Rahul Mamkootathil: രാഹുൽ മാങ്കൂട്ടത്തിൽ നിയമപരമായി ചെയ്ത തെറ്റ് എന്ത്? അയാൾ അവിവാഹിതനാണ്; ഹൈക്കോടതി
Kerala High Court remarks on rahul mamkootathil bail plea: രാഹുൽ മാങ്കൂട്ടത്തിൽ അവിവാഹിതനാണെന്നും ഉഭയസമ്മതപ്രകാരം ഒരാൾക്ക് എത്ര ബന്ധങ്ങൾ വേണമെങ്കിലും ഉണ്ടാകാമെന്നും കോടതി നിരീക്ഷിച്ചു. നിയമപരമായി വിവാഹിതയായ ഒരാളുമായി പോലും സമ്മതത്തോടെയുള്ള ബന്ധം അനുവദനീയമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Rahul Mamkootathil
കൊച്ചി: അവിവാഹിതനായ ഒരാൾ ഉഭയസമ്മതപ്രകാരം ഒന്നിലധികം സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിൽ നിയമപരമായി തെറ്റില്ലെന്ന് കേരള ഹൈക്കോടതി. എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് നിർണ്ണായക പരാമർശങ്ങൾ നടത്തിയത്.
രാഹുൽ മാങ്കൂട്ടത്തിൽ അവിവാഹിതനാണെന്നും ഉഭയസമ്മതപ്രകാരം ഒരാൾക്ക് എത്ര ബന്ധങ്ങൾ വേണമെങ്കിലും ഉണ്ടാകാമെന്നും കോടതി നിരീക്ഷിച്ചു. നിയമപരമായി വിവാഹിതയായ ഒരാളുമായി പോലും സമ്മതത്തോടെയുള്ള ബന്ധം അനുവദനീയമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രതിക്കെതിരെ ഒന്നിലധികം സ്ത്രീകൾ സമാനമായ പരാതി നൽകിയത് ക്രിമിനൽ പശ്ചാത്തലമായി കാണണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, കേസുകൾ എഫ്.ഐ.ആർ ഘട്ടത്തിലാണെന്നും ഒരിടത്തും അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലാത്തതിനാൽ ഇത് മുൻകാല ക്രിമിനൽ പശ്ചാത്തലമായി കണക്കാക്കാനാകില്ലെന്നും കോടതി മറുപടി നൽകി.
ലൈംഗിക ബന്ധം പ്രഥമദൃഷ്ട്യാ പരസ്പര സമ്മതത്തോടെയാണെന്ന് തോന്നാമെങ്കിലും, നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന ആരോപണം ഗൗരവമുള്ളതാണെന്ന് കോടതി പറഞ്ഞു. ഇത് പ്രത്യേക കുറ്റമായി പരിഗണിക്കാവുന്നതാണ്.
പ്രോസിക്യൂഷൻ വാദം
രാഹുൽ മാങ്കൂട്ടത്തിൽ സ്വാധീനമുള്ള വ്യക്തിയാണെന്നും പരാതിക്കാർ കടുത്ത സൈബർ ഭീഷണി നേരിടുന്നുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. നിർബന്ധിത ഗർഭച്ഛിദ്രം നടന്നതായും ഇതിന് തെളിവായി വാട്‌സാപ്പ് സന്ദേശങ്ങൾ ഉണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
തുടക്കത്തിൽ സമ്മതത്തോടെയായിരുന്നുവെങ്കിലും പിന്നീട് ബലം പ്രയോഗിച്ചുവെന്ന ആരോപണവും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. നിലവിൽ രാഹുലും പരാതിക്കാരിയും തമ്മിലുള്ള ചാറ്റുകൾ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയാനായി മാറ്റിവെച്ചു. രാഹുലിനെതിരെയുള്ള മറ്റ് രണ്ട് പരാതികളിൽ നേരത്തെ പത്തനംതിട്ട, തിരുവനന്തപുരം സെഷൻസ് കോടതികൾ ജാമ്യം അനുവദിച്ചിരുന്നു.