Gold Bangle Lost: കാക്ക സാർ മാന്യനാ…സ്വർണവള കൊത്തിക്കൊണ്ടുപോയി മൂന്ന് വർഷം സൂക്ഷിച്ചു, ഒടുവിൽ തിരിച്ചുകിട്ടി
Gold Bangle Lost: തെങ്ങുകയറ്റ തൊഴിലാളിയും മരവെട്ടുകാരനുമായ തൃക്കലങ്ങോട്ടെ അൻവര്‍ സാദത്തിനാണ് സ്വര്‍ണ വള തികച്ചും അപ്രതീക്ഷിതമായി ലഭിക്കുന്നത്.

സ്വർണവില സാധാരണക്കാരെ ആശങ്കയിലാഴ്ത്തി കുതിക്കുകയാണ്. എന്നാൽ മലപ്പുറം സ്വദേശിയായ ഹരിതയ്ക്ക് ഇന്ന് അപ്രതീക്ഷിതമായ ഒരു സ്വർണവള ലഭിച്ചു. അതും മൂന്ന് വർഷം മുമ്പ് കാണാതായ തന്റെ സ്വർണവള.
മൂന്ന് വര്‍ഷം മുമ്പ് കാക്ക കൊത്തിക്കൊണ്ടുപോയ സ്വര്‍ണ വളയാണ് ഹരിതക്ക് തിരികെ കിട്ടിയത്. അതും കാക്ക കൂട്ടിൽ നിന്ന് തന്നെ. തെങ്ങുകയറ്റ തൊഴിലാളിയും മരവെട്ടുകാരനുമായ തൃക്കലങ്ങോട്ടെ അൻവര്‍ സാദത്തിനാണ് സ്വര്‍ണ വള തികച്ചും അപ്രതീക്ഷിതമായി ലഭിക്കുന്നത്.
‘മരത്തിൽ കയറി മാങ്ങ പറിക്കുന്നതിനിടെ താഴേക്ക് എന്തോ വീഴുകയായിരുന്നു. താഴെ മാങ്ങ പെറുക്കാൻ മകള്‍ നിൽക്കുന്നുണ്ടായിരുന്നു. മകളാണ് സ്വര്‍ണ വള കാണിക്കുന്നത്. മാവിലെ ചില്ലയിലൊരുക്കിയ കൂട്ടിൽ മൂന്നു കഷ്ണങ്ങളാക്കി കാക്ക വള സൂക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിൽ കൊണ്ടുപോയി ഭാര്യയെ കാണിച്ചപ്പോള്‍ സ്വര്‍ണം തന്നെയാണെന്ന് പറഞ്ഞു. അയൽപ്പക്കത്തെ സ്ത്രീകളെയും കാണിച്ചു.
പിന്നീട് ജ്വല്ലറിയിൽ കൊണ്ടുപോയി സ്വര്‍ണം തന്നെയാണെന്ന് ഉറപ്പിച്ചു. പ്രദേശത്തുള്ള ഏതെങ്കിലും വീടുകളിലുള്ളവരുടെതാകുമെന്ന് കരുതി ഉടമയെ കണ്ടെത്താൻ തീരുമാനിച്ചു. തുടര്‍ന്ന് പ്രദേശത്തെ ജനകീയ വായശാലയിലെ ഭാരവാഹിയായ ബാബുരാജിന് വള കൈമാറിയെന്ന്’ അൻവര്‍ സാദത്ത് പറയുന്നു.
തുടർന്ന് വായന ശാലയുടെ നോട്ടീസ് ബോര്‍ഡിൽ വള ലഭിച്ച വിവരം അറിയിച്ച് നോട്ടീസ് പതിപ്പിക്കുകയും ഇത് കണ്ട ഒരാൾ മുമ്പ് വള നഷ്ടമായിരുന്ന വീട്ടുകാരെ അറിയിക്കുകയായിരുന്നു. തൃക്കലങ്ങോട്ടെ ഹരിതയെന്ന യുവതിയുടെ വളയാണ് ഇതെന്ന് തിരിച്ചറിഞ്ഞു. സ്ഥിരീകരിക്കാനായി കല്യാണ്‍ ജ്വല്ലേഴ്സിൽ നിന്ന് പഴയ ബില്‍ അടക്കം ഉടമ കാണിക്കുകയും ചെയ്തു. ഇതോടൊപ്പം ആൽബത്തിൽ നിന്നുള്ള വളയുടെ ഫോട്ടോയും കാണിച്ചു. ഹരിതക്ക് സ്വര്‍ണ വള കൈമാറുകയായിരുന്നു.
വീടിന് പുറത്തുള്ള അലക്കു കല്ലിൽ തുണി അലക്കുന്നതിനിടെയാണ് വള കാക്ക കൊണ്ടുപോയതെന്ന് ഹരിത പറഞ്ഞു. തുണി അലക്കുന്നതിനിടെ വള ബക്കറ്റിന് സമീപം ഊരിവെക്കുകയായിരുന്നു. ഇതിനിടയിൽ കുഞ്ഞു കരഞ്ഞതോടെ അകത്തേക്ക് പോയി. ഇതിനിടയിൽ കാക്ക വള കൊത്തിപോകുന്നത് കണ്ടു. ഉടനെ ഓടിപ്പോയെങ്കിലും കാക്ക അപ്പോഴേക്കും വളയുമായി പറന്നകന്നിരുന്നെന്ന് ഹരിത പറയുന്നു.