Rahul Mamkootathil : മുങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്യാൻ പൊങ്ങി! 15 ദിവസത്തെ ഒളിവ് ജീവതത്തിന് അവസാനം കുറിച്ച് പാലക്കാട് എംഎൽഎ
Rahul Mamkootathil Absconding : പാലക്കാട് കുന്നത്തൂർമേട് പോളിങ് ബൂത്തിലെത്തിയാണ് രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് രേഖപ്പെടുത്തിയത്. 15 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷമാണ് രാഹുൽ പുറംലോകത്തേക്കെത്തുന്നത്.
പാലക്കാട് : ബലാത്സംഗക്കേസിനെ തുടർന്ന് ഒളിവിലായിരുന്നു പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അവസാനം പുറംലോകത്തേക്കെത്തി. 15 ദിവസത്തെ ഒളിവ് ജീവിതത്തിന് അവസാനം കുറിച്ച്, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ നേരെ പാലക്കാട്ടേക്കാണ് രാഹുൽ മാങ്കൂട്ടത്തിൽ എത്തിയത്. പാലക്കാട് കുന്നത്തൂർമേട് പോളിങ് ബൂത്തിലെത്തിയാണ് രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് രേഖപ്പെടുത്തിയത്. അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ-സിപിഎം പ്രവർത്തകർ രംഗത്തെത്തിയിരുന്നു. പൂവങ്കോഴിയുടെ ചിത്രവുമായിട്ടായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. കണ്ണാടി പഞ്ചായത്തിൻ്റെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനിടെ നവംബർ 27നാണ് രാഹുൽ മാങ്കൂട്ടത്തിലിനെ ഏറ്റവും ഒടുവിൽ പുറംലോകം കണ്ടത്.
തനിക്ക് അനുകൂലമായതും പ്രതികൂലമായതും കോടതിക്ക് മുന്നിലുണ്ട്. പറയാനുള്ളതെല്ലാം കോടതിയിൽ പറയുമെന്ന് മാത്രമാണ് രാഹുൽ വോട്ട് ചെയ്തതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ മറ്റ് ചോദ്യങ്ങൾക്കൊന്നും രാഹുൽ പ്രതികരിക്കാൻ തയ്യറായില്ല. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ കടയിൽ കയറി ചായ കുടിക്കുകയും ശേഷം എംഎൽഎ ഓഫീസിലേക്ക് പോകുകയായിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിൽ രണ്ടാംഘട്ടത്തിൽ വടക്കൻ ജില്ലകൾ പോളിങ് ബൂത്തിലേക്കെത്തിയപ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ വിഷയം തന്നെയായിരുന്നു ചർച്ച. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് രാഹുലിനെ പിന്തുണയ്ക്കും വിധത്തിൽ രണ്ടാമത്തെ പരാതി ഒരു അഭിഭാഷക സഹായത്തോടെയാണ് പരാതി നൽകിയിരിക്കുന്നതെന്ന് പറഞ്ഞപ്പോൾ, ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രംഗത്തെത്തി. രാഹുൽ വിഷയത്തിൽ ആദ്യമായിട്ടാണ് പിണറായി വിജയൻ പ്രതികരണം നടത്തിയത്. എന്നാൽ രാഹുലിനെതിരെയുള്ള രണ്ടാമത്തെ പരാതിയിൽ തൻ്റെ നിലപാടിൽ തന്നെ ഉറച്ച് നിന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കെപിസിസി അധ്യക്ഷൻ്റെ വാക്കുകളെ തള്ളി.
ഇതുവരെ രണ്ട് ബലാത്സംഗ കേസുകളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആദ്യ കേസിൽ ഈ 15-ാം തീയതി വരെ ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്. രണ്ടാമത്തെ പരാതിയിൽ കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രിൻസിപ്പൾ സെക്ഷൻസ് കോടതി പാലക്കാട് എംഎൽഎയ്ക്ക് മുൻകൂർജാമ്യം അനുവദിച്ചിരിക്കുകയാണ്.