Actress Attack Case: ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ട നടപടി ശരിയോ? നടിയെ ആക്രമിച്ച കേസിൽ അപ്പീൽ നടപടികൾ തുടങ്ങി
Actress Attack Case, Appeal: അപ്പീൽ സാധ്യതകൾ വ്യക്തമാക്കുന്ന റിപ്പോർട്ട് സ്പെഷ്യൽ പ്രോസിക്യൂട്ടർ തയറാക്കിയിട്ടുണ്ട്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസിന് ഇന്ന് റിപ്പോർട്ട് കൈമാറും.

Dileep
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അപ്പീൽ നടപടികൾ തുടങ്ങി. എട്ടാം പ്രതി ദിലീപ് ഉൾപ്പെടെയുള്ളവരെ വെറുതെ വിട്ട വിചാരണക്കോടതി ഉത്തരവിനെതിരെയാണ് പ്രോസിക്യൂഷൻ അപ്പീൽ നൽകിയത്. ഈയാഴ്ച തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് സർക്കാർ തീരുമാനം. അപ്പീൽ സാധ്യതകൾ വ്യക്തമാക്കുന്ന റിപ്പോർട്ട് സ്പെഷ്യൽ പ്രോസിക്യൂട്ടർ തയറാക്കിയിട്ടുണ്ട്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസിന് ഇന്ന് റിപ്പോർട്ട് കൈമാറും.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ വിധിയെ കുറിച്ച് ഊമക്കത്ത് പ്രചരിച്ച സംഭവത്തിൽ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ബൈജു പൗലോസ് ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. ഡിസംബർ എട്ടിന് വിധി വരുന്നതിന് ഒരാഴ്ച മുമ്പ് തന്നെ വിധിയുടെ വിശദാംശങ്ങൾ ഊമക്കത്തായി ചോർന്നെന്നാണ് ആരോപണം. ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ ഭാരവാഹികൾക്കടക്കം ഇത്തരത്തിൽ ഈമക്കത്ത് ലഭിച്ചിരുന്നതായി അസോസിയേഷൻ പ്രസിഡന്റ് സ്ഥിരീകരിച്ചിരുന്നു.
വിധിയിൽ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. എന്നാൽ ദിലീപിന്റെ പങ്ക് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നാണ് വിധിന്യായത്തിൽ ചൂണ്ടിക്കാട്ടുന്നത്. നടിയെ തട്ടിക്കൊണ്ടുപോയി നഗ്ന ദൃശ്യങ്ങൾ പകർത്തി ബ്ലാക് മെയിൽ ചെയ്ത് പണം കൈക്കലാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് ആദ്യ ഘട്ട കുറ്റപത്രത്തിൽ പറഞ്ഞിട്ടുള്ളത്. മറ്റൊരു ഗൂഢാലോചനയുണ്ടെന്ന സൂചനയൊന്നും ആദ്യഘട്ട റിപ്പോർട്ടിലില്ല.
ALSO READ: ജഡ്ജിക്കെതിരായ സൈബർ ആക്രമണം തടയണം! ഹൈക്കോടതിയിൽ നിവേദനം നൽകി ജഡ്ജിമാർ
അതേസമയം, ജയിലിൽക്കിടന്ന് പൾസർ സുനി അയച്ച കത്തിനെ ആസ്പദമാക്കി മാത്രമാണോ ദിലീപിലേക്ക് അന്വേഷണം എത്തിയതെന്ന് പ്രോസിക്യൂഷനോട് കോടതി ചോദിച്ചു. കൂടാതെ. സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷവും നടി ദിലീപിനെക്കുറിച്ച് സംശയമോ പരാതിയോ പറഞ്ഞിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ദിലീപിനെ ഭയപ്പെട്ടിരുന്നതുകൊണ്ടാണ് നടി ഇക്കാര്യം പറയാതിരുന്നതെന്ന പ്രോസിക്യൂഷൻ വാദത്തിന് പ്രസക്തിയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.