Rahul Mamkootathil: ’18 മുതൽ 60 വയസ് വരെയുള്ള സ്ത്രീകൾ ഇരകളാക്കപ്പെട്ടു’; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ എഫ്ഐആർ സമർപ്പിച്ചു
FIR Against Rahul Mamkootathil: രാഹുൽ മാങ്കൂട്ടത്തിനെതിരെ എഫ്ഐആർ സമർപ്പിച്ച് ക്രൈം ബ്രാഞ്ച്. ലൈംഗിക പീഡനാരോപണത്തിലാണ് എഫ്ഐആർ സമർപ്പിച്ചത്.

രാഹുൽ മാങ്കൂട്ടത്തിൽ
ലൈംഗിക പീഡനാരോപണത്തിൽ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ എഫ്ഐആർ സമർപ്പിച്ച് ക്രൈം ബ്രാഞ്ച്. 18 വയസ് മുതൽ 60 വയസ് വരെയുള്ള സ്ത്രീകൾ ഇരകളായെന്നും പീഡനത്തിന് ഇരകളായ സ്ത്രീകളെ രാഹുൽ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചു എന്നും തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച എഫ്ഐആറിൽ ക്രൈംബ്രാഞ്ച് പറയുന്നു.
പോലീസിന് ലഭിച്ചത് പത്ത് പരാതികളാണ് എന്ന് എഫ്ഐആറിൽ പറയുന്നു. ഇതിൽ പലതും ഗുരുതരമാണ്. ഒന്നിലേറെ സ്ത്രീകളാണ് ഇരയാക്കപ്പെട്ടത്. മൂന്നാം കക്ഷികളുടെ പരാതികളും മാധ്യമറിപ്പോർട്ടുകളും അടിസ്ഥാനമാക്കിയാണ് കേസെടുത്തത്. രാഹുലിനെതിരെ ഭാരതീയ ന്യായ സൻഹിത 78(2), 351 പൊലീസ് ആക്ട് 120 എന്നീ വകുപ്പുകൾ ചുമത്തി. സോഷ്യൽ മീഡിയയിലൂടെ സ്ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തി. ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ച് സന്ദേശം അയച്ചു. ഫോണിലൂടെ സ്ത്രീകളെ ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറിലുണ്ട്.
രാഹുലിനെതിരെ പരാതിനൽകിയവരിൽ ഒരാളായ അഡ്വക്കേറ്റ് ഷിൻ്റോയിൽ നിന്നാണ് ക്രൈം ബ്രാഞ്ച് മൊഴിയെടുത്തത്. രാഹുൽ മാങ്കൂട്ടത്തിനെതിരായ ആരോപണങ്ങളിൽ ഫേസ്ബുക്ക് പോസ്റ്റിട്ട മാധ്യമപ്രവർത്തകരുടെ മൊഴി രേഖപ്പെടുത്തുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
രാഹുലുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് വാട്സപ്പ് ഗ്രൂപ്പിൽ അനുയായികൾ തമ്മിലുള്ള തർക്കം രൂക്ഷമായിരുന്നു. ഇതേ തുടർന്ന് ഗ്രൂപ്പ് ‘അഡ്മിൻ ഒൺലി’യാക്കി. രാഹുൽ രാജിവച്ച സാഹചര്യത്തിൽ അബിൻ വർക്കിയുടെ പേര് യൂത്ത് കോൺഗ്രസിൻ്റെ പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നുവന്നതാണ് അണികൾക്കിടയിലെ തർക്കത്തിലേക്ക് വഴിതെളിച്ചത്. അഭിജിത്ത്, ബിനു ചുള്ളിയില്‍ എന്നിവരെയും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. അബിൻ വർക്കി അധ്യക്ഷനാവുന്നതിൽ പലർക്കും എതിർപ്പുണ്ട്. രാഹുലിനെ അനുകൂലിക്കുന്നവർ അബിൻ വർക്കിയെ കട്ടപ്പയായി താരതമ്യം ചെയ്തത് തമ്മിലടിയിൽ കലാശിക്കുകയായിരുന്നു.