Sanju Samson: ‘സഞ്ജുവിനെ ചെന്നൈ ക്യാപ്റ്റനാക്കില്ല? അങ്ങനെയൊരു തെറ്റ് ചെയ്യില്ല’
Mohammad Kaif about Sanju Samson: സഞ്ജു സാംസണെ ഇപ്പോള്‍ സിഎസ്‌കെയുടെ ക്യാപ്റ്റനാക്കുമെന്ന് കരുതുന്നില്ലെന്ന് മുഹമ്മദ് കൈഫ്. സഞ്ജുവിനെ ഇപ്പോള്‍ ക്യാപ്റ്റനാക്കിയാല്‍ അത് ശരിയാകില്ലെന്നാണ് കൈഫിന്റെ അഭിപ്രായം. റുതുരാജ് ഗെയ്ക്‌വാദാണ് നിലവിലെ ക്യാപ്റ്റന്‍. അദ്ദേഹം ആ സ്ഥാനത്ത് തുടരട്ടെ. സഞ്ജുവിനെ ക്രമേണ നായകസ്ഥാനത്ത് എത്തിച്ചാല്‍ മതിയെന്നും കൈഫ്.
സഞ്ജു സാംസണെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇപ്പോള്‍ ക്യാപ്റ്റനാക്കില്ലെന്നും, അങ്ങനെയൊരു തെറ്റ് ചെയ്യില്ലെന്നും കരുതുന്നുവെന്ന് മുന്‍ താരം മുഹമ്മദ് കൈഫ്. റുതുരാജ് ഗെയ്ക്‌വാദാണ് ചെന്നൈയുടെ ക്യാപ്റ്റന്‍. എന്നാല്‍ എംഎസ് ധോണിയുടെ പിന്‍ഗാമിയായാണ് സഞ്ജുവിനെ സിഎസ്‌കെ ടീമിലെത്തിച്ചത്. ടി20 ലോകകപ്പില്‍ മിന്നും ഫോമിലായിരുന്നു സഞ്ജു. മുന്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനുമായിരുന്നു. ഈ സാഹചര്യത്തില്‍, റുതുരാജിനെ മാറ്റി സഞ്ജുവിനെ ചെന്നൈ ക്യാപ്റ്റനാക്കുമോയെന്ന ചോദ്യമുയരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് കൈഫിന്റെ പ്രതികരണം.
സഞ്ജു സാംസണിന് ഇപ്പോൾ ക്യാപ്റ്റൻ സ്ഥാനം നല്‍കിക്കൊണ്ടുള്ള തെറ്റ് സിഎസ്‌കെ ചെയ്യുമെന്ന് കരുതുന്നില്ല. കാരണം അദ്ദേഹം ഇപ്പോള്‍ ടീമിലെത്തിയതേയുള്ളൂ എന്നതാണ് പ്രത്യേകത. അദ്ദേഹത്തെ എല്ലാം ഒറ്റയടിക്ക് ചെയ്യിപ്പിക്കുന്നത് ശരിയല്ല. ബാറ്റും ചെയ്യണം, വിക്കറ്റ് കീപ്പറുമാകണം, ടീമിനെ വിജയിപ്പിക്കുകയും വേണം. എല്ലാ ഭാരവും സഞ്ജുവിന് മേല്‍ ചുമത്തേണ്ടതില്ലെന്നും കൈഫ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
സഞ്ജുവിനെ ക്രമേണ ക്യാപ്റ്റനാക്കുകയാണ് വേണ്ടത്. ധോണിയെ പോലെ പതുക്കെ സഞ്ജുവിനെ എത്തിക്കുക. അത്തരത്തിലൊരു ദീര്‍ഘവീക്ഷണമാണ് വേണ്ടതെന്നും കൈഫ് വ്യക്തമാക്കി. സിഎസ്‌കെയില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്നും, ഗെയ്ക്‌വാദ് ക്യാപ്റ്റനായി തുടരുന്നതാണ് ഉചിതമെന്നും അദ്ദേഹം വ്യക്തമാക്കി.
ചെന്നൈയുടെ രീതികള്‍ സഞ്ജു പഠിച്ചുവരുന്നതേയുള്ളൂ. അതുകൊണ്ട് ഇപ്പോള്‍ അദ്ദേഹത്തെ ക്യാപ്റ്റനാക്കിയാല്‍ അത് അപക്വമായിരിക്കും. ഗെയ്ക്‌വാദിനെ ഇതിനകം ചുമതല ഏല്‍പിച്ചതിനാല്‍ ഇനി സിഎസ്‌കെ തിരക്കുകൂട്ടില്ല.
അവര്‍ ഗെയ്ക്‌വാദിനെ ഇപ്പോള്‍ പിന്തുണയ്ക്കും. അതുകൊണ്ട് തന്നെ സഞ്ജുവിന് ഇപ്പോള്‍ ക്യാപ്റ്റന്‍സി നല്‍കിയാല്‍ അത് തെറ്റായ തീരുമാനമായിരിക്കുമെന്ന് കരുതുന്നു. സഞ്ജുവിന് ചെന്നൈയുടെ രീതികളെക്കുറിച്ചോ, ആരാധകരുടെ പ്രതീക്ഷകളെക്കുറിച്ചോ ഇപ്പോള്‍ പൂര്‍ണ ധാരണയുണ്ടാകണമെന്നില്ലെന്നും കൈഫ് ചൂണ്ടിക്കാട്ടി.
കുംബ്ലെ പറഞ്ഞത്
അതേസമയം, സഞ്ജുവിനെ ചെന്നൈയുടെ ഉപനായകനാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ താരം അനില്‍ കുംബ്ലെ രംഗത്തെത്തിയിരുന്നു. സിഎസ്‌കെയുടെ ലീഡര്‍ഷിപ്പില്‍ സഞ്ജുവിന് വലിയ പങ്ക് വഹിക്കാനുണ്ടെന്നാണ് കുംബ്ലെ പറഞ്ഞത്. പരിക്കോ, മറ്റേതെങ്കിലും കാരണത്താലോ റുതുരാജിന് കളിക്കാനാകാതെ വന്നാല്‍ സഞ്ജുവിനെ ക്യാപ്റ്റനാക്കണമെന്നും കുംബ്ലെ വ്യക്തമാക്കി. സഞ്ജു ലീഡര്‍ഷിപ്പ് ഗ്രൂപ്പിന്റെ ഭാഗമാണെന്നും അനില്‍ കുംബ്ലെ ചൂണ്ടിക്കാട്ടിയിരുന്നു.