Kerala High court: പണമില്ലാത്തതിന്റെ പേരിൽ ഇനിയാരെയും ചികിത്സിക്കാതിരിക്കരുത് – ഹൈക്കോടതി
Hospitals Cannot Deny Treatment Over Lack of Funds: സാധാരണയുള്ള ചികിത്സ, പാക്കേജ് എന്നിവയുടെ അടിസ്ഥാന നിരക്ക് പൊതുജനങ്ങൾക്ക് കാണാനാവുംവിധം പ്രദർശിപ്പിക്കണം. അപ്രതീക്ഷിതമായുണ്ടാകുന്ന സങ്കീർണതകൾ, നടപടിക്രമങ്ങൾ എന്നിവയ്ക്കുള്ള നിരക്കുകൾ വേർതിരിച്ചുണ്ടാകുമെന്ന് ഇതിനൊപ്പം അറിയിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
കൊച്ചി: ജീവൻ രക്ഷിക്കുന്നതിന് സഹായകമായ പ്രാഥമിക ചികിത്സ നിഷേധിക്കാൻ ഒരു ആശുപത്രിയെയും അനുവദിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ചികിത്സാ സഹായം ലഭിക്കുന്നതിന് പണമോ രേഖകളോ ഒരു കാരണവശാലും തടസ്സമാകരുത്. ജസ്റ്റിസുമാരായ ശുശ്രുത് അരവിന്ദ് ധർമാധികാരി, വി.എം.ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഈ സുപ്രധാന നിർദേശം.
കൂടുതൽ മെച്ചപ്പെട്ട ചികിത്സ സൗകര്യമുള്ള ആശുപത്രിയിലേക്ക് രോഗിയെ മാറ്റേണ്ട സാഹചര്യം വന്നാൽ, സുരക്ഷിതമായ മാറ്റം ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ആദ്യമെത്തിക്കുന്ന ആശുപത്രിക്കാണ്. കൂടാതെ, രോഗികൾക്ക് കൃത്യമായ രേഖകളും റിപ്പോർട്ടുകളും കൈമാറണമെന്നും കോടതി നിർബന്ധമാക്കി. സംസ്ഥാനത്തെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിലെ ചില വ്യവസ്ഥകൾ സിംഗിൾ ബെഞ്ച് നേരത്തെ ശരിവച്ചിരുന്നു. ഇതിനെതിരെ സ്വകാര്യ ആശുപത്രികൾ അടക്കം നൽകിയ അപ്പീൽ പരിഗണിച്ച് ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവയ്ക്കുകയും കൂടുതൽ വ്യവസ്ഥകൾ ഉൾപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
ഒരു രോഗിയെ ഡിസ്ചാർജ് ചെയ്യുമ്പോൾ, ഡിസ്ചാർജ് സമ്മറിക്കൊപ്പം ഇസിജി, എക്സ്-റേ, സിടി സ്കാൻ ഉൾപ്പെടെയുള്ള എല്ലാ റിപ്പോർട്ടുകളും രേഖകളും രോഗിക്കു കൈമാറണം. എല്ലാ ആശുപത്രികളിലെയും റിസപ്‌ഷൻ/അഡ്മിഷൻ ഡെസ്ക്, ഔദ്യോഗിക വെബ്സൈറ്റ് എന്നിവയിൽ മലയാളത്തിലും ഇംഗ്ലീഷിലും സേവനങ്ങൾ ലഭ്യമായിരിക്കണം. സാധാരണയുള്ള ചികിത്സ, പാക്കേജ് എന്നിവയുടെ അടിസ്ഥാന നിരക്ക് പൊതുജനങ്ങൾക്ക് കാണാനാവുംവിധം പ്രദർശിപ്പിക്കണം. അപ്രതീക്ഷിതമായുണ്ടാകുന്ന സങ്കീർണതകൾ, നടപടിക്രമങ്ങൾ എന്നിവയ്ക്കുള്ള നിരക്കുകൾ വേർതിരിച്ചുണ്ടാകുമെന്ന് ഇതിനൊപ്പം അറിയിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
Also read – ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വേടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പരാതികളുണ്ടെങ്കിൽ നൽകേണ്ടയാളുടെ പേര്, ഫോൺ നമ്പർ, ഇമെയിൽ ഐഡി, ജില്ലാ റജിസ്റ്ററിങ് അതോറിറ്റി/ഡിഎംഒ ഹെൽപ് ലൈൻ വിശദാംശങ്ങൾ എന്നിവയും നൽകണമെന്നും കോടതി നിർദേശിച്ചു. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിൽ നിർദേശിച്ചിരിക്കുന്നതിന് അനുസരിച്ച് ആശുപത്രിയിലെ ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും ഉൾപ്പെടെയുള്ള എല്ലാ ജീവനക്കാരുടെയും വിശദാംശങ്ങൾ നൽകണം.