Kerala Bevco Wines : മദ്യ ബ്രാൻഡുകൾ മാത്രമല്ല, വിൽപ്പനയിൽ ബെവ്കോയുടെ നേട്ടം ഇത്
Bevco Wines Sales: ബെവ്കോയിൽ 118 ഇന്ത്യൻ ബ്രാൻഡുകളും 33 വിദേശ ബ്രാൻഡുകളുമുണ്ട്. ഒരു സ്റ്റാൻഡേർഡ് 750 മില്ലി കുപ്പിക്ക് 250 രൂപ മുതൽ 2,970 രൂപ വരെയാണ് വില. എന്നാൽ എല്ലാവർക്കും ഇത് പറ്റില്ലെന്നത് അറിഞ്ഞിരിക്കണം
തിരുവനന്തപുരം: മദ്യം വിറ്റുമാത്രമാണ് ബെവ്കോ ഇപ്പോൾ വമ്പൻ വരുമാനം നേടുന്നതെന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കിൽ ആ ചിന്ത മാറാൻ സമയമായിരിക്കുന്നു. സംസ്ഥാനത്ത് മദ്യപാനികളുടെ ഏറ്റവും പ്രിയം വിസ്കി, റം, ബ്രാണ്ടി, ബിയർ എന്നിവയാണെങ്കിലും ഒരു സൈലൻ്റ് വിന്നർ ഇടയിലുണ്ടെന്ന് പലർക്കും അറിയില്ല. അതിനെ പറ്റിയാണ് ഇവിടെ പരിശോധിക്കുന്നത്. ഇത് മദ്യമാണെന്ന് കരുതേണ്ട, സംഭവം വൈൻ ആണ്. ബെവ്കോയുടെ കണക്ക് പ്രകാരം സമീപ വർഷങ്ങളിൽ വൈൻ ഉപഭോഗത്തിൽ ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലായി ബെവ്കോ രണ്ട് ലക്ഷത്തിലധികം കെയ്‌സ് വൈൻ ആണ് വിറ്റത്
വിറ്റത്
2024-25 ൽ 2.34 ലക്ഷം കെയ്‌സ് (21.14 ലക്ഷം ലിറ്റർ),
2023-24 ൽ 2.33 ലക്ഷം കെയ്‌സ് (21 ലക്ഷം ലിറ്റർ).
വിദേശ നിർമ്മിത വൈൻ
വിദേശ നിർമ്മിത വൈനിൻ്റെ വിൽപ്പന 2,969 കെയ്‌സും (26,721 ലിറ്റർ) 2,536 കെയ്‌സും (22,824 ലിറ്റർ) ആയിരുന്നു. 2023-24 ൽ ഇന്ത്യൻ വൈനിൻ്റെ വിൽപ്പന ആദ്യമായി രണ്ട് ലക്ഷം കെയ്‌സ് കടന്നിരുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളിലെ ശരാശരി വിൽപ്പന 1.5 ലക്ഷം കെയ്‌സായിരുന്നു (13.50 ലക്ഷം ലിറ്റർ). പ്രീമിയം ഔട്ട്‌ലെറ്റുകൾ തുറക്കുന്നതും മറ്റുള്ളവയുടെ നവീകരണവുമാണ് വിൽപ്പനയിലെ കുതിച്ചുചാട്ടത്തിന് കാരണമെന്ന് ബെവ്‌കോ മാനേജിംഗ് ഡയറക്ടർ ഹർഷിത അട്ടലൂരി പറഞ്ഞു.
ബെവ്കോയിൽ 118 ഇന്ത്യൻ ബ്രാൻഡുകളും 33 വിദേശ ബ്രാൻഡുകളും അടങ്ങുന്ന വൈനുകളുണ്ട്. ഇന്ത്യൻ വൈൻ, ഒരു സ്റ്റാൻഡേർഡ് 750 മില്ലി കുപ്പിക്ക് 250 രൂപ മുതൽ 2,970 രൂപ വരെയാണ് വില. അതേ വലുപ്പത്തിലുള്ള ഇറക്കുമതി ചെയ്ത ബ്രാൻഡുകളുടെ വില 1,380 രൂപ മുതൽ 2,820 രൂപ വരെയായിരിക്കും.
വീട്ടിൽ വൈൻ നിർമ്മിച്ചാൽ
വീട്ടിൽ നിർമ്മിച്ച വൈനുകളുടെ വിൽപ്പനയ്‌ക്കെതിരെ എക്സൈസ് വകുപ്പ് നടത്തിയ നടപടി ബെവ്‌കോയ്ക്ക് അനുകൂലമായി മാറിയെന്ന് വകുപ്പിലെ ഒരു വൃത്തങ്ങൾ പറഞ്ഞു. അബ്കാരി ആക്ട് പ്രകാരം, ലൈസൻസില്ലാതെ വൈൻ നിർമ്മിക്കുന്നത് സെക്ഷൻ 58 പ്രകാരം കുറ്റകരമാണ്, കൂടാതെ സെക്ഷൻ 55 (i) പ്രകാരം അതിൻ്റെ വിൽപ്പന ശിക്ഷാർഹവുമാണ്.