Kerala High Court: ഹൈക്കോടതി വളപ്പിൽ ഫോട്ടോ, വിഡിയോ, ലൈവ് സ്ട്രീമിങ് നിരോധിച്ചു; മാധ്യമപ്രവർത്തകർക്കും ബാധകം
Kerala High Court New Order On Photography: അഭിഭാഷകർ, കക്ഷികൾ, ഇന്റേൺസ്, അഭിഭാഷകരുടെ ക്ലർക്കുമാർ, രജിസ്ട്രി ഉദ്യോഗസ്ഥർ, സർക്കാർ ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ, കരാറുകാർ, സന്ദർശകർ തുടങ്ങി ഹൈക്കോടതിവളപ്പിൽ പ്രവേശിക്കുന്നവർക്കെല്ലാം നിയന്ത്രണം ബാധകമാണെന്ന് ഉത്തരവിൽ പറയുന്നു. ഹൈക്കോടതി രജിസ്ട്രാർ ജനറലാണ് ഇതുസംബന്ധിച്ച കർശന നിർദ്ദേശങ്ങൾ അടങ്ങിയ ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചത്.

Kerala High Court
കൊച്ചി: കേരള ഹൈക്കോടതി വളപ്പിലും പരിസരങ്ങളിലും ഫോട്ടോ ചിത്രീകരണം, വീഡിയോ റെക്കോർഡിംഗ്, ലൈവ് സ്ട്രീമിങ് എന്നിവയ്ക്ക് പൂർണ്ണ നിരോധനം. കോടതിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സുഗമമായ പ്രവർത്തന അന്തരീക്ഷം നിലനിർത്തുന്നതിനുമാണ് പുതിയ നടപടി. ഹൈക്കോടതി രജിസ്ട്രാർ ജനറലാണ് ഇതുസംബന്ധിച്ച കർശന നിർദ്ദേശങ്ങൾ അടങ്ങിയ ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചത്. നിർദ്ദേശം മാധ്യമപ്രവർത്തകർക്കും ബാധകമാണെന്ന് ഉത്തരവിൽ പറയുന്നു.
അഭിഭാഷകർ, കക്ഷികൾ, ഇന്റേൺസ്, അഭിഭാഷകരുടെ ക്ലർക്കുമാർ, രജിസ്ട്രി ഉദ്യോഗസ്ഥർ, സർക്കാർ ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ, കരാറുകാർ, സന്ദർശകർ തുടങ്ങി ഹൈക്കോടതിവളപ്പിൽ പ്രവേശിക്കുന്നവർക്കെല്ലാം നിയന്ത്രണം ബാധകമാണെന്ന് ഉത്തരവിൽ പറയുന്നു. അതുപോലെ തന്നെ കോടതി ഹാളിനകത്തും ജഡ്ജിമാരുടെ ചേംബറിലും രജിസ്ട്രി ഓഫിസുകൾ, സെക്ഷനുകൾ, റെക്കോർഡ് റൂമുകൾ, സെക്യൂരിറ്റി കൺട്രോൾ റൂമുകൾ, സെർവർ റൂമുകൾ എന്നിവിടങ്ങളിലും ഔദ്യോഗിക ആവശ്യത്തിനല്ലാതെ ഫോട്ടോയോ, വിഡിയോയോ എടുക്കാൻ പാടില്ല.
ALSO READ: വാഹന പരിശോധനയ്ക്കിടെ എസ്.ഐയുടെ മൂക്കിടിച്ചു തകർത്തു, യുവാവ് അറസ്റ്റിൽ
മാർഗനിർദ്ദേശങ്ങൾ ഇങ്ങനെ
ഹൈക്കോടതി സമുച്ചയത്തിൽ പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും ചിത്രീകരണ വിലക്ക് ഏർപ്പെടുത്തിയതിനൊപ്പം, ഔദ്യോഗിക ആവശ്യങ്ങൾക്കുള്ള ഫോട്ടോ, വിഡിയോ എടുക്കലിനും വ്യക്തമായ മാർഗ്ഗരേഖ നിർദ്ദേശിച്ചിട്ടുണ്ട്: ഔദ്യോഗിക ആവശ്യങ്ങൾക്കുള്ള ഫോട്ടോകളും വിഡിയോകളും ഹൈക്കോടതി രജിസ്ട്രി ചുമതലപ്പെടുത്തുന്ന വ്യക്തികൾക്കോ ഏജൻസികൾക്കോ മാത്രമേ എടുക്കാൻ അനുവാദമുണ്ടായിരിക്കുകയുള്ളൂ. ചിത്രീകരിക്കുന്ന ഔദ്യോഗിക ദൃശ്യങ്ങളോ ഫോട്ടോകളോ രജിസ്ട്രാർ ജനറലിന്റെ മുൻകൂർ അനുമതിയില്ലാതെ യാതൊരു കാരണവശാലും മാധ്യമങ്ങൾക്കോ സോഷ്യൽ മീഡിയയിലോ പുറത്തുവിടാനും പാടില്ല.
രജിസ്ട്രാർ ജനറലിന്റെ അനുമതിയില്ലാതെ കോടതി വളപ്പിൽനിന്നെടുത്ത ഫോട്ടോയോ വിഡിയോയോ ലൈവ് സ്ട്രീമോ സമൂഹമാധ്യമങ്ങളിലോ ഡിജിറ്റൽ, ഇലക്ട്രോണിക് മീഡിയയിലോ അപ്ലോഡ് ചെയ്യാനോ പ്രസിദ്ധീകരിക്കാനോ പ്രചരിപ്പിക്കാനോ പാടില്ല. രജിസ്ട്രാർ ജനറലിന്റെ പ്രത്യേക അനുമതിയോടെ മാത്രമേ ഔദ്യോഗിക ചടങ്ങുകളടക്കം പരിപാടികൾ മാധ്യമങ്ങൾക്ക് കവർ ചെയ്യാനാകൂ. കൂടാതെ കോടതിനടപടികളുടെ ഫോട്ടോയെടുക്കാനും വീഡിയോ റിക്കാർഡ് ചെയ്യാനും ലൈവ് ചെയ്യാനും ചീഫ് ജസ്റ്റീസിന്റെ അനുമതിയും വേണം.
ഓഡിറ്റോറിയം, ബാങ്ക്വറ്റ് ഹാൾ, ആട്രിയം തുടങ്ങിയ പ്രത്യേക ഇടങ്ങളിൽ സംഘടിപ്പിക്കുന്ന ഔദ്യോഗിക പരിപാടികളിലും ചടങ്ങുകളിലും മാത്രമായിരിക്കും മുൻകൂർ അനുമതിയോടെ ഫോട്ടോയെടുക്കാനും വീഡിയോ ചിത്രീകരിക്കാനും സാധിക്കുക. കോടതി സമുച്ചയത്തിനുള്ളിൽ അനധികൃതമായി ഫോട്ടോയോ വീഡിയോയോ പകരർത്തുന്നത് തടയാൻ രജിസ്ട്രി ഉദ്യോഗസ്ഥർക്കും ഹൈക്കോടതി സെക്യൂരിറ്റി വിഭാഗത്തിനും പൂർണ്ണ അധികാരമുണ്ടായിരിക്കുമെന്നും നിർദ്ദേശത്തിൽ പറയുന്നു. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതായിരിക്കും.
English Summary:
Kerala High Court restricts photography, video recording, and live streaming within its premises. Know all details about the new order affecting media and public.