K B Ganesh Kumar: ഗണേഷ് കുമാറിന്റെത് ഭ്രാന്തമായ നടപടി; ജീവനക്കാരോട് അടിമകളെ പോലെയാണ് പെരുമാറുന്നത്: എം വിൻസന്റ് എംഎൽഎ
മന്ത്രി മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ നിലവാരം കുറഞ്ഞ നാടകമാണ് ഇതെല്ലാം. മാധ്യമങ്ങളെ കൂട്ടി വന്ന് ഇങ്ങനെയൊക്കെ ചെയ്യുന്നത് സിനിമകൾക്കും നാടകത്തിനും എല്ലാം നല്ലതായിരിക്കും എന്നും എംഎൽഎ പരിഹസിച്ചു.

ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ നടത്തിയ മിന്നൽ പരിശോധനയെ രൂക്ഷമായ വിമർശിച്ച് എംഎൽഎ. ഭ്രാന്തമായ നടപടിയാണ് ഗണേഷ് കുമാറിന്റേത് എന്നും. ഇത്തരത്തിൽ ഒരു നടപടി എന്തിനാണ് എടുത്തത് എന്ന് ഇതുവരെ മനസ്സിലായിട്ടില്ല എന്നും എം വിൻസന്റ് പരിഹസിച്ചു. കുപ്പിവെള്ളത്തിന്റെ ബോട്ടിൽ ഡ്രൈവർ സീറ്റിന് അടുത്ത് വെച്ചതിന് ഡ്രൈവറെ ഗണേഷ് കുമാർ സ്ഥലം മാറ്റിയിരുന്നു. ഈ നടപടി കേരള ഹൈക്കോടതിയും റദ്ദാക്കി.
മന്ത്രിയുടെ നടപടിയെ അധികാര ദുർവിനിയോഗം എന്നാണ് കോടതി നിരീക്ഷിച്ചത്. ഗണേഷ് കുമാർ നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം നടപടികൾക്കുള്ള തിരിച്ചടിയാണ് ഈ നടപടിയെന്നും എം വിൻസെന്റ് പറഞ്ഞു. എംഡിഎംഎ കണ്ടതുകൊണ്ട് വന്ന രീതിയിലാണ് ജീവനക്കാരോട് പെരുമാറിയത്. അടിമകളോട് എന്ന പോലെയാണ് ഗണേഷ് കുമാറിന്റെ പെരുമാറ്റം. മന്ത്രി മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ നിലവാരം കുറഞ്ഞ നാടകമാണ് ഇതെല്ലാം. മാധ്യമങ്ങളെ കൂട്ടി വന്ന് ഇങ്ങനെയൊക്കെ ചെയ്യുന്നത് സിനിമകൾക്കും നാടകത്തിനും എല്ലാം നല്ലതായിരിക്കും എന്നും എംഎൽഎ പരിഹസിച്ചു.
അഡ്മിനിസ്ട്രേറ്റർ എന്ന നിലയിൽ ഗണേഷ് പരാജയപ്പെട്ടു. മന്ത്രി പറഞ്ഞത് കോൺഗ്രസ് യൂണിയൻ പണം ചിലവാക്കി കോടതിയിൽ പോയി വിധി വാങ്ങിച്ചു എന്നാണ്. കെബി ഗണേഷ് കുമാർ എന്നാൽ കിടന്ന് ബഹളം വയ്ക്കുന്ന ഗണേഷ് കുമാർ എന്നു മാത്രമേ ഇപ്പോൾ വ്യാഖ്യാനിക്കാൻ കഴിയുന്നുള്ളൂ. മറ്റുള്ള ആളുകളെ അധിക്ഷേപിക്കുന്നത് മന്ത്രി ഇപ്പോൾ ഒരു ശീലമാക്കി മാറ്റി. അദ്ദേഹത്തെ നിയന്ത്രിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. ശോചനീയമാണ് പല ഡിപ്പോകളുടെയും അവസ്ഥ. ഇതൊന്നും ഗണേഷ് കുമാർ കാണുന്നില്ല. മന്ത്രിക്ക് സ്വേച്ഛാധിപത്യരീതിയിൽ എന്തും ചെയ്യാനുള്ള ഇടമല്ല ഇത്. മന്ത്രി സ്വീകരിക്കുന്ന ഭ്രാന്തൻ നയങ്ങളെ സ്വീകരിക്കാൻ സാധിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.