Tripunithura Athachamayam Local Holiday: തൃപ്പൂണിത്തുറ അത്തച്ചമയം: 26ന് പ്രാദേശിക അവധി, ആർക്കെല്ലാം ബാധകം?
Athachamayam Festival 2025: ഓണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങൾക്കായി ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇത്തവണയും വൻ ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
കൊച്ചി: ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 26ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ത്യപ്പൂണിത്തുറ നഗരസഭാ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ പൊതുമേഖല സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
ഓണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങൾക്കായി ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. മുൻ വർഷങ്ങളിലേത് പോലെ ഇത്തവണയും വൻ ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഓഗസ്റ്റ് 26ന് നടക്കും. നഗരസഭ അത്താഘോഷ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ ഒമ്പത് മണിക്ക് മന്ത്രി എംബി രാജേഷ് ഘോഷയാത്ര ഉദ്ഘാടനം ചെയ്യും.
മന്ത്രി പി രാജീവ് അത്തപ്പതാക ഉയർത്തുമ്പോൾ നടൻ ജയറാം ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. മഹാബലി, നകാര, വിവിധ പ്രച്ഛന്നവേഷങ്ങൾ, പല്ലക്ക്, കളരിപ്പയറ്റ്, പുലികളി, പഞ്ചവാദ്യം, ചെണ്ടമേളം, തകിൽ, ശിങ്കാരി മേളം, ബാൻഡ് മേളം, തമ്പോല മേളം, കാവടി, തിറ, തെയ്യം, പടയണി, ടാബ്ലോ, മാരി തെയ്യം, തുടങ്ങിയ ഇനങ്ങളിലായി ഏകദേശം മൂവായിരത്തിൽ അധികം കലാകാരൻമാർ ഘോഷയാത്രയിൽ പങ്കെടുക്കും.
ALSO READ: കൊല്ലത്തിന് കോളടിച്ചല്ലോ! ജില്ലയിൽ രണ്ട് എക്സ്പ്രസ് ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പ് അനുവദിച്ചു
ആശാവർക്കർമാർ, അങ്കണവാടി വർക്കർമാർ, ഹരിതകർമ സേനാംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, ഹെൽപ്പർമാർ, സ്കൂൾ – കോളേജ് വിദ്യാർഥികൾ, തുടങ്ങിയവരും ഘോഷയാത്രയിൽ പങ്കെടുക്കും. ഘോഷയാത്രയിൽ പങ്കെടുക്കുന്നവർക്കും കാണികൾക്ക് ഒരു കോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ചെയർപേഴ്സൺ അറിയിച്ചു.