Actress Assault Case: ജഡ്ജിക്കെതിരായ സൈബർ ആക്രമണം തടയണം! ഹൈക്കോടതിയിൽ നിവേദനം നൽകി ജഡ്ജിമാർ
Actress Assault Case: ജഡ്ജിയെ ഇത്തരത്തിൽ പരസ്യമായി അപമാനിക്കുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്...
നടിയെ ആക്രമിച്ച കേസിലെ വിധിക്കെതിരായ സൈബർ ആക്രമണത്തിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കേരള ജുഡീഷ്യൽ ഓഫീസേഴ്സ് അസോസിയേഷൻ രംഗത്ത്. സംഭവത്തിൽ ജഡ്ജിമാർ ഹൈക്കോടതിക്ക് നിവേദനം നൽകി. ജഡ്ജിക്ക് എതിരായി നടക്കുന്ന സൈബർ ആക്രമണം തടയണമെന്നാണ് ആവശ്യം. നടിയെ ആക്രമിച്ച കേസിൽ വിധിപ്രസ്താവച്ചതിന് പിന്നാലെ വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസിനെതിരെ വലിയ തരത്തിലുള്ള സൈബർ ആക്രമണമാണ് സോഷ്യൽ മീഡിയയിൽ അടക്കം നടക്കുന്നത്.
എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടുകൊണ്ടുള്ള ജഡ്ജിയുടെ വിധിപ്രസ്താവനയ്ക്കും ഒപ്പം പൾസർ സുനി അടങ്ങുന്ന ആറ് പ്രതികൾക്ക് നൽകിയ ശിക്ഷ കുറഞ്ഞുപോയി എന്ന തരത്തിലും സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള ചർച്ചകളും ജഡ്ജിക്കെതിരെ ആക്ഷേപങ്ങളും ഉയരുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. വ്യക്തിഹത്യ അടക്കം ഹണി എം വർഗീസിനെതിരെ നടക്കുന്നുണ്ട്. ജഡ്ജിയെ ഇത്തരത്തിൽ പരസ്യമായി അപമാനിക്കുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ് എന്നാണ് കേരള ജുഡീഷ്യൽ ഓഫീസെർസ് അസോസിയേഷൻ നിവേദനത്തിൽ പറയുന്നത്. ഇതിനോടൊപ്പം കോടതി ഇലക്ഷൻ കേസ് എടുക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെടുന്നു.
വിധി പറഞ്ഞ ഉടനെ ഒരു അഭിഭാഷക കോടതിക്കെതിരെ മോശം പ്രസ്താവന നടത്തി, അതിജീവിതയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകരും കോടതിയെ വിമർശിച്ചു കൊണ്ട് പരാമർശങ്ങൾ നടത്തി. കൂടാതെ സിനിമ മേഖലയിൽ നിന്നും ജഡ്ജിക്ക് എതിരായി നിരവധി പരാമർശങ്ങൾ വന്നിട്ടുണ്ട്. നടി പാർവതി തിരുവോത്ത് ഭാഗ്യലക്ഷ്മി തുടങ്ങിയവരും ജഡ്ജിയുടെ വിധി പ്രസ്താവനക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. കൂടാതെ ചില മാധ്യമങ്ങൾക്കെതിരെയും പരാതി ഉയർന്നിട്ടുണ്ട്. മാധ്യമങ്ങൾ കൂട്ടായി ജഡ്ജിക്ക് എതിരെ പ്രവർത്തിക്കുകയാണെന്നാണ് ആരോപണം. അതിനാൽ ഉടൻതന്നെ സംഭവത്തിൽ നടപടി സ്വീകരിക്കണം എന്നാണ് അസോസിയേഷൻ ആവശ്യപ്പെടുന്നത്.