AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Question Paper Leak Case: ചോദ്യപേപ്പർ ചോർച്ചാ കേസ്; മുഖ്യപ്രതി ഷുഹൈബിനെ റിമാൻഡ് ചെയ്തു, തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നൽകും

Question Paper Leak Case: ചോദ്യങ്ങൾ ചോർത്തിയിട്ടില്ലെന്നും സാധ്യതയുള്ള ചോദ്യങ്ങൾ കുട്ടികൾക്ക് പറഞ്ഞു നൽകുക മാത്രമാണ് ചെയ്തത് എന്നാണ് ഷുഹൈബിന്റെ വാദം. ക്രിമിനൽ ​ഗൂഢാലോചന, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.

Question Paper Leak Case: ചോദ്യപേപ്പർ ചോർച്ചാ കേസ്; മുഖ്യപ്രതി ഷുഹൈബിനെ റിമാൻഡ് ചെയ്തു, തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നൽകും
എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബ് Image Credit source: social media
nithya
Nithya Vinu | Published: 07 Mar 2025 17:15 PM

കോഴിക്കോട്: ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിലെ മുഖ്യപ്രതി എംഎസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബിനെ കോടതി റിമാന്‍ഡ് ചെയ്തു. താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഷുഹൈബിനെ റിമാന്‍ഡ് ചെയ്തത്. പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പൊലീസ് തിങ്കളാഴ്ച അപേക്ഷ നല്‍കും. അതേസമയം ചോദ്യപേപ്പര്‍ അധ്യാപകര്‍ക്ക് ചോര്‍ത്തി നല്‍കിയ മലപ്പുറത്തെ അണ്‍ എയ്ഡഡ് സ്കൂളിലെ പ്യൂണായ അബ്ദുല്‍ നാസറിന്റെ ജാമ്യാപേക്ഷ താമരശ്ശേരി കോടതി തള്ളി.

കഴിഞ്ഞ ദിവസമാണ് ചോദ്യപേപ്പർ ചോർച്ച കേസിൽ മുഹമ്മദ് ഷുഹൈബ് കീഴടങ്ങിയത്. കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ഷുഹൈബ് കീഴടങ്ങിയത്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയായിരുന്നു നീക്കം. ഇതേ കേസിൽ കോഴിക്കോട് ജില്ലാ കോടതി നേരത്തെ ഷുഹൈബിന്റെ മുൻകൂർ ജാമ്യ അപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഷുഹൈബ് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഷുഹൈബിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് അധികൃതർ അറിയിച്ചിരുന്നു. സംഭവത്തിൽ അധ്യാപകരായ ഫഹദ്, ജിഷ്ണു എന്നിവരെയും ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തു.

ALSO READ: ചോദ്യപേപ്പർ ചോർച്ച കേസ്; പ്രതി ഷുഹൈബിന്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും

പത്താം ക്ലാസിന്റെയും പ്ലസ് വണ്ണിന്റെയും ക്രിസ്മസ് പരീക്ഷാ ചോദ്യക്കടലാസുകൾ എംഎസ് സൊല്യൂഷൻസിൻ്റെ യൂട്യൂബ് ചാനലിലൂടെ ചോർന്നെന്നാണ് കേസ്. പ്ലസ് വൺ കണക്ക് പരീക്ഷയുടെയും എസ്എസ്എൽസി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങളാണ് ചോർന്നത്. എന്നാൽ ചോദ്യങ്ങൾ ചോർത്തിയിട്ടില്ലെന്നും സാധ്യതയുള്ള ചോദ്യങ്ങൾ കുട്ടികൾക്ക് പറഞ്ഞു നൽകുക മാത്രമാണ് ചെയ്തത് എന്നാണ് ഷുഹൈബിന്റെ വാദം. എന്നാൽ എംഎസ് സൊല്യൂഷൻസിന്റെ യൂട്യൂബ് ചാനലിലെ വിഡിയോകൾ ചോദ്യ പേപ്പർ ചോർന്നതിന്റെ തെളിവുകളാണെന്ന് പൊലീസ് പറയുന്നു. വിഡിയോയിൽ പറയുന്ന പല ചോദ്യങ്ങളും പരീക്ഷയ്ക്ക് ചോദിച്ചിരുന്നു. ചോദ്യ പേപ്പറുമായി ബന്ധപ്പെട്ട പല വിവരങ്ങളും വിഡിയോയിൽ കൃത്യമായി പറയുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. ക്രിമിനൽ ​ഗൂഢാലോചന, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകൾ ചേർത്താണ് ഷുഹൈബിനെതിരെ കേസെടുത്തിരിക്കുന്നത്.

ചോദ്യ പേപ്പർ ചോർച്ചയുടെ ഉറവിടം കണ്ടെത്തുന്നതിന് വിദ്യാഭ്യാസ വകുപ്പും അന്വേഷണം നടത്തുന്നുണ്ട്. സംഭവത്തിൽ വകുപ്പ് തല നടപടികൾ തുടങ്ങാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ ഉദ്യോ​ഗസ്ഥരുടെ സഹായത്തോടെ ചോദ്യപേപ്പർ ചോർത്തി നൽകുന്ന റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസ് നേരത്തെ ആരോപിച്ചിരുന്നു. കേസിൽ നേരത്തെ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലായിരുന്നു പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്.