Kerala Govt Website Hacked: പൊതുഭരണ വകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; ഹോം പേജില്‍ ‘പാക് അനുകൂല സന്ദേശങ്ങള്‍’!
Kerala government official website hacked: 'ടീം ബ്ലാക്ക്‌ലീറ്റ്‌സ്' ആണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തതെന്നാണ് അവകാശവാദം. വെബ്‌സൈറ്റ് പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. നിലവില്‍ 'അക്കൗണ്ട് സസ്‌പെന്‍ഡഡ്' എന്നാണ് വെബ്‌സൈറ്റിലെ ഹോം പേജില്‍ കാണിക്കുന്നത്. ഹാക്ക് ചെയ്തതിനു ശേഷം ഹോം പേജില്‍ പാകിസ്ഥാന്റെ ദേശീയ പതാകയുടെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ പൊതുഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. https://gad.kerala.gov.in/ എന്ന വെബ്‌സൈറ്റാണ് ഹാക്ക് ചെയ്തത്. ഇതിന് പിന്നാലെ വെബ്‌സൈറ്റിലെ ഹോം പേജില്‍ ‘പാകിസ്ഥാന്‍ സിന്ദാബാദ്’ എന്ന സന്ദേശം പ്രത്യക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ‘ടീം ബ്ലാക്ക്‌ലീറ്റ്‌സ്’ ആണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തതെന്നാണ് അവകാശവാദം. വെബ്‌സൈറ്റ് പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. നിലവില്‍ ‘അക്കൗണ്ട് സസ്‌പെന്‍ഡഡ്’ എന്നാണ് വെബ്‌സൈറ്റിലെ ഹോം പേജില്‍ കാണിക്കുന്നത്. ഹാക്ക് ചെയ്തതിനു ശേഷം ഹോം പേജില്‍ പാക് അനുകൂല മുദ്രാവാക്യങ്ങള്‍ പങ്കുവെച്ചതിനൊപ്പം പാകിസ്ഥാന്റെ ദേശീയ പതാകയുടെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കൂടാതെ ‘വി ആര്‍ പാകിസ്ഥാനി ഹാക്കേഴ്‌സ്’ എന്നും കുറിച്ചിട്ടുണ്ട്. ‘ദിവസവും നിരവധി വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യാറുണ്ട്, ഇന്ന് നിങ്ങളുടെ ദിവസമാണ്’ എന്നും ഹാക്കര്‍മാര്‍ എഴുതിയിട്ടുണ്ട്. പാക് സൈബര്‍ അറ്റാക്കര്‍, ഡെഡ് ആഡേഴ്‌സ് ക്രൂ, പാക് ഗോസ്റ്റ് ആര്‍മി, പാക് സൈബര്‍ അറ്റാക്കര്‍, പാക് സൈബര്‍ തണ്ടേഴ്‌സ്, പാക് സൈബര്‍ സ്‌കള്‍സ് തുടങ്ങിയ പേരുകളും ഹോം പേജില്‍ ഹാക്ക് ചെയ്തതിനു ശേഷം രേഖപ്പെടുത്തിയിരുന്നു.
നിലവില്‍ പൊതുഭരണ വകുപ്പിന്റെ വെബ്‌സൈറ്റ് ലഭ്യമല്ല. സംഭവത്തില്‍ ഔദ്യോഗിക പ്രതികരണങ്ങളും പുറത്തുവന്നിട്ടില്ല. സൈറ്റിന്റെ ഹോം പേജ് മാത്രം മാറ്റിയതാണോയെന്നും വ്യക്തമല്ല. സെര്‍വറിലേക്കോ, ഡാറ്റാബേസിലേക്കോ ഹാക്കര്‍മാര്‍ പ്രവേശിച്ചിട്ടുണ്ടോയെന്നത് സംബന്ധിച്ചും വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ബ്ലാക്ക്‌ലീറ്റ്‌സിന്റെ പേരില്‍ നേരത്തെയും പല വെബ്‌സൈറ്റുകളും ഹാക്ക് ചെയ്യപ്പെട്ടതായി സൂചനകളുണ്ട്. ഈ സംഘത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
വെബ്‌സൈറ്റ് പുനഃസ്ഥാപിക്കാന്‍ ശ്രമം
വെബ്‌സൈറ്റ് താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും ‘വീ വില്‍ ബി ബാക്ക് ഷോര്‍ട്ട്‌ലി, സര്‍വീസ് ടെമ്പററി അണ്‍അവയലബിള്‍’ എന്ന് ഹോം പേജില്‍ കാണിക്കുന്നുണ്ട്. ഈ വെബ്‌സൈറ്റ് താൽക്കാലികമായി ലഭ്യമല്ല.
സേവനം എത്രയും വേഗം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ സാങ്കേതിക വിഭാഗം നടത്തിവരികയാണെന്നും പൊതുഭരണ വകുപ്പിന്റെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നുണ്ട്. ഇതുമൂലമുണ്ടായ അസൗകര്യത്തില്‍ വകുപ്പ് ക്ഷമ ചോദിച്ചു. സഹകരണത്തിന് നന്ദിയും അറിയിച്ചിട്ടുണ്ട്. സൈബര്‍ ആക്രമണത്തിന് പിന്നില്‍ ആരെന്ന് കണ്ടെത്താനുള്ള അന്വേഷണം ഉണ്ടായേക്കും.
സര്‍ക്കാര്‍ വെബ്‌സൈറ്റുകളുടെ മേല്‍നോട്ടം ഐടി വകുപ്പിനാണ്. ഡാറ്റകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമാകുന്നത്. സൈബര്‍ പൊലീസ് വൈകാതെ തന്നെ അന്വേഷണം ആരംഭിക്കാനാണ് സാധ്യത.
English Summary
The official website of Kerala’s General Administration Department (GAD) was hacked. A hacker group named ‘Team Blackleets’ claimed responsibility for the cyberattack. The hackers posted a Pakistani flag and pro-Pakistan slogans on the homepage. Authorities immediately initiated procedures to regain full control of the portal.