അടൂർ പൊലീസ് സ്റ്റേഷൻ ആക്രമണം: ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേർത്തു, അറസ്റ്റിലായ പ്രതിക്ക് ജാമ്യം
Adoor Police Station attack: നാല് മാസം മുമ്പാണ് അടൂർ പോലീസ് സ്റ്റേഷനിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ആക്രമണം നടത്തിയത്. ശ്രീനാദേവിയുടെ പരാതിയിൽ യൂട്യൂബർ രാജൻ ജോസഫിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ കൊണ്ടുവന്നപ്പോഴായിരുന്നു ഇത്. ജൂലൈയിൽ നടന്ന ഈ ആക്രമണത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ആഴ്ച സിപിഎം വിവരാവകാശം വഴി പുറത്തുകൊണ്ടുവന്നതിന് പിന്നാലെയാണ് സ്റ്റേഷൻ ആക്രമണം വൻ വിവാദമായി മാറിയത്.

Adoor Police Station Attack Sreenadevi Kunjamma Named As An Accused
പത്തനംതിട്ട: അടൂർ പോലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി, സെല്ലിലുണ്ടായിരുന്ന പ്രതിയെ ഭീഷണിപ്പെടുത്തിയ കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരേയും ഒടുവിൽ കേസെടുത്ത് പോലീസ്. അതിക്രമിച്ചു കയറൽ വകുപ്പ് കൂടി ചേർത്ത് കേസിൽ ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേർക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫെന്നി നൈനാൻ, നെസ്മൽ, അബിൻ ശിവദാസ് എന്നിവരും ഈ കേസിലെ പ്രതികളാണ്. സ്റ്റേഷൻ ആക്രമണവുമായി ബന്ധപ്പെട്ട് പത്തോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസിനെ ആക്രമിച്ചെന്ന കേസിൽ യൂത്ത് കോൺഗ്രസ് അടൂർ നിയോജകമണ്ഡലം പ്രസിഡൻ്റിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തെങ്കിലും മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകി.
കേസിൽ പ്രതി ചേർത്തതോടെ ശ്രീനാദേവിയുടെ അറസ്റ്റ് ഉണ്ടാവുമോ എന്ന് വ്യക്തമല്ല. കേസുകളെ നിയമപരമായി നേരിടും എന്നാണ് ശ്രീനദേവി പ്രതികരിച്ചത്. അടൂർ പൊലീസ് സ്റ്റേഷൻ ആക്രമണം ഗൗരവകരമായാണ് സർക്കാർ കാണുന്നതെന്നും സംഭവത്തിൽ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞിരുന്നു. എന്നാൽ മുഖ്യമന്ത്രി തന്നെ തള്ളി പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത് നിയമപരമായ കാര്യങ്ങൾ ആണെന്നും ശ്രീനാദേവി കുഞ്ഞമ്മ പ്രതികരിച്ചു.
നാല് മാസം മുമ്പാണ് അടൂർ പോലീസ് സ്റ്റേഷനിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ആക്രമണം നടത്തിയത്. ശ്രീനാദേവിയുടെ പരാതിയിൽ യൂട്യൂബർ രാജൻ ജോസഫിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ കൊണ്ടുവന്നപ്പോഴായിരുന്നു ഇത്. ജൂലൈയിൽ നടന്ന ഈ ആക്രമണത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ആഴ്ച സിപിഎം വിവരാവകാശം വഴി പുറത്തുകൊണ്ടുവന്നതിന് പിന്നാലെയാണ് സ്റ്റേഷൻ ആക്രമണം വൻ വിവാദമായി മാറിയത്.
സ്റ്റേഷൻ ആക്രമണത്തിൽ പോലീസ് നേരത്തെ കേസെടുത്തിരുന്നെങ്കിലും ശ്രീനദേവി, ഫെനി നൈനാൻ ഉൾപ്പെടെ ആക്രമണത്തിൽ ഉൾപ്പെട്ട നേതാക്കളുടെ പേരുകൾ ഉൾപ്പെട്ടിരുന്നില്ല. ‘കണ്ടാലറിയാവുന്നവർ’ക്ക് എതിരേയായിരുന്നു എഫ്ഐആർ. ഇതിൽ തുടർനടപടികൾ ഉണ്ടായതുമില്ല. എന്നാൽ വീഡിയോ വന്നതോടെ പോലീസിന് കേസിൽ തുടർനടപടിയെടുക്കാതെ മറ്റ് വഴിയില്ല എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുകയായിരുന്നു.
ആക്രമണ ദൃശ്യങ്ങൾ ചർച്ചയായതിന് പിന്നാലെ ഡിജിപി പത്തനംതിട്ട എസ്പിയോട് റിപ്പോർട്ട് തേടിയിരുന്നു. സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രതികരിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് അടൂർ നിയോജകമണ്ഡലം പ്രസിഡന്റ് ജയകൃഷ്ണൻ പള്ളിക്കലിനെ അറസ്റ്റ് ചെയ്തത്. എന്നാൽ മൂന്നുമാസത്തിനിടെ ഒരു നോട്ടീസ് പോലും നൽകിയില്ലെന്ന പോലീസ് വീഴ്ച ചൂണ്ടിക്കാട്ടി പ്രതിഭാഗം വാദിക്കുകയും പ്രതിക്ക് ജാമ്യം ലഭിക്കുകയും ചെയ്തു.
പോലീസ് സ്റ്റേഷന് അകത്തോ പുറത്തോ ആക്രമണമൊന്നും ഉണ്ടായിട്ടില്ലെന്നും, സംഘർഷം ഉണ്ടായിട്ടുണ്ടെന്നുമാണ് ശ്രീനാദേവി കുഞ്ഞമ്മ പറയുന്നത്. പരാതിക്കാരി എന്ന നിലയിൽ പ്രതിയെ തിരിച്ചറിയാൻ മാത്രമാണ് സ്റ്റേഷന് അകത്തേക്ക് പോയതെന്നും അവർ പറഞ്ഞു. അതേസമയം, പുറത്തെ പ്രതിഷേധം തണുപ്പിക്കാനാണ് പരാതിക്കാരിക്ക് പ്രതിയെ കാണാൻ അവസരം നൽകിയതെന്നും, വനിതാ പൊലീസ് ഇല്ലാത്ത സമയത്ത് മറ്റ് പോംവഴികൾ ഇല്ലായിരുന്നുവെന്നും ഉദ്യോഗസ്ഥർ എസ്.പിക്ക് വിശദീകരണം നൽകി.
English Summary
The police have stated that they will submit a report to the court naming Congress leader Sreenadevi Kunjamma as an accused in the case involving the forced entry into the Adoor Police Station. Other individuals named as accused in the case include Youth Congress activists Fenny Ninan, Nesmal, and Abin Shivadas. The police have identified approximately ten Youth Congress activists in connection with the incident at the police station.