Actress Assualt Case: ‘ആ പെൺകുട്ടിയെ ദ്രോഹിക്കുമ്പോൾ വീട്ടിൽ അമ്മ ഉണ്ടെന്ന് തോന്നിയില്ലേ; നീ ഇഞ്ചിഞ്ചായി അനുഭവിക്കണം’; ഭാഗ്യലക്ഷ്മി
Bhagyalakshmi: ആ പെൺകുട്ടിയെ ദ്രോഹിക്കുമ്പോൾ വീട്ടിൽ അമ്മ ഉണ്ടെന്ന് തോന്നിയില്ലേ എന്നാണ് ഭാഗ്യലക്ഷ്മി ചോദിക്കുന്നത്. ഇഞ്ചിഞ്ചായി അനുഭവിക്കണമെന്നും ഭാഗ്യലക്ഷ്മി ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു.
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷാ വിധി വരാൻ മണിക്കൂറുകൾ മാത്രം. കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷാവിധിയുമായി ബന്ധപ്പെട്ട വാദം വിചാരണക്കോടതിയിൽ നടന്നു. ഒന്നേക്കാൽ മണിക്കൂർ നീണ്ടു നിന്ന വിചാരണയിൽ ശിക്ഷാവിധി സംബന്ധിച്ച് പ്രതികൾക്ക് എന്താണ് പറയാനുള്ളതെന്ന് കോടതി പ്രതികൾ ഓരോരുത്തരോടുമായി ആരാഞ്ഞു. വീട്ടിൽ അമ്മ മാത്രമേയുള്ളു എന്നായിരുന്നു പൾസർ സുനി പറഞ്ഞത്. യാതൊരു ഭാവഭേദമില്ലാതെയായിരുന്നു പൾസർ സുനിയുടെ പ്രതികരണം.
ഇപ്പോഴിതാ ഇതിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടിയും ഡബ്ബിങ് ആർടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ആ പെൺകുട്ടിയെ ദ്രോഹിക്കുമ്പോൾ വീട്ടിൽ അമ്മ ഉണ്ടെന്ന് തോന്നിയില്ലേ എന്നാണ് ഭാഗ്യലക്ഷ്മി ചോദിക്കുന്നത്. ഇഞ്ചിഞ്ചായി അനുഭവിക്കണമെന്നും ഭാഗ്യലക്ഷ്മി ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു.
Also Read: കൂസലില്ലാതെ സുനി, പൊട്ടിക്കരഞ്ഞ് മാർട്ടിൻ; ശിക്ഷാവാദം കഴിഞ്ഞു, വിധി കാത്ത് കേരളം
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ആ പെൺകുട്ടിയെ ദ്രോഹിക്കുമ്പോ നിനക്ക് തോന്നിയില്ലേ വീട്ടിൽ അമ്മ ഉണ്ടെന്ന്. നീ ഉപദ്രവിച്ച സ്ത്രീകളുടെ വീഡിയോസ് നിന്റെ മൊബൈലിൽ ഉണ്ടെന്നാണല്ലോ, പിന്നെ ഇതൊക്കെ സർവ്വ സാധാരണ കാര്യമാണെന്ന് നീ തന്നെ പറഞ്ഞു. നിനക്ക് അമ്മ, പെങ്ങൾ എന്നൊന്നും ഇല്ലടാ. ഇഞ്ചിഞ്ചായി അനുഭവിക്കണം നീ. നരകിക്കണം. ഈ നാട്ടിലെ സകല രുടെയും ശാപം ഉണ്ട് നിനക്ക്.
അതേസമയം മറ്റ് പ്രതികളുടെ വാദത്തിനിടെ പ്രതികൾ പൊട്ടിക്കരഞ്ഞു. രണ്ടാം പ്രതി മാര്‍ട്ടിനും ആറാം പ്രതി പ്രദീപുമാണ് കോടതിയിൽ പൊട്ടിക്കരഞ്ഞത്. കേസിൽ താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും മാതാപിതാക്കൾ അസുഖബാധിതരായ മാതാപിതാക്കൾ മാത്രമേയുള്ളു എന്നായിരുന്ന രണ്ടാം പ്രതി മാർട്ടിൻ ആൻ്റണി കരഞ്ഞ് കൊണ്ട് പറഞ്ഞത്. കുടുംബത്തിൻ്റെ ഏക ആശ്രയം താനാണെന്നായിരുന്നു ആറാം പ്രതി പ്രദീപ് കോടതിയിൽ പറഞ്ഞത്. നിരപരാധികളാണെന്നും ശിക്ഷയിൽ ഇളവു വേണമെന്നും എല്ലാ പ്രതികളും ആവശ്യപ്പെട്ടു. കണ്ണൂർ ജയിലിലേക്ക് അയയ്ക്കണമെന്ന് നാലാം പ്രതി വിജീഷ് പറഞ്ഞു.