Kerala Assembly Election 2026: ഫലം കാത്ത് കേരളം; വിധിയറിയാന്‍ ഒരു ദിവസം മാത്രം
Kerala Assembly Election 2026 Counting Begins Soon: മെയ് നാലിന് രാവിലെ എട്ട് മണിക്ക് ഓരോ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെയും സ്‌ട്രോങ് റൂമുകള്‍ തുറക്കും. സ്ഥാനാര്‍ഥികളുടെയോ ഏജന്റുമാരുടെയോ സാന്നിധ്യത്തിലായിരിക്കും ഒബ്‌സര്‍വര്‍മാരുടെ സാക്ഷ്യപത്രത്തോടെ സ്‌ട്രോങ് റൂമുകള്‍ തുറക്കുന്നത്. ഇതെല്ലാം സുതാര്യത ഉറപ്പാക്കാനായി വീഡിയോയില്‍ റെക്കോഡ് ചെയ്യുകയും ചെയ്യും.
തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പ് ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. വോട്ടെണ്ണല്‍ മെയ് നാലിന് തിങ്കളാഴ്ച നടക്കും. വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. കഴിഞ്ഞ വൈകിട്ടോടെ വോട്ടെണ്ണലിനായി നിയോഗിച്ച ഉദ്യോഗസ്ഥരുടെ പരിശീലനം പൂര്‍ത്തിയായി. 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളില്‍ വെച്ചാണ് വോട്ടെണ്ണല്‍ നടക്കുക.
മെയ് നാലിന് രാവിലെ എട്ട് മണിക്ക് ഓരോ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെയും സ്‌ട്രോങ് റൂമുകള്‍ തുറക്കും. സ്ഥാനാര്‍ഥികളുടെയോ ഏജന്റുമാരുടെയോ സാന്നിധ്യത്തിലായിരിക്കും ഒബ്‌സര്‍വര്‍മാരുടെ സാക്ഷ്യപത്രത്തോടെ സ്‌ട്രോങ് റൂമുകള്‍ തുറക്കുന്നത്. ഇതെല്ലാം സുതാര്യത ഉറപ്പാക്കാനായി വീഡിയോയില്‍ റെക്കോഡ് ചെയ്യുകയും ചെയ്യും.
ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുക. ഇതിന് ശേഷം വോട്ടിങ് മെഷീനിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. 500 എണ്ണത്തിന് ഒരു ടേബിള്‍ എന്ന ക്രമത്തിലാണ് തപാല്‍ വോട്ടെണ്ണല്‍ നിശ്ചയിച്ചിരിക്കുന്നത്. ഒരു വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഇവിഎം വോട്ടുകള്‍ എണ്ണാനായി പരമാവധി 14 ടേബിളുകള്‍ സജീകരിച്ചു.




ഒരു റൗണ്ടില്‍ പരമാവധി 14 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണും. രാവിലെ 8.30 ഓടെ ആദ്യഫല സൂചനകള്‍ എത്തുന്നതാണ്. 12 മണിക്കുള്ളില്‍ വോട്ടെണ്ണല്‍ സമാപിക്കാനാണ് സാധ്യത. വോട്ടെണ്ണലിനായി നിയോഗിച്ചിട്ടുള്ള കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍ എന്നിവര്‍ക്കുള്ള അവസാന ഘട്ട പരിശീലനവും മോക്ക് കൗണ്ടിങ്ങുമാണ് കഴിഞ്ഞ ദിവത്തോടെ പൂര്‍ത്തിയായത്.
ആകെ 15,465 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണുന്നതിനായി നിയോഗിച്ചിട്ടുള്ളത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കേന്ദ്ര സേനയും കേരള പോലീസും സുരക്ഷ ഒരുക്കുകയും ചെയ്യും.
ശുഭപ്രതീക്ഷയോടെ സ്ഥാനാര്‍ഥികള്‍
വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വലിയ പ്രതീക്ഷയിലാണ് ഓരോ സ്ഥാനാര്‍ത്ഥികളും. 85 സീറ്റിന് മുകളില്‍ നേടി അധികാരത്തിലെത്താന്‍ സാധിക്കുമെന്ന് യുഡിഎഫ് ഉറപ്പിച്ചു. എന്നാല്‍ ഭരണം തങ്ങളുടെ കൈവിട്ട് പോകില്ലെന്ന വിശ്വാസം എല്‍ഡിഎഫിനുമുണ്ട്. രണ്ട് സീറ്റെങ്കിലും നേടാനാകുമെന്നാണ് എന്‍ഡിഎയുടെ പ്രതീക്ഷ.
എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ഈ വര്‍ഷം യുഡിഎഫ് കേരളത്തില്‍ അധികാരത്തില്‍ വരുമെന്നാണ് പ്രവചനം. അതിന്റെ ആത്മവിശ്വാസം യുഡിഎഫ് ക്യാമ്പുകളിലുമുണ്ട്. ലോക്‌സഭ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയിലേക്ക് നടന്ന തെരഞ്ഞെടുപ്പ് വിജയത്തിന്റെ ട്രെന്‍ഡ് തന്നെ ഈ തെരഞ്ഞെടുപ്പിലും തുടരുമെന്നാണ് കോണ്‍ഗ്രസ് കണക്കുക്കൂട്ടല്‍.
മലപ്പുറം, എറണാകുളം, ഇടുക്കി, പത്തനംതിട്ട, കോഴിക്കോട്, കോട്ടയം, വയനാട് ജില്ലകളിലാണ് യുഡിഎഫ് പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത്. 79 മുതല്‍ 84 സീറ്റ് വരെ യുഡിഎഫിന് നേടാന്‍ സാധിക്കുമെന്ന് മുസ്ലിം ലീഗും പ്രതീക്ഷ അര്‍പ്പിക്കുന്നുണ്ട്.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ മെയ് നാലോടെ മാറിമറിയുമെന്ന് എല്‍ഡിഎഫും പറയുന്നു. 75 സീറ്റിന് മുകളില്‍ ലഭിക്കുമെന്നാണ് മുന്നണി വിശ്വാസം. 61 സീറ്റുകളില്‍ ഉറച്ച വിജയം നേടുമെന്നും 14 സീറ്റില്‍ മേല്‍ക്കൈ നേടുമെന്നും സിപിഎം പറയുന്നു. തൃശൂര്‍, പാലക്കാട്, തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, ആലപ്പുഴ, കാസര്‍കോട് ജില്ലകളിലാണ് പാര്‍ട്ടിക്ക് പ്രതീക്ഷ.
നേമം, കഴക്കൂട്ടം എന്നീ മണ്ഡലങ്ങളില്‍ തങ്ങള്‍ക്ക് വിജയിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഇതിന് പുറമെ ചില മണ്ഡലങ്ങളില്‍ അട്ടിമറി വിജയത്തിന് സാധ്യതയുണ്ടെന്നും പ്രതീക്ഷിക്കപ്പെടുന്നു.
English Summary
With just hours left for the Kerala Assembly Election 2026 results, authorities have completed all arrangements for vote counting, ensuring a smooth and secure process across the state.