13 വയസുകാരി ഉൾപ്പെട്ട കരുവാറ്റ കൊലക്കേസ്: പോലീസ് അകമ്പടിയിൽ തെളിവെടുപ്പ്, പ്രതിയുടെ ഹർജി സുപ്രീംകോടതി തള്ളി
Karuvatta Murder Case: പ്രായപൂർത്തിയാകാത്ത പ്രതിയെ പൊലീസ് അകമ്പടിയോടെ തെളിവെടുപ്പിന് കൊണ്ടുപോകാൻ നേരത്തെ കേരള ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഇതിനെതിരേയാണ് പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ ഹർജിയിലെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.

Karuvatta Murder Case Supreme Court Dismisses Plea By Minor Accused
ന്യൂഡൽഹി: 13 വയസുകാരി ഉൾപ്പെട്ട കരുവാറ്റ ശിവൻകുട്ടി ചെട്ടിയാർ കൊലക്കേസിൽ പ്രായപൂർത്തിയാകാത്ത പ്രതിയുടെ ഹർജി സുപ്രീംകോടതി തള്ളി. പ്രായപൂർത്തിയാകാത്ത കുട്ടികളെ പൊതുഇടങ്ങളിൽ തെളിവെടുപ്പ് നടത്തുന്നതിനെതിരെ പ്രതികൾ നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. പ്രായപൂർത്തിയാകാത്ത പ്രതിയെ പൊലീസ് അകമ്പടിയോടെ തെളിവെടുപ്പിന് കൊണ്ടുപോകാൻ നേരത്തെ കേരള ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഇതിനെതിരേയാണ് പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ ഹർജിയിലെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. പിന്നെ എങ്ങനെയാണ് തെളിവെടുപ്പ് നടത്തേണ്ടതെന്ന് കോടതി ചോദിച്ചു. പൊലീസിന് നിലവിലെ നടപടികളുമായി മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി.
കരുവാറ്റ കൊലപാതകത്തിൽ പ്രതികളായ കുട്ടികളെ തെളിവെടുപ്പ് നടത്താൻ നേരത്തെ ജുവനൈൽ ജസ്റ്റിസ് ബോർഡ് അനുമതി നൽകുകയും ഹൈക്കോടതി അത് ശരിവയ്ക്കുകയും ചെയ്തിരുന്നു. ഇതിനെതിരേ നൽകിയ പ്രതികളുടെ ഹർജിയാണ് ഇപ്പോൾ തള്ളപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടുന്ന കൊലപാതകങ്ങൾ ഉൾപ്പെടെയുള്ള ക്രിമിനൽക്കേസുകൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിനിടെ, പ്രായപൂർത്തിയാകാത്ത പ്രതികളുമായി തെളിവെടുപ്പ് നടത്തുന്നതിൽ സുപ്രീം കോടതി കൈക്കൊണ്ട ഈ നിലപാട് ഏറെ പ്രസക്തമാകും.
ALSO READ: പിതൃസ്വത്തിൽ കന്യാസ്ത്രീയുടെ അവകാശം നിഷേധിക്കാനാവില്ല, ആചാരങ്ങൾക്ക് മുകളിലാണ് നിയമം: ഹൈക്കോടതി
2026 ഓഗസ്റ്റിലാണ് കരുവാറ്റയിൽ വാടകയ്ക്കു താമസിക്കുന്ന കൊല്ലം പരവൂർ നെടുങ്ങോലം കൊച്ചാലും കൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാർ (65) കൊല്ലപ്പെട്ടത്. ശിവൻകുട്ടി ചെട്ടിയാരുടെ 13 വയസുള്ള കൊച്ചുമകൾ നൽകിയ നിർദേശപ്രകാരം ആൺസുഹൃത്തുക്കൾ കൊലപാതകം നടത്തുകയും അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും പെർഫ്യൂം ഉൾപ്പെടെയുള്ള വസ്തുക്കളും മോഷ്ടിക്കുകയുമായിരുന്നു.
പെൺകുട്ടിക്ക് ഐഫോൺ വാങ്ങുന്നതിനും സുഹൃത്തുക്കൾക്ക് ആഡംബര ബൈക്ക് വാങ്ങുന്നതിനുമായി പണം കണ്ടെത്തുകയായിരുന്നു കൊലപാതകത്തിന്റെ ലക്ഷ്യമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിൽ 13 വയസുകാരിക്ക് പുറമേ പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളും അറസ്റ്റിലായിരുന്നു. കേസിൽ ഹൈക്കോടതി അനുമതിയോടെ പ്രതികളുമായി പോലീസ് ഇതിനകം തന്നെ തെളിവെടുപ്പ് നടത്തി.
നേരത്തെ, തെളിവെടുപ്പ് നടത്തിയപ്പോൾ യൂണിഫോം ധരിക്കാതെയാണ് പോലീസുകാർ പ്രതികൾക്കൊപ്പം എത്തിയത്. ഔദ്യോഗിക ജീപ്പോ മറ്റു സർക്കാർ വാഹനങ്ങളോ ഉപയോഗിച്ചിരുന്നില്ല. പ്രായപൂർത്തിയാകാത്ത കുറ്റാരോപിതരെ തെളിവെടുപ്പിനു കൊണ്ടുപോകാൻ സാധാരണ ജുവനൈൽ ജസ്റ്റിസ് ബോർഡ് അനുമതി നൽകാറില്ല. എന്നാൽ ഈ കേസിലെ പ്രത്യേക സാഹചര്യവും കുറ്റകൃത്യത്തിന്റെ ഗൗരവവും കണക്കിലെടുത്ത് ആലപ്പുഴ ജുവനൈൽ ജസ്റ്റിസ് ബോർഡ് തെളിവെടുപ്പിന് അനുമതി നൽകുകയായിരുന്നു.
തെളിവെടുപ്പിന് അനുമതി നൽകിയത് ചോദ്യം ചെയ്ത് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ഹർജി തള്ളി. അങ്ങനെയാണ് അന്ന് തെളിവെടുപ്പിന് വഴിയൊരുങ്ങിയത്. കുട്ടികളെ ഒരുമിച്ചു കൊണ്ടുപോകരുതെന്നു ഹൈക്കോടതി നിർദേശിച്ചതിനാൽ പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളായ പ്രതികളുമായി മൂന്നു ദിവസങ്ങളിലായാണു തെളിവെടുപ്പ് നടത്തിയത്. കൊലപാതകം നടന്ന വാടകവീട്, കുറ്റാരോപിതർ സംഭവദിവസം എത്തിയെന്നു പറയുന്ന ഹരിപ്പാട്, പരവൂർ റെയിൽവേ സ്റ്റേഷനുകൾ, ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, ഹരിപ്പാടുള്ള രണ്ടു ഹോട്ടലുകൾ, കുറ്റാരോപിതരുടെ വീടുകൾ എന്നിവിടങ്ങളിലാണ് തെളിവെടുപ്പു നടത്തിയത്.
English Summary
The Supreme Court has dismissed a petition filed by a minor accused in the Karuvatta Sivankutty Chettiar murder case, which also involves a 13-year-old girl. The petition challenged the practice of police escorting minors to public places for the purpose of evidence collection. A Supreme Court bench, presided over by Justice B.V. Nagarathna, stated that the request made in the petition could not be granted.