Shimjitha Musthafa: ഷിംജിതയ്ക്ക് ജാമ്യം ലഭിക്കുമോ? ഇന്നറിയാം; ജാമ്യാപേക്ഷയില്‍ വിധി പുറപ്പെടുവിക്കാന്‍ കോടതി
Shimjitha Musthafa Bail Plea Verdict: ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ കുന്നമംഗലം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. ജാമ്യം ലഭിച്ചാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പൊലീസ്.

ദീപക്, ഷിംജിത മുസ്തഫ
കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയ അറസ്റ്റിലായ വടകര സ്വദേശിനി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ കുന്നമംഗലം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. ബസില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് ഷിംജിത വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കുകയായിരുന്നു.
നിലവില്‍ റിമാന്‍ഡിലാണ് ഷിംജിത. അന്വേഷണം തുടരുകയാണെന്നും, ജാമ്യം ലഭിച്ചാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും മെഡിക്കല്‍ കോളേജ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ട് പരിശോധിച്ച കോടതി വിശദമായ വാദം കേട്ടിരുന്നു.
സോഷ്യല്‍ മീഡിയയിലൂടെ ദീപക്കിനെതിരെ ഷിംജിത വീഡിയോ പോസ്റ്റ് ചെയ്ത ഫോണ്‍ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. എന്നാല്‍ പൊലീസ് ഇതുവരെ കസ്റ്റഡി അപേക്ഷ നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ബസില്‍ വച്ച് ദീപക്ക് അതിക്രമം നടത്തിയെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഷിംജിത.
യുവതിക്ക് നേരെ അതിക്രമം ഉണ്ടായതായി ആരോപിച്ച് സഹോദരന്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ബസിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പൊലീസ് അസ്വഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം. ഇക്കാര്യവും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചതായാണ് റിപ്പോര്‍ട്ട്.
സോഷ്യല്‍ മീഡിയയില്‍ നേരിട്ട അധിക്ഷേപം മൂലമാണ് ദീപക്ക് ജീവനൊടുക്കിയതെന്നും, ഷിംജിത ബോധപൂര്‍വമാണ് വീഡിയോ പ്രചരിപ്പിച്ചതെന്നും ജാമ്യം നല്‍കരുതെന്നും കുടുംബത്തിനു വേണ്ടി ഹാജരായ അഡ്വ കെ.പി. രാജഗോപാല്‍ ആവശ്യപ്പെട്ടു. ജാമ്യം നല്‍കിയാല്‍ അത് അന്വേഷണത്തെ സ്വാധീനിച്ചേക്കാമെന്ന് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. സിന്യ വാദിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)