത്. ഇടിയിൽ ബോധം നശിച്ച അഭിരാമിനെ അവിടെ ഉപേക്ഷിച്ച ശേഷം രണ്ടാം പ്രതിയായ ഒമറിനെയും കൂട്ടിയെത്തി അർദ്ധ ബോധാവസ്ഥയിൽ കിടന്ന അഭിരാമിനെ ഉണർത്തിയതിനു ശേഷം ഇരുവരും ചേർന്ന് ബെൽറ്റ് മുറുക്കി കൊല നടത്തി എന്നാണ് കണ്ടെത്തൽ.
കസ്റ്റഡിയിൽ കിട്ടിയ ഒന്നാം പ്രതിയുമായി പോലീസ് നടത്തിയ തെളിവെടുപ്പിൽ, അഭിരാമിനെ തലയ്ക്ക് ഇടിക്കാൻ ഉപയോഗിച്ച തേങ്ങ കണ്ടെത്തിയിട്ടുണ്ട്. നിർണായകമായ മൊബൈൽ അടക്കം കണ്ടെത്തിയ പോലീസ് അന്വേഷണത്തിൽ കൂടുതൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഈ കേസിൽ തുടർനടപടികൾ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കവേയാണ് ഒന്നാം പ്രതിയുടെ ജാമ്യാപേക്ഷ തള്ളപ്പെട്ടിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
English Summary
The Juvenile Justice Board has rejected the bail plea of a 17-year-old—the first accused in the Abhiram murder case at Pangappara, Thiruvananthapuram. The plea was denied based on a counseling report indicating that the accused’s mental state is comparable to that of an adult offender. Furthermore, a report from a medical board states that there are no mental impediments preventing the accused from facing trial.