Amoebic Meningoencephalitis: പിടിമുറുക്കി അമീബിക് മസ്തിഷ്കജ്വരം; അഞ്ച് പേർക്ക് കൂടി രോഗബാധ
Amoebic Meningoencephalitis in Kerala: 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് രോഗലക്ഷണങ്ങൾ.
തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കയുയർത്തി വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശികളായ 5 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കുന്ന ഇവർ ആനാട്, മംഗലപുരം, പോത്തൻകോട്, രാജാജി നഗർ, പാങ്ങപ്പാറ സ്വദേശികളാണ്.
കഴിഞ്ഞ ദിവസം കണ്ണൂർ സ്വദേശിയായ മൂന്നു വയസുകാരന് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. കൊല്ലത്തും പാലക്കാടുമുള്ള രണ്ട് പേർക്കും രോഗബാധ റിപ്പോർട്ട് ചെയ്തു. രണ്ടുദിവസം മുമ്പാണ് കടയ്ക്കൽ സ്വദേശിയായ 42 കാരൻ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത്.
അതേസമയം, താമരശ്ശേരിയിലെ നാലാം ക്ലാസുകാരിയുടെ മരണം അമീബിക് മസ്തിഷ്‌ക ജ്വരം മൂലമല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നിരുന്നു. ഇന്‍ഫ്‌ളുവന്‍സ എ അണുബാധ മൂലമുള്ള വൈറല്‍ ന്യുമോണിയയുടെ സങ്കീര്‍ണതകള്‍ മൂലമാണ് കുട്ടി മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. കുട്ടിയുടെ മരണത്തില്‍ ചികിത്സാ പിഴവുണ്ടെന്ന് ആരോപിച്ച് പിതാവ് സനൂപ് ഡോക്ടറെ ആക്രമിച്ചത് വാര്‍ത്തയായിരുന്നു.
രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് എല്ലായിടങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്കജ്വരം ഉണ്ടാകുന്നത്. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.
തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് രോഗലക്ഷണങ്ങൾ. സാധാരണയായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് രോഗബാധ ഉണ്ടാകുന്നത്.