Kerala Local Body Election: അതും സംഭവിച്ചോ..? സോണിയാഗാന്ധി ബിജെപിക്ക് വേണ്ടി വോട്ടഭ്യർത്ഥിക്കുന്നു
Kerala Local Body Election: ഇതോടെ പതിയെ സോണിയ ഗാന്ധി ബിജെപിയിലേക്ക് നീങ്ങി. ഭർത്താവിനൊപ്പം ചേർന്ന് സോണിയ ഗാന്ധി ബിജെപിയിൽ പ്രവർത്തിച്ചു...
കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ബിജെപിക്ക് വേണ്ടി വോട്ട് തേടുന്നു.. അമ്പരക്കേണ്ട… ചെറിയ ഒരു ട്വിസ്റ്റ് ഉണ്ട്. ആള് നിങ്ങൾ ഉദ്ദേശിച്ച ആളല്ല. രൂപത്തിൽ മാറ്റം ഉണ്ടെങ്കിലും പേരിൽ സാദൃശ്യം ഉണ്ടെന്നേ ഉള്ളൂ. മൂന്നാർ പഞ്ചായത്തിലെ നല്ലതണ്ണി വാർഡിൽ (വാർഡ് 16) സോണിയ ഗാന്ധി എന്ന പേരിൽ ഒരു സ്ഥാനാർത്ഥിയുണ്ട്. ആ സ്ഥാനാർത്ഥിയുടെ കാര്യമാണ് പറഞ്ഞത്. സോണിയാ ഗാന്ധി എന്ന പേരുള്ളതിനാൽ തന്നെ ഈ സോണിയാഗാന്ധിയും ഇപ്പോൾ തദ്ദേശ തിരഞ്ഞടുപ്പിൽ ശ്രദ്ധേയമാവുകയാണ്.
വലിയ കോൺഗ്രസ് പ്രവർത്തകനായിരുന്നു ഈ സോണിയ ഗാന്ധിയുടെ പിതാവായ ദുരൈരാജ്. കോൺഗ്രസ് എന്ന പ്രസ്ഥാനത്തിനോടുള്ള അദ്ദേഹത്തിന്റെ അതിയായ സ്നേഹവും വിശ്വാസവുമാണ് മകൾക്ക് കോൺഗ്രസിലെ പ്രിയ നേതാവിന്റെ പേര് തന്നെ ഇടാൻ കാരണം.. എന്നാൽ സോണിയയെ വിവാഹം ചെയ്തത് ബിജെപി അനുഭാവിയായ സുഭാഷ് ആണ്. ഇതോടെ പതിയെ സോണിയ ഗാന്ധി ബിജെപിയിലേക്ക് നീങ്ങി. ഭർത്താവിനൊപ്പം ചേർന്ന് സോണിയ ഗാന്ധി ബിജെപിയിൽ പ്രവർത്തിച്ചു.
ഇപ്പോൾ സോണിയ ഗാന്ധി എന്ന പേരുമായി കാവിശാൾ ധരിച്ച് വീട് തോറും പ്രചാരണം നടത്തുകയാണ് ഇവർ. ആത്മവിശ്വാസത്തോടെ സോണിയ ഗാന്ധി എന്ന പേര് പറഞ്ഞ് തന്നെ പരിചയപ്പെടുത്തിക്കൊണ്ട് താമര ചിഹ്നത്തിനെ പിന്തുണ തേടുന്ന സോണിയാഗാന്ധിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആകുന്നത്.
അതേസമയം മൂന്നാറിലെ പതിനാറാം വാർഡിലെ മത്സരം ശക്തമായ ത്രികോണ പോരാട്ടമായി മാറിയിരിക്കുന്നു, സോണിയ കോൺഗ്രസിലെ മഞ്ജുള രമേശിനെയും സിപിഎമ്മിലെ വളർമതിയെയും നേരിടുന്നു. ഡിസംബർ 9 നും 11 നും കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ രണ്ട് ഘട്ടങ്ങൾ നിശ്ചയിച്ചിരിക്കുന്നു. ഇടുക്കി ജില്ലയിലെ മൂന്നാർ പഞ്ചായത്തിൽ ഡിസംബർ 9 ന് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും.