അത് ഭാര്യയല്ല; അട്ടപ്പാടി ഇരട്ടക്കൊലക്കേസ് പ്രതിയെ ബംഗാളിലെത്തി പൊക്കി പോലീസ്; കുറ്റസമ്മതത്തിൽ ട്വിസ്റ്റ്
Attappadi double murder: അട്ടപ്പാടി ഇരട്ടക്കൊലക്കേസിൽ പ്രതിയെന്ന് സംശയിച്ചയാളെ ബംഗാളിലെത്തി പിടികൂടി കേരള പോലീസ്. ഭവാനിപ്പുഴയിൽ ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പ്രതി പശ്ചിമ ബംഗാൾ സ്വദേശി പ്രാവത് ദാസ് ആണ് അറസ്റ്റിലായത്. കൊലപാതകത്തിന് ശേഷം കേരളത്തിൽ നിന്ന് രക്ഷപ്പെട്ട ഇയാളെ ബംഗാളിലെത്തിയാണ് കേരള പോലീസ് പിടികൂടിയത്.

Attappadi Double Murder Kerala Police Arrest Accused In Bengal
പാലക്കാട്: അട്ടപ്പാടി ഇരട്ടക്കൊലക്കേസിൽ പ്രതിയെന്ന് സംശയിച്ചയാളെ ബംഗാളിലെത്തി പിടികൂടി കേരള പോലീസ്. ഭവാനിപ്പുഴയിൽ ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പ്രതി പശ്ചിമ ബംഗാൾ സ്വദേശി പ്രാവത് ദാസ് ആണ് അറസ്റ്റിലായത്. കൊലപാതകത്തിന് ശേഷം കേരളത്തിൽ നിന്ന് രക്ഷപ്പെട്ട ഇയാളെ ബംഗാളിലെത്തിയാണ് കേരള പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ടതാരെന്നും പ്രതി ആരെന്നും സൂചന നൽകുന്ന തെളിവുകൾ പോലീസിന് ലഭിച്ചത്. ഇതിന് പിന്നാലെ തന്നെ പ്രതിയെ അയാളുടെ സ്വന്തം നാട്ടിലെത്തി പിടികൂടാനായത് പോലീസിന്റെ അന്വേഷണ മികവായി വിലയിരുത്തപ്പെടുന്നു.
കൊല്ലപ്പെട്ടത് അമ്മയും പെൺകുഞ്ഞും ആണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. പോലീസ് നടത്തിയ തുടർ അന്വേഷണത്തിൽ കൊല്ലപ്പെട്ടത് ഇതര സംസ്ഥാന തൊഴിലാളിയുടെ ഒപ്പമുണ്ടായിരുന്ന സ്ത്രീയും കുട്ടിയും ആണെന്നും ഇവരെ കൊന്നത് കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛൻ ആണെന്ന നിലയ്ക്കുള്ള സൂചനകളാണ് ലഭിച്ചിരുന്നത്. പ്രതിക്കൊപ്പം ഇവർ താമസിച്ചിരുന്നതിനാലാണ് ഇത്തരമൊരു നിഗമനത്തിലേക്ക് എത്തിയത്.
ALSO READ: കഞ്ചാവ് സംഘം പോലീസുകാരനെ കാറിടിപ്പിച്ച് പരിക്കേൽപ്പിച്ചു; മൂന്നുപേർ പിടിയിൽ
ബംഗാളിൽ അറസ്റ്റിലായതിന് പിന്നാലെ പ്രതി കൊല ചെയ്തത് താനാണ് എന്ന് കുറ്റസമ്മതം നടത്തി എന്നാണ് റിപ്പോർട്ട്. എന്നാൽ പ്രതിയുടെ മൊഴിയിൽ ഒരു ട്വിസ്റ്റ് ഉണ്ട്. കൊല്ലപ്പെട്ട സ്ത്രീ തന്റെ ഭാര്യയല്ല എന്നാണ് ഇയാൾ പറയുന്നത്. ഈ സ്ത്രീയുമായി വെറും രണ്ട് മാസത്തെ പരിചയം മാത്രമേ തനിക്കുള്ളൂവെന്നും ഇയാൾ മൊഴി നൽകി.
അതേസമയം, എന്തിനായിരുന്നു കൊലപാതകം എന്നത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല. കൊലപാതകകാരണം വ്യക്തമല്ല എന്നാണ് പോലീസും പറയുന്നത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിന് പിന്നാലെ കേസിൽ കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരമാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. തലയിൽ ആഴത്തിലേറ്റ മുറിവാണ് കൊല്ലപ്പെട്ട യുവതിയുടെ മരണകാരണം എന്നാണ് റിപ്പോർട്ട്.
കൊല്ലപ്പെട്ട യുവതിക്ക് ഏകദേശം 30 വയസും മകൾക്ക് അഞ്ച് വയസും ഉണ്ട് എന്നാണ് നിഗമനം. പുഴയിൽ വച്ചാണ് പ്രതി ഇവരെ കൊലപ്പെടുത്തിയത് എന്നാണ് സൂചന. പ്രദേശത്ത് പശുവിനെ മേയ്ക്കാൻ പോയവരാണ് ഞായറാഴ്ച ഉച്ചയോടെയാണ് ഭവാനിപ്പുഴയിൽ ചാക്കിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. തല ഉൾപ്പെടെയുള്ള ശരീര ഭാഗങ്ങൾ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് മൂന്നു ചാക്കുകളിലായിട്ടാണ് ഉണ്ടായിരുന്നത്.
മൃതദേഹങ്ങൾ കണ്ടെത്തിയ ചാക്കുകളിലൊന്നിൽ നിന്നാണ് കൊല്ലപ്പെട്ടവരിലേക്കും പ്രതിയിലേക്കും പോലീസിന് വഴി തെളിഞ്ഞത്. കേരളത്തിലും തമിഴ്നാട്ടിലും ലഭ്യമായ ബിരിയാണി അരിയുടെ ചാക്കിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. ചാക്കിലെ എഴുത്തുകളിൽനിന്ന് ലഭിച്ച സൂചനകളിൽ നിന്ന് ഇത് കോയമ്പത്തൂരിൽ നിന്നുള്ളതാണ് എന്ന് കണ്ടെത്തി. തുടർന്ന് നടന്ന അന്വേഷണത്തിൽ അട്ടപ്പാടി കോട്ടത്തറയിലെ ഒരു കടയിലേക്ക് ആണ് ഈ ചാക്ക് എത്തിയത് എന്ന് വ്യക്തമായി.
ഈ കടയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൊല്ലപ്പെട്ടത് ഇതരസംസ്ഥാനക്കാരന് ഒപ്പം താമസിച്ചിരുന്ന യുവതിയാണ് എന്ന് തിരിച്ചറിഞ്ഞത്. മൃതദേഹങ്ങൾക്ക് ഏതാണ്ട് നാല് ദിവസത്തെ പഴക്കം ഉണ്ടായിരുന്നു. അതിനാൽത്തന്നെ പ്രതി കൊലപാതകം കഴിഞ്ഞ് കേരളത്തിന് വെളിയിലേക്ക് രക്ഷപ്പെട്ടിരിക്കാമെന്ന നിഗമനത്തിൽ പോലീസ് എത്തിയിരുന്നു. തുടർന്ന് ബംഗാളിലെത്തി നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ പ്രാവത് ദാസ് അറസ്റ്റിലായിരിക്കുന്നത്.
English Summary
Kerala Police arrest suspect in Attappady double murder case in Bengal. West Bengal native Pravat Das, who is accused in the incident where the bodies of a woman and a child were found in a sack in the Bhavani river, has been arrested. The Kerala Police arrested the suspect in Bengal after he fled Kerala after committing the murder.