Rain alert in Kerala: സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇന്ന് മുതൽ ഏഴാം തീയതി വരെ താപനില ഉയരാൻ സാധ്യതയുണ്ട്.
തിരുവനന്തപുരം: കേരളത്തിൽ ചൂട് കനക്കുന്നതിനിടെ ആശ്വാസമായി വേനമഴ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാംകുളം, ഇടുക്കി എന്നീ ആറ് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാംകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും മഴയ്ക്ക് സാധ്യയുണ്ട്. അതേസമയം, 7, 8, 9 തീയതികളിൽ സംസ്ഥാനത്താകെ മഴ ലഭിക്കുമെന്നും എറണാകുളം, വയനാട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പിൻ്റെ നിർദ്ദേശത്തിൽ പറയുന്നു. ഈ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
അതേസമയം സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇന്ന് മുതൽ ഏഴാം തീയതി വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, ആലപ്പുഴ, തൃശൂർ, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോട്ടയം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാനാണ് സാധ്യത.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ഏഴാം തീയതി വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഇന്ന് രാത്രി ഉയർന്ന താപനില തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്തെ വൈദ്യുതി മേഖലയിലുണ്ടാകുന്ന തടസങ്ങൾ പരിഹരിക്കാനും സ്ഥിതിഗതികൾ ഏകോപിപ്പിക്കുന്നതിനും പ്രത്യേകം കൺട്രോൾ റൂം സംവിധാനം ഏർപ്പെടുത്തിയതായി കെഎസ്ഇബി അറിയിച്ചിരുന്നു. ഫീഡറുകളിലെ ഓവർലോഡ്, സബ്‌സ്റ്റേഷനുകളിലെ ലോഡ് ക്രമീകരണം തുടങ്ങിയ കാര്യങ്ങൾ കൺട്രോൾ റൂം ഏകോപിപ്പിക്കും.
കൂടാതെ വിവിധ സ്ഥലങ്ങളിൽ വ്യത്യസ്ത സമയങ്ങളിലെ വൈദ്യുതി ആവശ്യകതയും ലഭ്യതയും തമ്മിലുള്ള അന്തരവും കൺട്രോൾ റൂം നിരീക്ഷിക്കും. തിരുവനന്തപുരത്ത് വൈദ്യുതി ഭവനിലാണ് കൺട്രോൾ റൂം സംവിധാനം ഒരുക്കിയിരിക്കുന്നതെന്നും കെഎസ്ഇബി അറിയിച്ചു.
സംസ്ഥാനത്ത് വൈദ്യുതി സർചാർജ് ഒമ്പതിൽ നിന്ന് 19 പൈസയാക്കി ഉയർത്തിയിരുന്നു. വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനുള്ള പ്രാദേശിക നിയമന്ത്രണം തുടരുന്നതിനിടെയാണ് സർചാർജ് വർധിപ്പിച്ചുകൊണ്ട് ഉത്തരവിറങ്ങിയത്.