Kavadiyar Palace Theft: കവടിയാർ കൊട്ടാരത്തിൽ മോഷണം എളുപ്പമല്ല… കള്ളൻ കപ്പലിലോ?, സന്ദർശകരുടെ ലിസ്റ്റെടുത്തു..
Antique jewellery theft from Kowdiar palace: യുട്യൂബർമാർ അടക്കമുള്ള സന്ദർശകരുടെ ലിസ്റ്റെടുത്തിട്ടുണ്ട് എന്നാണ് വിവരം. മോഷണം നടന്നതായി കരുതുന്ന ഒക്ടോബർ–നവംബർ കാലത്ത് കൊട്ടാരത്തിലെത്തിയ മുഴുവൻ പേരുടെയും പട്ടിക പോലീസ് ശേഖരിച്ചിട്ടുണ്ട്.
തിരുവനന്തപുരം : 2 കോടിയോളം രൂപ മൂല്യം വരുന്ന പൗരാണിക ആഭരണങ്ങൾ തിരവനന്തപുരത്തെ കവടിയാർ കൊട്ടാരത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറാൻ സാധ്യത. കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഡപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിൽ പോലീസ് ഇന്നലെ കൊട്ടാരത്തിലെത്തി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി അടക്കം രാജകുടുംബാംഗങ്ങളുടെ മൊഴിയെടുത്തു. ഗൗരി ലക്ഷ്മിബായിയുടെ അലമാരയിൽ നിന്നാണ് വജ്രാഭരണങ്ങളും പുരാതന സ്വർണശേഖരവുമടക്കം നഷ്ടമായത് എന്നാണ് വിവരം. സംഭവത്തിനു പിന്നാലെ ജീവനക്കാരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കൊട്ടാരം സന്ദർശിച്ച വിദേശികളടക്കമുള്ളവരെയും ചോദ്യം ചെയ്യും എന്നാണ് സൂചന.
കൊട്ടാരത്തിനു പുറത്തുള്ളവർക്ക് മോഷണം അത്ര എളുപ്പമാകില്ല എന്നാണ് സൂചന. രണ്ടാം നിലയിലെ കിടപ്പുമുറിയിലെ ഇരുമ്പ് അലമാരയിലെ ലോക്കറിൽ നിന്നാണ് ആഭരണം മോഷ്ടിച്ചത്. കൂടാതെ ആഭരണങ്ങൾ പലപ്പോഴായി കടത്തിയതാണെന്നും സംശയമുണ്ട്. അതിനാൽ തന്നെ പരിചയമില്ലാത്തവർക്ക് മോക്ഷണം നടത്തുക അത്ര എളുപ്പവുമല്ലെന്ന് പോലീസ് വ്യക്തമാക്കുന്നു. ഇവിടെ പതിവായെത്തുന്ന ചിലരും നിരീക്ഷണത്തിലാണ്. 40ൽ അധികം ജീവനക്കാരും നാലു കുടുംബങ്ങളുമാണ് കൊട്ടാരത്തിലുള്ളത്.
Also Read – കവടിയാർ കൊട്ടാരത്തിൽ നിന്നും 2 കോടിയുടെ ആഭരണങ്ങൾ മോഷണം പോയി
2 കോടി രൂപ പ്രാഥമിക കണക്കാണെന്നും മൂല്യം ഇതിലും അധികമാവാമെന്നും പോലീസ് പറയുന്നു. ശേഷിക്കുന്ന ആഭരണങ്ങൾ പോലീസിന്റെ നിർദേശപ്രകാരം സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. നവംബറിൽ ബെംഗളൂരുവിൽ പോകുന്നതിനു മുൻപായി അലമാര തുറന്നപ്പോഴാണ് ആഭരണം നഷ്ടമായത് അറിഞ്ഞതെന്ന് ഗൗരി ലക്ഷ്മിബായി പോലീസിനോടു പറഞ്ഞു. മഹാരാജാവ് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ സമ്മാനിച്ചവയും നഷ്ടമായ ആഭരണങ്ങളിലുണ്ട് എന്നത് നഷ്ടമായ ആഭരണങ്ങളുടെ പ്രാധാന്യം കൂട്ടുന്നു. കൊട്ടാരത്തിൽ വിശദ പരിശോധന നടത്തിയിട്ടും ലഭിക്കാതെ വന്നതോടെയാണ് പോലീസ് മേധാവിക്കു പരാതി നൽകിയതെന്നും അവർ വ്യക്തമാക്കി.
യുട്യൂബർമാർ അടക്കമുള്ള സന്ദർശകരുടെ ലിസ്റ്റെടുത്തിട്ടുണ്ട് എന്നാണ് വിവരം. മോഷണം നടന്നതായി കരുതുന്ന ഒക്ടോബർ–നവംബർ കാലത്ത് കൊട്ടാരത്തിലെത്തിയ മുഴുവൻ പേരുടെയും പട്ടിക പോലീസ് ശേഖരിച്ചിട്ടുണ്ട്. കൊട്ടാരത്തിന്റെ പ്രത്യേകതകൾ, പഴക്കമേറിയ കാറുകൾ, പൗരാണിക മൂല്യമുള്ള വസ്തുക്കൾ എന്നിവ കേന്ദ്രീകരിച്ചുള്ള ചിത്രീകരണങ്ങളാണ് ഏറെയും നടന്നിട്ടുള്ളത്.