High Court: വനിതാ അഭിഭാഷകയോട് ഹൈക്കോടതി ജഡ്ജി അപമര്യാദയായി പെരുമാറിയെന്നാരോപണം; പ്രതിഷേധവുമായി അഭിഭാഷകർ
High Court Justice A Badaruddeen: ഹൈക്കോടതി ജസ്റ്റിസ് എ ബദറുദ്ദീനെതിരെ അഭിഭാഷകരുടെ പ്രതിഷേധം. വനിതാ അഭിഭാഷകയോട് മോശമായി പെരുമാറിയ ജസ്റ്റിസ് എ ബദറുദ്ദീൻ മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം നടക്കുന്നത്.
വനിതാ അഭിഭാഷകയോട് ഹൈക്കോടതി ജഡ്ജി അപമര്യാദയായി പെരുമാറിയെന്ന് ആരോപണം. ജസ്റ്റിസ് എ ബദറുദ്ദീനെതിരെയാണ് ആരോപണം. വനിതാ അഭിഭാഷകയായ സരിത തോമസിനോട് അപമര്യാദയായി പെരുമാറിയ ജസ്റ്റിസ് എ ബദറുദ്ദീൻ മാപ്പ് പറയണമെന്ന് അഭിഭാഷകർ ആവശ്യപ്പെട്ടു. പ്രതിഷേധസൂചകമായി കോടതി ബഹിഷ്കരിച്ച അഭിഭാഷകർ ജഡ്ജി പരസ്യമായി മാപ്പ് പറയുന്നത് വരെ ബഹിഷ്കരണം തുടരുമെന്ന് അറിയിച്ചു. വിഷയം പഠിക്കാൻ ചീഫ് ജസ്റ്റിസ് സാവകാശം തേടി.
തൻ്റെ ചേംബറിൽ വച്ച് അഭിഭാഷകയോട് ക്ഷമാപണം നടത്താമെന്നും തുറന്ന കോടതിയിൽ മാപ്പ് പറയില്ലെന്നുമാണ് ജസ്റ്റിസ് എ ബദറുദ്ദീൻ്റെ നിലപാട്. അഭിഭാഷകരുടെ ആവശ്യം പരിഗണിച്ച് കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ ജനറൽ ബോഡി യോഗം ചേർന്ന് ജസ്റ്റിസ് ബദറുദീന്റെ കോടതി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായിരുന്ന അഡ്വ. അലക്സ് എം സ്കറിയയുടെ ഭാര്യയാണ് അഭിഭാഷകയായ സരിത തോമസ്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് അലക്സ് സ്കറിയ മരിച്ചത്. അദ്ദേഹം വാദിച്ചിരുന്ന കേസിൻ്റെ വക്കാലത്ത് മാറ്റുന്ന നടപടികൾ തുടങ്ങിക്കഴിഞ്ഞിരുന്നു. എന്നാൽ, അലക്സ് വാദിച്ചിരുന്ന ഒരു കേസ് കോടതി ഈ മാസം ആറിന് പരിഗണിച്ചു. ഈ സമയത്ത് ഭർത്താവിന് പകരമായി സരിതയാണ് ഹാജരായത്. ഭര്‍ത്താവ് മരിച്ച സാഹചര്യത്തില്‍ സരിത കേസ് നടത്തിപ്പിന് സാവകാശം തേടിയത് ജസ്റ്റിസ് ബദറുദ്ദീനെ പ്രകോപിപ്പിക്കുകയായിരുന്നു.
Also Read: CPM State Conference: സിപിഎം ഭരിക്കുന്ന നഗരസഭ തന്നെ സിപിഎമ്മിന് 3.5 ലക്ഷം പിഴ ഇട്ടു
‘ആരാണ് അലക്സ് സ്കറിയ’ എന്ന് ചോദിച്ച ജസ്റ്റിസ് ബദറുദ്ദീൻ കേസുകൾ ഇങ്ങനെ നീട്ടിക്കൊണ്ടുപോകാനാവില്ല എന്ന് നിലപാടെടുത്തു. ഇത് സരിതയെ വേദനിപ്പിച്ചു എന്ന് സഹപ്രവർത്തകർ പറയുന്നു. അലക്സിനെ അറിയില്ലെന്ന തരത്തിലുള്ള ജസ്റ്റിസിൻ്റെ പെരുമാറ്റം സരിതയെ വേദനിപ്പിച്ചെന്നും കരഞ്ഞുകൊണ്ടാണ് അവർ കോടതി വിട്ടതെന്നും അഭിഭാഷകർ ആരോപിച്ചു.
മുൻപും ജസ്റ്റിസ് ബദറുദ്ദീൻ്റെ പെരുമാറ്റത്തിനെതിരെ അഭിഭാഷകർ രംഗത്തുവന്നിട്ടുണ്ട്. 2024 ഫെബ്രുവരിയിൽ ജസ്റ്റിസ് ബദറുദ്ദീൻ്റെ പെരുമാറ്റത്തെപ്പറ്റി കെഎച്ച്‌സിഎഎ ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. കഠിനമായ പുറം വേദന കാരണം കേസ് മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടും അദ്ദേഹം വഴങ്ങിയില്ലെന്നും കേസ് വാദിക്കാൻ നിർബന്ധിച്ചു എന്നുമായിരുന്നു പരാതി.