Fairness Cream: അങ്ങനെ വെളുത്തിട്ട് പാറണ്ട! അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കൽ വിറ്റാലും പ്രമോട്ട് ചെയ്താലും ഇനി മുട്ടൻ പണി
Fairness Cream Controversy: കേരളത്തിൽ അംഗീകാരമില്ലാത്ത സൗന്ദര്യവർദ്ധക വസ്തുക്കളും പ്രോട്ടീൻ പൗഡറുകളും വിൽപ്പന നടത്തുന്നത് തടയാൻ കർശന നടപടികൾ എടുക്കാൻ ആരോഗ്യവകുപ്പ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വ്യാപക പരിശോധന നടത്താൻ സംസ്ഥാന ഡ്രഗ്സ് കൺട്രോളർക്ക് സർക്കാർ നിർദ്ദേശം നൽകി. ഇതുപോലുള്ള അംഗീകാരമില്ലാത്ത വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കാനാണ് തീരുമാനം

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കേരളത്തിൽ അംഗീകാരമില്ലാത്ത സൗന്ദര്യവർദ്ധക വസ്തുക്കളും പ്രോട്ടീൻ പൗഡറുകളും വിൽപ്പന നടത്തുന്നത് തടയാൻ കർശന നടപടികൾ എടുക്കാൻ ആരോഗ്യവകുപ്പ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വ്യാപക പരിശോധന നടത്താൻ സംസ്ഥാന ഡ്രഗ്സ് കൺട്രോളർക്ക് സർക്കാർ നിർദ്ദേശം നൽകി. ഇതുപോലുള്ള അംഗീകാരമില്ലാത്ത വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കാനാണ് തീരുമാനം. സൗന്ദര്യവർദ്ധക വസ്തുക്കൾ മാത്രമല്ല ശരീരത്തിന്റെ ആകാരം മെച്ചപ്പെടുത്താം എന്ന വാഗ്ദാനം നൽകി ഗുളികകളും പ്രോട്ടീൻ പൗഡറുകളും ഉത്തേജനത്തിന് സഹായിക്കും എന്ന പേരിൽ ഗുളികകൾ, തൈലം, ഓയിൻമെന്റുകൾ എന്നിവ വ്യാജമായി വിറ്റഴിക്കുന്നവരെ കണ്ടെത്തി ക്രിമിനൽ നടപടി സ്വീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കണ്ടൻ്റുകൾ ചെയ്യുന്ന വ്ലോഗർമാർക്കെതിരെയും കർശന നടപടി എടുക്കും. മംഗലാപുരം- കാസർഗോഡ് പ്രദേശം കേന്ദ്രീകരിച്ച് കൂടുതലായി ഇത്തരം വസ്തുക്കൾ സംസ്ഥാനത്ത് ഓൺലൈൻ വഴി വിറ്റഴിക്കുന്നു എന്നാണ് വിലയിരുത്തൽ വരുന്നത്. പാക്കിസ്ഥാൻ വഴി എത്തുന്ന ഇത്തരം വസ്തുക്കളിൽ നിർമ്മാതാക്കളുടെ പേര് നിർമ്മാണ തീയതി കാലാവധി തുടങ്ങിയ കാര്യങ്ങൾ ഒന്നും രേഖപ്പെടുത്താറില്ല എന്ന് ഡ്രസ്സ് കൺട്രോൾ വകുപ്പ് ഇതിനകം കണ്ടെത്തുകയുണ്ടായി. ഇതിനെ തുടർന്നാണ് ഇപ്പോൾ വിഷയത്തിൽ കർശന നടപടിയുമായി വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്.
Also Read: ക്രീം ഉപയോഗിച്ചാൽ ഒന്നും സൗന്ദര്യം വർദ്ധിക്കില്ല; പരാതി ലഭിച്ചാൽ ഉടൻ നടപടിയെന്ന് കെ മുരളീധരൻ
കഴിഞ്ഞ ദിവസമാണ് മുഖ സൗന്ദര്യം വർദ്ധിപ്പിക്കാനുള്ള ഫേസ്ക്രീം ഉപയോഗിച്ചതിനെ തുടർന്ന് മലപ്പുറം സ്വദേശിനിയായ 17കാരിക്ക് ഗുരുതരമായ വൃക്ക രോഗം ബാധിച്ച വിവരം പുറത്തുവന്നത്. ഏറെ ഞെട്ടിക്കുന്ന സംഭവമായിരുന്നു ഇത്. ഇതിന് പിന്നാലെ ഗായകൻ സലീം കോടത്തൂരും ഫെയർനസ് ക്രീമിന്റെ ഇരയായി എന്ന റിപ്പോർട്ടും പുറത്തുവന്നു. ഫേസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി എന്നും വൃക്ക രോഗബാധിതനായി എന്നും സലീം കോടത്തൂർ വെളിപ്പെടുത്തി. മലപ്പുറത്തെ 17കാരിക്ക് ഉണ്ടായ അതേ രോഗാവസ്ഥയാണ് തനിക്കും ഉണ്ടായത് എന്നാണ് അദ്ദേഹം പറഞ്ഞത്.
ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് മാസങ്ങളോളം ചികിത്സ നടത്തിയിട്ടും രോഗകാരണം കണ്ടെത്താൻ സാധിച്ചില്ല. പ്രതിരോധശേഷി പൂർണ്ണമായും നഷ്ടപ്പെടുന്ന സാഹചര്യം വരെ ഉണ്ടായി. അങ്ങനെ ഒടുവിൽ ഫേസ്ക്രീം ആണ് പ്രശ്നത്തിന് കാരണമെന്ന് തിരിച്ചറിയുകയും ഇതിലെ മെർക്കുറിയുടെ അളവ് കൂടുതലാണെന്ന് വ്യക്തമാവുകയും ചെയ്തു. ഏകദേശം രണ്ടു മാസത്തോളമാണ് താൻ ഈ ക്രീം ഉപയോഗിച്ചത് എന്നും ഇപ്പോഴും അതിന്റെ ദോഷവശങ്ങൾ ശരീരത്തിൽ നിന്ന് മാറിയിട്ടില്ല എന്നും സലിം വ്യക്തമാക്കി.
English Summary
The Health Department is set to take stringent measures to curb the sale of unapproved cosmetic products and protein powders in Kerala. As part of this initiative, the government has directed the State Drugs Controller to conduct inspections across all districts in the state. It has been decided to permanently revoke the licenses of establishments that distribute such unapproved products.