Kerala Assembly Election Result 2026: ‘എവിടെയാണ് പിഴച്ചതെന്ന് പരിശോധിക്കും, തിരുത്തൽ നടപടികൾ ഉണ്ടാകും’; തോൽവി സമ്മതിച്ച് സിപിഎം, ആദ്യ പ്രതികരണം
CPM First Response After Result Published: കേരളത്തിൽ എൽഡിഎഫ് പരാജയപ്പെട്ടത് ജനവിധി മാനിച്ചുതന്നെ പരിശോധിക്കുമെന്നാണ് പാർട്ടി അറിയിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങൾക്കിടയിലും ജനക്ഷേമത്തിനായി കഴിയുന്നത്ര ശ്രമിച്ചിട്ടും കേരളത്തിൽ ഭരണത്തുടർച്ച നേടാനാവാത്തത് എന്തുകൊണ്ടാണെന്ന് പാർട്ടി തീർച്ചയായും പരിശോധിക്കും. പത്ത് വർഷത്തിന് ശേഷം എൽഡിഎഫിൻ്റെ കോട്ടയടക്കം നഷ്ടമായത് സിപിഎമ്മിന് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.

തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷമുള്ള ആഹ്ലാദപ്രകടനം
ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായ പരാജയത്തിൽ പ്രതികരിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ. കേരളത്തിനേറ്റ കനത്ത തിരിച്ചടിയും പശ്ചിമ ബംഗാളിലെ ബിജെപിയുടെ വിജയവും അതീവ ഗൗരവത്തോടെ കാണുന്നതായി പാർട്ടി അറിയിച്ചു. തുടർച്ചയായ പത്ത് വർഷത്തിന് ശേഷം എൽഡിഎഫിൻ്റെ കോട്ടയടക്കം നഷ്ടമായത് സിപിഎമ്മിന് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.
കേരളത്തിൽ എൽഡിഎഫ് പരാജയപ്പെട്ടത് ജനവിധി മാനിച്ചുതന്നെ പരിശോധിക്കുമെന്നാണ് പാർട്ടി അറിയിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങൾക്കിടയിലും ജനക്ഷേമത്തിനായി കഴിയുന്നത്ര ശ്രമിച്ചിട്ടും കേരളത്തിൽ ഭരണത്തുടർച്ച നേടാനാവാത്തത് എന്തുകൊണ്ടാണെന്ന് പാർട്ടി തീർച്ചയായും പരിശോധിക്കും. പരാജയത്തിൻറെ കാരണങ്ങളെക്കുറിച്ച് ഗൗരവമായ ആത്മപരിശോധന നടത്തുമെന്നും ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും, ജനകീയ പോരാട്ടങ്ങളുമായി മുന്നോട്ട് പോകുമെന്നും സിപിഎം പൊളിറ്റ് ബ്യൂറോ വ്യക്തമാക്കി.
ALSO READ: എൽഡിഎഫ് പ്രതിപക്ഷത്തേക്ക്; നയിക്കാൻ പിണറായിയോ റിയാസോ? ചർച്ചകൾ സജീവം
ബംഗാളും തമിഴ്‌നാടും, ആശങ്കയോടെ പാർട്ടി
പശ്ചിമ ബംഗാളിൽ ബിജെപിക്കുണ്ടായ മുന്നേറ്റത്തിൽ പാർട്ടി വളരെയധികം ആശങ്ക രേഖപ്പെടുത്തി. വർഗീയ ധ്രുവീകരണവും കേന്ദ്ര ഏജൻസികളുടെ ദുരുപയോഗവുമാണ് ബംഗാളിൽ ബിജെപിയെ പിന്തുണച്ചതെന്നാണ് പാർട്ടിയുടെ ഭാഗത്ത് നിന്നുയരുന്ന വാദം. എന്നിരുന്നാലും, ഇത്തരം വെല്ലുവിളികൾക്കിടയിലും ബംഗാളിൽ ഇടതുപക്ഷത്തിന് വോട്ട് വിഹിതത്തിൽ നേരിയ പുരോഗതി ഉണ്ടാക്കാൻ സാധിച്ചുവെന്നും പാർട്ടിയുടെ പ്രസ്താവനയിൽ പറയുന്നു.
തമിഴ്‌നാട്ടിൽ വിജയ്‌യുടെ ടിവികെ ഒരു വലിയ ശക്തിയായി ഉയർന്നുവന്നതും ഡിഎംകെ സഖ്യത്തിനുണ്ടായ പരാജയവും പാർട്ടി നിരീക്ഷിച്ചു വരികയാണ്. തെരഞ്ഞെടുപ്പ് ഫലങ്ങൾ വിശകലനം ചെയ്യുന്നതിനായി പോളിറ്റ് ബ്യൂറോയും സെൻട്രൽ കമ്മിറ്റിയും സംയുക്തമായി ഉടൻ യോഗം ചേർന്നേക്കുമെന്നാണ് വിവരം. മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കുന്നതിനായുള്ള പോരാട്ടം ഭാവിയിൽ കൂടുതൽ കരുത്തോടെ തുടരും. തങ്ങളിൽ വിശ്വാസമർപ്പിച്ച വോട്ടർമാർക്കും പ്രവർത്തകർക്കും നന്ദി അറിയിക്കുന്നതായും സിപിഎം പ്രസ്താവനയിൽ വ്യക്തമാക്കി.
കേരളം തൂക്കി യുഡിഎഫ്
ഇടതുഭരണത്തെ കടപുഴക്കികൊണ്ടാണ് യുഡിഎഫ് വേരുകൾ കേരളത്തിലാകെ പതിച്ചത്. പല ജില്ലകളിലും യുഡിഎഫ് നടത്തിയത് ചരിത്രമുന്നേറ്റമാണ്. 102 സീറ്റുകൾ നേടികൊണ്ട് യുഡിഎഫ് ഭരണം ഉറപ്പിച്ചിരിക്കുകയാണ്. 35 സീറ്റുകൾ നേടി ചരിത്ര തോൽവിക്കാണ് ഇടതുമുന്നണി സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ 25 വർഷത്തിലേറെയായി എംഎൽഎമാരില്ലാത്ത കോഴിക്കോട്ടുൾപ്പെടെ മികച്ച മുന്നേറ്റമാണ് യുഡിഎഫിന് ലഭിച്ചത്.
പ്രമുഖ മന്ത്രിമാരുടെയടക്കം വേരുകൾ പറിച്ചെറിഞ്ഞുകൊണ്ട് എൽഡിഎഫിൻ്റെ പല കോട്ടകളും തകർത്തുകൊണ്ടാണ് യുഡിഎഫ് വിജയം കാഴ്ച്ചവച്ചിരിക്കുന്നത്. പത്ത് വർഷത്തെ ഭരണംകൊണ്ട് കേരളത്തിൽ വികസനം നടപ്പിലാക്കിയെന്ന ആവർത്തിച്ചുള്ള വാദങ്ങളെ ജനങ്ങൾ വിശ്വാസമർപ്പിച്ചില്ല എന്നതാണ് ഈ ഫലം പുറത്തുവരുമ്പോൾ നാം മനസ്സിലക്കേണ്ടത്. ഭരണവിരുദ്ധ വികാരവും, അടിച്ചമർത്തലുകളും, ശബരിമല സ്വർണകൊള്ളയും വോട്ടുകളെ കാര്യമായി സ്വാധീനിച്ചതായാണ് വിലയിരുത്തലുകൾ.
കഴിഞ്ഞ തവണ വൻ ഭൂരിപക്ഷത്തോട് കൂടി വിജയിച്ച സ്വന്തം മണ്ഡലമായ ധർമ്മടത്ത് പോലും പിണറായി വിജയന് ഇത്തവണ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചിരിക്കുന്നത്. വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ മണിക്കൂറിൽ പിന്നിൽ നിന്നിരുന്ന പിണറായി അവസാന നിമിഷത്തിൽ മുന്നിലേക്ക് എത്തുകയായിരുന്നു.
English Summary:
2026 Kerala Assembly Election confirm a historic victory for the UDF. CPI(M) has officially conceded defeat included their main seats. After defeat CPM First Response Says corrective measures will be taken next time.