വോട്ടിങ് കഴിഞ്ഞ് റിസൾട്ടും വന്നു, ഇനി അൽപ്പം ഇരുട്ട് ആകാം! കേരളത്തിൽ ഇന്നും വൈദ്യുതി മുടങ്ങുമെന്ന് സൂചന
Kerala power crisis: പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യവും, ഗ്രിഡ് ഫ്രീക്വൻസി കുറയുന്ന സാഹചര്യവും നിലനിൽക്കുന്നതിനാൽ ഇന്ന് വൈകുന്നേരം 6.45 മണി മുതൽ രാത്രി 12 മണി വരെയുള്ള സമയത്ത് വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാം എന്ന് മുന്നറിയിപ്പ്. പവർ എക്സ്ചേഞ്ച് വഴി വൈദ്യുതി ലഭിക്കുന്ന മുറയ്ക്ക് നിയന്ത്രണം ഒഴിവാക്കാനായേക്കും.

Kerala Power Crisis
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ റിസൾട്ട് വന്നതിന് പിന്നാലെ മലയാളികളെക്കാത്ത് മറ്റൊരു വാർത്തകൂടി ഉണ്ട്. സംസ്ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കും എന്നതാണ് അത്. കഴിഞ്ഞ രണ്ട് ദിവസമായി പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസമായിരുന്നു തദ്ദേശ സ്ഥാപനങ്ങളിലെ ഒഴിവുവന്ന സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ്. അതിന്റെ റിസൾട്ട് ഇന്ന് വന്നതിന് പിന്നാലെയാണ് വൈദ്യുതി മുടക്കവും തിരിച്ചെത്തിയേക്കും എന്ന വാർത്ത എത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഇന്നും വൈകുന്നേരം മുതൽ അർധരാത്രി വരെയുള്ള സമയങ്ങളിൽ ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി അറിയിപ്പിൽ പറയുന്നു.
പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യവും, ഗ്രിഡ് ഫ്രീക്വൻസി കുറയുന്ന സാഹചര്യവും നിലനിൽക്കുന്നതിനാൽ ഇന്ന് വൈകുന്നേരം 6.45 മണി മുതൽ രാത്രി 12 മണി വരെയുള്ള സമയത്ത് വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാം എന്നാണ് ലഭ്യമായിരിക്കുന്ന മുന്നറിയിപ്പ്. അതേസമയം, പവർ എക്സ്ചേഞ്ച് വഴി വൈദ്യുതി ലഭിക്കുന്ന മുറയ്ക്ക് നിയന്ത്രണം ഒഴിവാക്കാനായേക്കും.
ഇന്ന് ഏകദേശം 600 മുതൽ 800 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. മധ്യപ്രദേശിൽ നിന്നും സ്വാപ്പ് പ്രകാരം ലഭ്യമായിരുന്ന 200 മെഗാവാട്ട് വൈദ്യുതി ഇന്ന് വൈകുന്നേരം 6 മുതൽ രാത്രി 8 വരെ ലഭ്യമല്ല. എന്നാൽ നിരന്തരവും ഊർജ്ജിതവുമായ ശ്രമത്തെത്തുടർന്ന് 50 MW വൈദ്യുതി ഹരിയാനയിൽ നിന്നും ഇന്ന് അധികമായി തരപ്പെടുത്താൻ സാധിച്ചിട്ടുണ്ട്.
രാജ്യമാകെ വൈദ്യുതി ഉപയോഗം വർധിച്ചതിനാൽ, പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിൽ കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. ദേശീയ തലത്തിൽ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയച്ചതുപ്രകാരമുള്ള 12000 മെഗാവാട്ടിന്റെ കുറവ് പൂർണ്ണമായും പരിഹരിക്കാത്ത സാഹചര്യവും നിലനിൽക്കുന്നു. ഇതൊക്കെയാണെങ്കിലും വൈദ്യുതി മുടക്കം സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്നതിൽ കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട് എന്നാണ് ഇന്നത്തെ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത് എന്നാണ് പൊതു വിലയിരുത്തൽ.
സംസ്ഥാനത്തെ 38 തദ്ദേശ സ്ഥാപന വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ രണ്ട് എംഎൽഎമാരുടെ സിറ്റിങ് വാർഡുകൾ നഷ്ടപ്പെടുകയും മുൻപ് വൻ ഭൂരിപക്ഷത്തിൽ ജയിച്ച പലയിടങ്ങളിലും ഭൂരിപക്ഷം വല്ലാതെ കുറയുകയും ചെയ്തത് സർക്കാരിനെതിരേയുള്ള ജനവികാരത്തിന്റെ സൂചനയാണ് എന്ന നിലയ്ക്കാണ് വ്യാഖ്യാനങ്ങൾ വന്നുകൊണ്ടിരിക്കുന്നത്. സർക്കാരിനെതിരേ വോട്ട് ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിച്ച മുഖ്യ ഘടകം വൈദ്യുതി മുടക്കം തന്നെയാണ് എന്നാണ് കൂടുതൽപ്പേരും അഭിപ്രായപ്പെടുന്നത്.
എന്തായാലും തുടർച്ചയായി വൈദ്യുതി മുടക്കം തുടർന്നിരുന്നിടത്ത്, തെരഞ്ഞെടുപ്പിന് മുൻപുള്ള ദിവസങ്ങളിൽ വൈദ്യുതി മുടക്കം ഒഴിവാകുകയും റിസൾട്ട് വന്നതിന് പിന്നാലെ വീണ്ടും വൈദ്യുതി മുടക്കം പുനരാരംഭിച്ചേക്കും എന്ന നിലയ്ക്ക് മുന്നറിയിപ്പുകൾ വരുകയും ചെയ്തിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. നിലവിലെ റിസൾട്ടിൽ ജനം സർക്കാരിന്റെ ഫ്യൂസ് ഊരിയതിൽ നിന്ന് പാഠം പഠിച്ച് പ്രതിസന്ധി പരിഹരിക്കാൻ നടപടികൾ ഉണ്ടാകുമോ അതോ ഇരുട്ട് തുടരുമോ എന്ന് വരുംദിവസങ്ങളിൽ അറിയാം.
English Summary
In view of the power crisis, power outages are likely to continue in Kerala today. The warning is that power restrictions may be required from 6.45 pm to 12 midnight today due to the lack of sufficient power through the power exchange and the reduction in grid frequency. However, the restrictions may be lifted once power is received through the power exchange.