Kochi Metro: വാവുബലിക്ക് പോകുന്നവർക്ക് ആശ്വാസം; അധിക സർവീസുമായി കൊച്ചി മെട്രോ; സമയവിവരങ്ങളറിയാം
Karkidaka Vavu 2026, Kochi Metro Extends Service Hours : കര്‍ക്കിടക വാവ് പ്രമാണിച്ച് ബുധനാഴ്ച കേരളത്തിൽ പിതൃതർപ്പണ ചടങ്ങുകൾ നടക്കും. തിരുവല്ലം പരശുരാമക്ഷേത്രം, ആലുവ മണപ്പുറം, തിരുനാവായ, വർക്കല പാപനാശം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് എത്തുന്നത്.
കൊച്ചി: കർക്കിടക വാവിന് കൊച്ചിക്കാർക്ക് ആശ്വാസം. ബലിതപ്പണത്തിന് എത്തുന്ന യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് കൊച്ചി മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു.ബലിതർപ്പണത്തിനെത്തുന്നവർക്ക് സുഗമമായ യാത്ര ഉറപ്പാക്കുന്നതിനായാണ് അധിക സർവീസുകൾ ക്രമീകരിച്ചതെന്ന് കൊച്ചി മെട്രോ അധികൃതർ അറിയിച്ചു.
അധിക സർവീസുകൾ
ഓഗസ്റ്റ് 11 ചൊവ്വാഴ്ച രാത്രി തൃപ്പൂണിത്തുറയിൽ നിന്ന് ആലുവയിലേക്ക് രാത്രി 11.15നും 11.30നും അധിക സർവീസുകൾ ഒരുക്കിയിട്ടുണ്ട്. ഓഗസ്റ്റ് 12 ബുധനാഴ്ച പുലർച്ചെ ആലുവയിൽ നിന്ന് തൃപ്പൂണിത്തുറയിലേക്ക് രാവിലെ 5നും 5.30നും സർവീസുകൾ നടത്തും.
കർക്കിടക വാവ്
ഓഗസ്റ്റ് 12-നാണ് കർക്കിടക വാവ്. കര്‍ക്കിടക വാവ് പ്രമാണിച്ച് ബുധനാഴ്ച കേരളത്തിൽ പിതൃതർപ്പണ ചടങ്ങുകൾ നടക്കും. തിരുവല്ലം പരശുരാമക്ഷേത്രം, ആലുവ മണപ്പുറം, തിരുനാവായ, വർക്കല പാപനാശം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് എത്തുന്നത്. തിരക്ക് കണക്കിലെടുത്ത് ദേവസ്വം ബോർഡും ഗതാഗത വിഭാഗവും പ്രത്യേക ക്രമീകരണങ്ങളും സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്.
ALSO READ: കൊച്ചി എയര്‍പോട്ടില്‍ മെട്രോയില്‍ ചെന്നിറങ്ങാം; പദ്ധതി സാധ്യതാ പഠനം പുരോഗമിക്കുന്നു
സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി
കർക്കിടവാവ് ദിവസം തിരുവനന്തപുരം ജില്ലയിലെ ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക് വിപുലമായ ഗതാഗത സംവിധാനങ്ങൾ കെഎസ്ആർടിസി ക്രമീകരിച്ചിട്ടുണ്ട്. ശംഖുംമുഖം, തിരുവല്ലം, വർക്കല, അരുവിക്കര, അരുവിപ്പുറം, കഠിനംകുളം എന്നീ ആറ് പ്രധാന ബലിതർപ്പണ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് സ്പെഷ്യൽ ബസുകൾ സർവീസ് നടത്തും. പുലർച്ചെ രണ്ട് മണി മുതൽ കെഎസ്ആർടിസി സ്‌പെഷ്യൽ സർവീസുകൾ ആരംഭിക്കുന്നതാണ്.
ആറ്റിങ്ങൽ യൂണിറ്റിന് കീഴിൽ വെള്ളനാട്, കാട്ടാക്കട, ആര്യനാട്, വെഞ്ഞാറമൂട്, പാലോട് ഡിപ്പോകളിൽനിന്ന് 10 ബസുകളും കണിയാപുരം യൂണിറ്റിന് കീഴിൽ നെടുമങ്ങാട്, വിതുര ഡിപ്പോകളിൽനിന്ന് നാല് ബസുകളും തിരുവനന്തപുരം സിറ്റി യൂണിറ്റിന് കീഴിൽ വികാസ് ഭവൻ, പേരൂർക്കട, വിഴിഞ്ഞം, നെയ്യാറ്റിൻകര, പാറശാല ഡിപ്പോകളിൽനിന്ന് 10 ബസുകളും പാപ്പനംകോട് യൂണിറ്റിന് കീഴിൽ കാട്ടാക്കട, നെയ്യാറ്റിൻകര, പാറശാല, വെള്ളറട, പൂവാർ ഡിപ്പോകളിൽ നിന്ന് 10 ബസുകളും കിളിമാനൂർ ഡിപ്പോയിൽനിന്ന് രണ്ട് ബസുകളും സ്പെഷ്യൽ സർവീസിനായി ക്രമീകരിച്ചിട്ടുണ്ടെന്ന് അറിയിച്ചു.
ആറ്റിങ്ങൽ, കണിയാപുരം തിരുവനന്തപുരം സിറ്റി, പാപ്പനംകോട് ഡിപ്പോകളിൽ നിന്നായി മുപ്പതോളം ഓർഡിനറി ബസുകളും സർവീസ് നടത്തും. തിരുവല്ലത്തേക്ക് തിരുവനന്തപുരം സിറ്റി, പാപ്പനംകോട്, വിഴിഞ്ഞം, പൂവാർ ഡിപ്പോകളിൽ നിന്നും ശംഖുമുഖത്തേക്ക് പാപ്പനംകോട്, പേരൂർക്കട, പൂവാർ, വിഴിഞ്ഞം, തിരുവനന്തപുരം സിറ്റി ഡിപ്പോകളിൽ നിന്നും സ്‌പെഷ്യൽ സർവീസുകൾ ഉണ്ടായിരിക്കുന്നതാണ്.
കൂടാതെ, വികാസ് ഭവൻ, കണിയാപുരം ഡിപ്പോകളിൽ നിന്നും വേളിയിലേക്കും കഠിനംകുളത്തേക്ക് കണിയാപുരം, ആറ്റിങ്ങൽ ഡിപ്പോകളിൽ നിന്നും അരുവിക്കരയിലേക്ക് നെടുമങ്ങാട്, വെള്ളനാട്, പേരൂർക്കട ഡിപ്പോകളിൽ നിന്നും അരുവിപ്പുറത്തേക്ക് നെയ്യാറ്റിൻകര, പാറശാല, വെള്ളറട ഡിപ്പോകളിൽ നിന്നും സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. മാറനല്ലൂർ അരുവിക്കര ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് കാട്ടാക്കട, വെള്ളറട ഡിപ്പോകളിൽ നിന്നും വർക്കലയിലേക്ക് ആറ്റിങ്ങൽ, വെഞ്ഞാറമൂട്, തിരുവനന്തപുരം സെൻട്രൽ ഡിപ്പോകളിൽ നിന്നും സ്‌പെഷൽ സർവീസുകൾ ഉണ്ടായിരിക്കുമെന്നും കെഎസ്ആർടിസി അറിയിച്ചു.
English Summary:
Kochi Metro has extended its service hours to facilitate passengers travelling for Karkidaka Vavu Bali Tharpanam. On Tuesday, August 11, additional services will operate from Tripunithura to Aluva at 11:15 pm and 11:30 pm.