Kerala Special Train: ക്രിസ്മസിന് നാട്ടില്ലെത്താൻ ഇതാ…10 സ്പെഷ്യൽ ട്രെയിനുകൾ; 38 അധിക സർവീസുകളും
Christmas Special Train: മുംബൈ, ഡൽഹി, ഹുബ്ളി, ബെംഗളൂരു, വഡോദര തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് തിരുവനന്തപുരം, എറണാകുളം, കൊല്ലം, കോട്ടയം തുടങ്ങിയ സ്റ്റേഷനുകളിലേക്കാണ് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുക. ഇൻഡിഗോ വിമാന പ്രതിസന്ധി ഉൾപ്പെടെ നിലനിൽക്കുന്ന സാഹചര്യത്തിൽ സ്പെഷ്യൽ ട്രെയിനുകൾ മലയാളികൾക്ക് ആശ്വാസമാകും.

Special Train
തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര അവധിക്കാലം കണക്കിലെടുത്ത് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകളുടെ ചാകര. 10 ട്രെയിനുകളാണ് കേന്ദ്ര റെയിൽവെ മന്ത്രാലയം കൂടുതലായി ഏർപ്പെടുത്തിയത്. ഇവ 38 അധിക സർവീസുകൾ നടത്തുമെന്നും കേന്ദ്രമന്ത്രി ജോർജ് കുര്യൻ അറിയിച്ചു. സ്പെഷ്യൽ സർവീസുകൾ അനുവദിച്ച കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി കുമാറിന് ജോർജ് കുര്യൻ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
മുംബൈ, ഡൽഹി, ഹുബ്ളി, ബെംഗളൂരു, വഡോദര തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് തിരുവനന്തപുരം, എറണാകുളം, കൊല്ലം, കോട്ടയം തുടങ്ങിയ സ്റ്റേഷനുകളിലേക്കാണ് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുക. ഇൻഡിഗോ വിമാന പ്രതിസന്ധി ഉൾപ്പെടെ നിലനിൽക്കുന്ന സാഹചര്യത്തിൽ സ്പെഷ്യൽ ട്രെയിനുകളുടെ അധിക സർവീസ് മലയാളികൾക്കും മറ്റ് യാത്രക്കാർക്കും ഏറെ ആശ്വാസമാകും.
പൊതുവെ അവധിക്കാലങ്ങളിൽ അന്തർ സംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുന്നത് വലിയ വെല്ലുവിളിയാകാറുണ്ട്. ഈ സാഹചര്യത്തിൽ സ്പെഷ്യൽ ട്രെയിനുകൾ വരുന്നതോടെ യാത്രാക്ലേശം ഒരു പരിധി വരെ കുറയ്ക്കാനാകും. യാത്രക്കാരുടെ ആവശ്യപ്രകാരവും അവധികാലത്തെ തിരക്ക് കുറയ്ക്കാനും ഇതിലൂടെ സാധ്യമാകും.
Also Read: ക്രിസ്മസ്, പുതുവർഷയാത്ര, സ്പെഷ്യലുണ്ടോ… ഉണ്ട് ഒന്നല്ല രണ്ട് ട്രെയിനുകൾ; റൂട്ടുകൾ അറിയാം
സ്പെഷ്യൽ ട്രെയിനുകൾ
ഹുബ്ബള്ളി – കൊല്ലം– ഹുബ്ബള്ളി സ്പെഷൽ ട്രെയിൻ (07313/14) ജനുവരി 26 വരെ സർവീസ് നടത്തും.
എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത്-ബെംഗളൂരു (06523/24) സ്പെഷൽ ജനുവരി 27 വരെയും നീട്ടി
എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് –ബെംഗളൂരു (06547/48) ജനുവരി 30 വരെ സർവീസ് നടത്തും.
എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് –ബെംഗളൂരു (06555/56) ഫെബ്രുവരി രണ്ട് വരെ സർവീസ് നടത്തും.
വഡോദര–കോട്ടയം ക്രിസ്മസ് സ്പെഷൽ ട്രെയിൻ (09124) ഡിസംബർ 20, 27, 2026 ജനുവരി മൂന്ന്, 10 തീയതികളിൽ സർവീസ് നടത്തും.
ലോക്‌മാന്യതിലക് ടെർമിനസ്–തിരുവനന്തപുരം നോർത്ത് എക്‌സ്‌പ്രസ് സ്‌പെഷ്യൽ(01171) 18 ന് സർവീസ് നടത്തും.
തിരുവനന്തപുരം നോർത്ത്–ലോക്‌മാന്യതിലക് ടെർമിനസ് എക്‌സ്‌പ്രസ് സ്‌പെഷ്യൽ (01172) 20 ന് സർവീസ് നടത്തും.