കരുവന്നൂർ ബാങ്ക് തട്ടിപ്പ്: തൃശൂരിന്റെ മണ്ണിൽനിന്ന് ഉയരുന്ന പോരാട്ടം കേരളമാകെ ആളിപ്പടരുമെന്ന് സുരേഷ് ഗോപി
Suresh Gopi- Karuvannur Bank Fraud: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലൂടെ തൃശ്ശൂരിന്റെ മണ്ണിൽ നിന്ന് ഉയർന്ന സഹകരണ കൊള്ളക്കാർക്കെതിരായ പോരാട്ടം ഇനി കേരളമാകെ ആളിപ്പടരുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ജനങ്ങളുടെ കണ്ണീരൊപ്പാൻ, കൊള്ളയടിച്ച ഓരോ ചില്ലിക്കാശും തിരികെ പിടിച്ചെടുത്ത് അവകാശികളുടെ കയ്യിലെത്തിക്കാൻ എൻഡിഎ സർക്കാർ പ്രതിജ്ഞാബദ്ധമാണ് എന്ന് സുരേഷ് ഗോപി ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.

Suresh Gopi Facebook Post Karuvannur Bank Fraud
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലൂടെ തൃശ്ശൂരിന്റെ മണ്ണിൽ നിന്ന് ഉയർന്ന സഹകരണ കൊള്ളക്കാർക്കെതിരായ പോരാട്ടം ഇനി കേരളമാകെ ആളിപ്പടരുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കരുവന്നൂർ തട്ടിപ്പിന്റെ ഇരകളായ പാവങ്ങൾക്ക് അവരുടെ നിക്ഷേപത്തുക തിരികെ ലഭിക്കാൻ നടപടിയെടുക്കണമെന്ന് കഴിഞ്ഞ ദിവസം NCCF വേദിയിൽ കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷായോട് സുരേഷ് ഗോപി അഭ്യർഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും ഈ വിഷയത്തിൽ ഫെയ്സ്ബുക്ക് കുറിപ്പുമായി സുരേഷ് ഗോപി വീണ്ടും ആഞ്ഞടിച്ചത്. ജനങ്ങളുടെ കണ്ണീരൊപ്പാൻ, കൊള്ളയടിച്ച ഓരോ ചില്ലിക്കാശും തിരികെ പിടിച്ചെടുത്ത് അവകാശികളുടെ കയ്യിലെത്തിക്കാൻ എൻഡിഎ സർക്കാർ പ്രതിജ്ഞാബദ്ധമാണ് എന്ന് സുരേഷ് ഗോപി കുറിപ്പിൽ പറയുന്നു.
ഇതിന് മുമ്പും പലപ്പോഴും കരുവന്നൂർ ബാങ്ക് തട്ടിപ്പ് വിഷയത്തിൽ ഇരകൾക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യം സുരേഷ് ഗോപി ഉയർത്തിയിട്ടുണ്ട്. കേസിൽ ബാങ്കിൽ നിന്ന് കണ്ടുകെട്ടിയ 120 കോടി രൂപയിലധികം അർഹർക്ക് തന്നെ തിരികെ നൽകണമെന്നും, യഥാർത്ഥ കുറ്റക്കാരിൽ നിന്ന് പണം ഈടാക്കി സഹകരണ വകുപ്പിന് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
ALSO READ: ഇനി ഫയൽ കെട്ടുകളില്ല!; കുറ്റപത്രങ്ങളും അന്തിമ റിപ്പോർട്ടുകളും ഡിജിറ്റലാക്കാൻ പോലീസ്
സുരേഷ് ഗോപിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
ഇത് സാധാരണക്കാരന്റെ കണ്ണീരിന്റെ വിലയാണ്! കരുവന്നൂർ മുതൽ സഹകരണ കൊള്ളക്കാർക്കുള്ള താക്കീത്! കേരളം ഇന്ന് കാണുന്നത് സാധാരണക്കാരന്റെ വിയർപ്പും ജീവിതാധ്വാനവും ഒരു മടിയുമില്ലാതെ കൊള്ളയടിച്ച തസ്കരന്മാരുടെ അഴിഞ്ഞാട്ടമാണ്! പെൻഷൻ കാശും പെൺമക്കളുടെ കല്യാണത്തിനും ചികിത്സയ്ക്കുമായി പാവപ്പെട്ട അമ്മമാരും വയോധികരും കരുതിവെച്ച ഓരോ തുട്ടുപൈസയുമാണ് ചിലർ ചേർന്ന് ഇല്ലാതാക്കിയത്!.
കരുവന്നൂരിൽ ഇ.ഡി (ED) കണ്ടുകെട്ടിയ നൂറ്റിചില്ലാനം കോടി രൂപ പാവപ്പെട്ട നിക്ഷേപകർക്ക് തിരികെ നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചിട്ടും, അത് സ്വീകരിക്കാൻ പോലും തയ്യാറാകാതെ പാവങ്ങളെ വഴിയാധാരമാക്കിയ മുൻ സംസ്ഥാന ഭരണകൂടത്തിന്റെ ക്രൂരതയ്ക്ക് ഇനി അധികം ആയുസ്സില്ല! കഴിഞ്ഞ ദിവസം NCCF വേദിയിൽ ബഹുമാനപ്പെട്ട കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ ജിയുടെ മുന്നിൽ വെച്ച് അസന്ദിഗ്ദ്ധമായി തന്നെ ഞാനത് ആവശ്യപ്പെട്ടിട്ടുണ്ട്.
സഹകരണ ബാങ്കുകളിലെ കൊള്ളക്കാർ തട്ടിയെടുത്ത പാവങ്ങളുടെ പണം തിരികെ അവരുടെ കൈകളിലെത്തിക്കാൻ ശക്തമായ പരിഷ്കാരങ്ങളും ഉടൻ കേന്ദ്രസർക്കാർ നടപ്പിലാക്കണം! ഇത് കേരളത്തിന് വേണ്ടി മാത്രമല്ല, ഭാരതത്തിലെ മുഴുവൻ സാധാരണക്കാർക്കും വേണ്ടിയാണ്! ജനങ്ങളുടെ കണ്ണീരൊപ്പാൻ, കൊള്ളയടിച്ച ഓരോ ചില്ലിക്കാശും തിരികെ പിടിച്ചെടുത്ത് അവകാശികളുടെ കയ്യിലെത്തിക്കാൻ എൻഡിഎ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. തൃശ്ശൂരിന്റെ മണ്ണിൽ നിന്ന് ഉയരുന്ന ഈ പോരാട്ടം ഇനി കേരളമാകെ ആളിപ്പടരും! – എന്നാണ് കുറിപ്പ്.
English Summary
Union Minister Suresh Gopi has said that the fight against the cooperative robbers who emerged from the soil of Thrissur through the Karuvannur bank fraud case will now flare up all over Kerala. In order to wipe away the tears of the people, the NDA government is committed to recovering every penny that was looted and returning it to its rightful owners, Suresh Gopi said in a Facebook post.