Kerala Electricity Crisis: വൈദ്യുതി നിയന്ത്രണ ഭീഷണി ഒഴിയുന്നു; ഇന്നും നാളെയും പവർകട്ടിന് സാധ്യത കുറവ്
Kerala Electricity Crisis Update: പീക്ക് അവറുകളിലെ അതായത് വൈകുന്നേരം 6 മുതൽ രാത്രി 11 വരെയുള്ള സമയത്തെ കടുത്ത വൈദ്യുതി ക്ഷാമത്തിന് താൽക്കാലിക പരിഹാരമായതോടെ ഇന്ന് സർവീസുകൾ തടസ്സപ്പെടാൻ സാധ്യതയില്ലെന്നാണ് സൂചന. വൈകുന്നേര സമയങ്ങളിലെ അനാവശ്യ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് ഉപഭോക്താക്കളോട് കെഎസ്ഇബി അഭ്യർത്ഥിച്ചു.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണ ഭീഷണി ഒഴിയുന്നു (Kerala Electricity Crisis). കേന്ദ്ര നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യത ഉയർന്നതോടെ സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരില്ലെന്ന് കെഎസ്ഇബി (KSEB) അറിയിച്ചു. പീക്ക് അവറുകളിലെ അതായത് വൈകുന്നേരം 6 മുതൽ രാത്രി 11 വരെയുള്ള സമയത്തെ കടുത്ത വൈദ്യുതി ക്ഷാമത്തിന് താൽക്കാലിക പരിഹാരമായതോടെ ഇന്ന് സർവീസുകൾ തടസ്സപ്പെടാൻ സാധ്യതയില്ലെന്നാണ് സൂചന.
മധ്യപ്രദേശിൽ നിന്ന് സ്വാപ്പ് വ്യവസ്ഥയിൽ പീക്ക് സമയത്ത് 200 മെഗാവാട്ട് അധിക വൈദ്യുതി കേരളത്തിന് ലഭ്യമായി തുടങ്ങി. പവർ എക്‌സ്‌ചേഞ്ചുകളിലെ റിയൽ ടൈം മാർക്കറ്റിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി മുൻകൂട്ടി വാങ്ങാൻ കെഎസ്ഇബിക്ക് സാധിച്ചതാണ് തിരിച്ചടിയൊഴിവാക്കിയത്. എന്നാൽ, വൈകുന്നേര സമയങ്ങളിലെ അനാവശ്യ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് ഉപഭോക്താക്കളോട് കെഎസ്ഇബി അഭ്യർത്ഥിച്ചു.
ALSO READ: തീവ്ര ന്യൂനമർദം മഴ തരുമോ? വീണ്ടും പൊള്ളുന്ന ചൂടിൽ കേരളം
കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന ഉപയോഗം കാരണം ചില പ്രദേശങ്ങളിൽ ഭാഗിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എങ്കിലും പുതിയ ക്രമീകരണങ്ങളോടെ വൈദ്യുതി പ്രതിസന്ധി താൽക്കാലികമായി പരിഹരിക്കാൻ കഴിഞ്ഞതായി കെഎസ്ഇബി വൃത്തങ്ങൾ വ്യക്തമാക്കി. സംസ്ഥാനത്ത് ഇന്നലെയും വൈദ്യുതി നിയന്ത്രണ മുന്നറിയിപ്പില്ല നൽകിയിരുന്നില്ല. വൈകിട്ട് 7 മുതൽ രാത്രി 12 വരെ വൈദ്യുതി ഉപയോഗത്തിൽ ഉപഭോക്താക്കളും വ്യവസായ സ്ഥാപനങ്ങളും നിയന്ത്രണം പാലിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സർക്കുലർ ഇറക്കിയിരുന്നു.
വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം പാലിക്കണം
വാട്ടർ അതോറിറ്റി പമ്പിങ്ങും വീട്ടിൽ കൂടുതൽ വൈദ്യുതി ആവശ്യമായ ഉപകരണങ്ങളുടെ പ്രവർത്തനവും പകലാക്കണമെന്നാണ് സർക്കാരിൻ്റെ ഉത്തരവിൽ പറയുന്നത്. എസി താപനില 25 ഡിഗ്രിയിൽ കുറയ്ക്കാതെ വയ്ക്കണം. അനാവശ്യ ദീപാലങ്കാരങ്ങൾ ഒഴിവാക്കണമെന്നും ഊർജ്ജ വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം ഇറക്കിയ സർക്കുലറിൽ നിർദ്ദേശിച്ചു.
വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ചെയ്യേണ്ടത്
- വാട്ടർ ഹീറ്റർ, ഇൻഡക്ഷൻ കുക്കർ, വാഷിങ് മെഷീൻ, പമ്പ് സെറ്റുകൾ തുടങ്ങി കൂടുതൽ വൈദ്യുതി ആവശ്യമായ ഉപകരണങ്ങളുടെ ഉപയോഗം പരമാവധി പകൽ സമയങ്ങളിലേക്ക് മാറ്റണം.
- ഭക്ഷണം നന്നായി തണുത്തതിനു ശേഷം മാത്രം ഫ്രിഡ്ജിലേക്ക് മാറ്റുക.
- സാധാരണ ഫിലമെന്റ് ബൾബുകൾക്കും ട്യൂബ് ലൈറ്റുകൾക്കും പകരം എൽഇഡി ബൾബുകൾ ഉപയോഗിക്കുക.
- ഫോൺ ചാർജറുകൾ, ടിവി, മൈക്രോവേവ് എന്നിവ ഉപയോഗ ശേഷം പ്ലഗ് പോയിന്റിൽ നിന്ന് സ്വിച്ച് ഓഫ് ചെയ്യുക.
English Summary:
KSEB latest update on power cut says, no chance of load shedding today and tomorrow. Central grid supply and 200 MW swap power from Madhya Pradesh bring relief to Kerala consumers.