Rahul Mamkootathil: ഫ്ലാറ്റിൽ നിന്ന് ഒഴിയണം, രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടീസ്; ഉടൻ മാറുമെന്ന് മറുപടി
Rahul Mamkootathil Palakkad Flat: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസുകളിൽ തെളിവ് ശേഖരണത്തിനും മറ്റ് പരിശോധനകൾക്കുമായി അന്വേഷണ ഉദ്യോഗസ്ഥർ ഈ ഫ്ലാറ്റിലും എത്തിയിരിന്നു. ഇതേതുടർന്ന് ഫ്ലാറ്റിലെ മറ്റ് നിവാസികൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് അറിയിച്ചുകൊണ്ടാണ് രാഹുലിനോട് ഫ്ലാറ്റ് ഒഴിയാൻ നിർദേശം നൽകിയത്.
പാലക്കാട്: ഫ്ലാറ്റിൽ നിന്ന് ഉടൻ ഒഴിയണമെന്ന് രാഹുൽ മാങ്കൂട്ടത്തിലിന് (Rahul Mamkootathil MLA) അസോസിയേഷൻ്റെ നോട്ടീസ്. പാലക്കാടുള്ള ഫ്ലാറ്റിൽ നിന്ന് ഒഴിയാനാണ് നോട്ടീസ്. ഈ മാസം 25നകം ഫ്ലാറ്റിൽ നിന്ന് ഒഴിയണമെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. ഫ്ലാറ്റിൽ താമസിക്കുന്ന മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അസോസിയേഷൻ്റെ നടപടി.
ഉടൻ ഒഴിയാമെന്നാണ് നോട്ടീസിന് മറുപടിയായി രാഹുൽ അറിയിച്ചതെന്നാണ് വിവരം. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസുകളിൽ തെളിവ് ശേഖരണത്തിനും മറ്റ് പരിശോധനകൾക്കുമായി അന്വേഷണ ഉദ്യോഗസ്ഥർ ഈ ഫ്ലാറ്റിലും എത്തിയിരിന്നു. ഇതേതുടർന്ന് ഫ്ലാറ്റിലെ മറ്റ് നിവാസികൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് അറിയിച്ചുകൊണ്ടാണ് രാഹുലിനോട് ഫ്ലാറ്റ് ഒഴിയാൻ നിർദേശം നൽകിയത്.
തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ടത്തിൽ വോട്ട് ചെയ്യുന്നതിനായാണ് ബലാത്സംഗ കേസിൽ ഒളിവിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ ഇന്നലെ പൊതുജന മധ്യത്തിലെത്തിയത്. പാലക്കാട് കുന്നത്തൂർമേടിൽ വോട്ട് ചെയ്യാനാണ് രാഹുൽ എത്തിയത്. 15 ദിവസത്തിന് ശേഷമാണ് രാഹുൽ ഇന്നലെ ഒളിവിൽ നിന്ന് പുറത്തെത്തുന്നത്.
തിരിച്ചെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ പാലക്കാട് തന്നെ തുടരുകയാണ്. രണ്ടാം കേസിൽ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇനി ഉത്തരവിനെതിരായ അപ്പീലിലെ തീരുമാനം അറിഞ്ഞ ശേഷമായിരിക്കും തുടർനീക്കം. രാഹുലിൻറെ വരവിൽ കോൺഗ്രസിൽ ഭിന്നാഭിപ്രായം ഉയർന്നിട്ടുണ്ടെന്നാണ് വിവരം. പാർട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ അറിവോടെയാണ് രാഹുൽ ഇന്നലെ വോട്ട് ചെയ്യാൻ എത്തിയതെന്നാണ് വിവരം.