LPG Price Hike Protest: മെയ് 6ന് പണിമുടക്ക്, ഹോട്ടലുകളിൽ പോയിട്ട് കാര്യമില്ല!
Kerala Hotel Statewide Strike on May 6: എൽപിജി കിട്ടാതായതോടെ അടച്ചു പൂട്ടിയ ഹോട്ടലുകൾ സാധാരണ നിലയിലേക്ക് വരുന്നതിനിടെയാണ് മറ്റൊരു തിരിച്ചടി. മുമ്പ് സിലിണ്ടറിന് നൂറ്, നൂറ്റമ്പത് രൂപ നിരക്കിലാണ് വില കൂട്ടാറുള്ളത്. അഞ്ച് മാസത്തിനുള്ളിൽ മാത്രം 1498 രൂപയാണ് ഒരു സിലിണ്ടറിന്മേൽ വർദ്ധിച്ചത്.
കൊച്ചി: വാണിജ്യ സിലിണ്ടർവില വർദ്ധനവിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തുമെന്ന് ഹോട്ടൽ ഉടമകൾ. മെയ് ആറിന് സംസ്ഥാനത്ത് പണിമുടക്കിന് കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ ആഹ്വാനം ചെയ്തു. ഹോട്ടൽ മേഖലയ്ക്ക് കടുത്ത ആഘാതം സൃഷ്ടിച്ച് 19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ വർദ്ധിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. വില വർദ്ധിച്ചതോടെ വാണിജ്യ സിലിണ്ടറിന് മൂവായിരം രൂപ കടന്നിരിക്കുകയാണ്.
എൽപിജി കിട്ടാതായതോടെ അടച്ചു പൂട്ടിയ ഹോട്ടലുകൾ സാധാരണ നിലയിലേക്ക് വരുന്നതിനിടെയാണ് മറ്റൊരു തിരിച്ചടി. മുമ്പ് സിലിണ്ടറിന് നൂറ്, നൂറ്റമ്പത് രൂപ നിരക്കിലാണ് വില കൂട്ടാറുള്ളത്. എന്നാൽ ഇത്തവണ ഒറ്റയടിക്ക് ആയിരം രൂപയോടടുത്താണ് പൊതുമേഖല എണ്ണ കമ്പനികൾ വില വർദ്ധിപ്പിച്ചത്. പ്രവർത്തന ചെലവിന്റെ പേരിൽ ഭക്ഷണത്തിന്റെ വില കൂട്ടിയാൽ ഉപഭോക്താക്കൾക്കും അത് വലിയ തിരിച്ചടിയായിരിക്കും.
പുതിയ വർദ്ധനവ് പ്രകാരം, കേരളത്തിൽ വാണിജ്യ സിലിണ്ടർ വില മൂവായിരം രൂപ കടന്നു. തിരുവനന്തപുരത്ത് 19 കിലോ വാണിജ്യ സിലിണ്ടർ വില 3106 രൂപയായി. കൊച്ചിയിൽ 3085 രൂപയും കോഴിക്കോട് 3117 രൂപയുമാണ്. അഞ്ച് മാസത്തിനുള്ളിൽ മാത്രം 1498 രൂപയാണ് ഒരു സിലിണ്ടറിന്മേൽ വർദ്ധിച്ചത്. അതേസമയം, ഗാർഹിക സിലിണ്ടറിന് വില കൂട്ടിയിട്ടില്ല.
ഗാർഹിക സിലിണ്ടറിന് വില കൂടുമോ?
വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ വർദ്ധിച്ചതോടെ ജനങ്ങളുടെ മനസിലെ അടുത്ത ചോദ്യം ഗാർഹിക സിലിണ്ടറിന് വില വർദ്ധിക്കുമോ എന്നതാണ്. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് കഴിഞ്ഞാൽ ഗാർഹിക സിലിണ്ടറുകൾക്ക് വില വർദ്ധിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ലഭ്യത കുറവ് കാരണം സിലിണ്ടറുകളുടെ വിതരണത്തിന് നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ട്.
ഗാർഹിക സിലിണ്ടറിന്റെ വിലയിൽ നാല്പത് മുതൽ അമ്പത് രൂപ വരെ വർദ്ധനവ് ഉണ്ടായേക്കാമെന്നാണ് സൂചന. നിലവിൽ ഏകദേശം ആയിരം രൂപയ്ക്ക് അടുത്താണ് വില വരുന്നത്. ഡല്‍ഹി- 913 രൂപ, മുംബൈ- 912.50 രൂപ, കൊച്ചി- 920 രൂപ എന്നിങ്ങനെയാണ് നിലവിലെ നിരക്ക്. ഓരോ നഗരങ്ങളിലും നിരക്കിൽ നേരിയ വ്യത്യാസങ്ങൾ വരാറുണ്ട്.
ALSO READ: മീനിന് പൊന്നുംവില, വെളിച്ചെണ്ണ വിലയിൽ വൻ ആശ്വാസം
ഭക്ഷണത്തിന് വില കൂടുമോ?
വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ ഉണ്ടായ വർദ്ധനവ് ഹോട്ടലുകളിലെ വിഭവങ്ങളിലെ വില കൂട്ടാൻ കാരണമായേക്കുമെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു. നേരത്തെ എൽപിജി പ്രതിസന്ധി രൂക്ഷമായതോടെ പല ഹോട്ടലുകളും ഭക്ഷണങ്ങളുടെ വില കൂട്ടിയിരുന്നു. ഹോട്ടലുകളെ മാത്രം ആശ്രയിക്കുന്ന തൊഴിലാളികൾ, വിദ്യാർത്ഥികൾ, ഹോസ്റ്റലിൽ നിൽക്കുന്നവർ, മറ്റ് ദിവസ വേതനക്കാർ തുടങ്ങിയവരെ എല്ലാം ഈ വില വർദ്ധനവ് ബാധിക്കും. ഉടൻ തന്നെ വർദ്ധനവ് പിൻവലിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
പെട്രോൾ – ഡീസൽ വിലയും കൂടും?
തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ രാജ്യത്ത് പെട്രോൾ – ഡീസൽ വില കുതിക്കുമെന്ന് റിപ്പോർട്ട്. വില വർദ്ധനവിന് എണ്ണ കമ്പനികൾ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയിയിൽ ഏപ്രിലിൽ പതിനഞ്ച് ശതമാനമാണ് ഇടിവ് ഉണ്ടായത്. ഗൾഫിൽ നിന്നുള്ള ക്രൂഡ് ഓയിലും എൽപിജിയും നിലച്ചതോടെ മറ്റ് രാജ്യങ്ങളിൽ നന്ന് ഇന്ത്യ പെട്രോളിയം ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുകയാണ്. എന്നാൽ വില ബാരലിന് 126 ഡോളർ വരെ ഉയരുന്ന സാഹചര്യത്തിൽ പെട്രോളിന്റെയും ഡീസലിന്റെയും വ്യോമായന ഇന്ധനത്തിന്റെയും വില കൂട്ടണമെന്നാണ് എണ്ണ കമ്പനികൾ ആവശ്യപ്പെടുന്നത്. ഇത് ചൂണ്ടിക്കാട്ടി കമ്പനികൾ കേന്ദ്ര സർക്കാരിന് കത്ത് അയച്ചിട്ടുണ്ടെന്നാണ് വിവരം.
English Summary:
Kerala Hotel and Restaurant Association has called for a state-wide strike on May 6 over commercial cylinder price Hike. Price of 19 kg cylinder has increased by Rs 993. Reports indicate that the prices of domestic cylinders will also increase after election results.