Flood Relief Fund Fraud: പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്; എറണാകുളം കളക്ടറേറ്റിലെ ഉദ്യോഗസ്ഥനെതിരെ നടപടി
Flood relief fund fraud: 2018 ലെ പ്രളയ ദുരിതാശ്വാസ ധനസഹായത്തിലെ ക്രമക്കേടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ലാൻഡ് റവന്യു കമ്മീഷണറാണ് ഉത്തരവിറക്കിയത്.
പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിൽ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്ത് സർക്കാർ. ഫണ്ട് വെട്ടിച്ച എറണാകുളം കളക്ടറേറ്റിലെ ക്ലർക്ക് വിഷ്ണുപ്രസാദിനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. 2018 ലെ പ്രളയ ദുരിതാശ്വാസ ധനസഹായത്തിലെ ക്രമക്കേടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ലാൻഡ് റവന്യു കമ്മീഷണറാണ് ഉത്തരവിറക്കിയത്.
73.13 ലക്ഷം രൂപയുടെ തിരിമറിയാണ് വിഷ്ണു പ്രസാദ് നടത്തിയത്. കമ്പ്യൂട്ടറിൽ അർഹരുടെ പേര് തിരുത്തി സ്വന്തം അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ മാറ്റുകയായിരുന്നു. പ്രളയദുരിതാശ്വാസ തുക വിതരണം ചെയ്ത ഡേറ്റകൾ പരിശോധിച്ചതിൽ നിന്നാണ് തിരിമറി വ്യക്തമായത്. പരിശോധനയിൽ 23 ട്രാൻസാക്ഷനുകൾ വിഷ്ണു പ്രസാദ് കൃത്രിമമായി നടത്തിയിട്ടുള്ളതായി കണ്ടെത്തി.
കൃത്രിമ ട്രാൻസാക്ഷനുകളിൽ 11 എണ്ണം ഇയാളുടെ പേരിലുളള അക്കൗണ്ടിലേക്കും മറ്റു ട്രാൻസാക്ഷനുകൾ ഉദ്യോഗസ്ഥനുമായി ബന്ധമുളള വിവിധ വ്യക്തികളുടെ അക്കൗണ്ടിലേക്കും മാറ്റിയെന്ന് കളക്ടറേറ്റിലെ ഫിനാൻസ് ഓഫീസർ കണ്ടെത്തി.
കൂടാതെ കളക്ടറേറ്റിലെ വ്യത്യസ്ത സെക്ഷനുകളിൽ തയ്യാറാക്കേണ്ട ബില്ലുകൾ വിഷ്ണു പ്രസാദ് തയ്യാറാക്കി മേലുദ്യോഗസ്ഥരുടെ പരിശോധനക്ക് നല്‍കാതെ കലക്ടറിന് സമര്‍പ്പിക്കുകയായിരുന്നു. ദുരിതാശ്വാസ ധനസഹായം അനുവദിക്കേണ്ട ഫയലുകളൊന്നും എടിഎമ്മിന്റെയോ സുപ്രണ്ടിന്റെയോ പരിശോധനയ്ക്ക് വിധേയമാകാതെയാണ് കളക്ടറിന് സമർപ്പിച്ചിട്ടുള്ളതെന്നും ലാൻഡ് റവന്യൂ റിപ്പോർട്ടിൽ പറയുന്നു.