18 മരുന്നുകളുടെ കുറവുണ്ട്, ഒരാഴ്ചക്കുള്ളിൽ പരിഹരിക്കും, കിട്ടാത്തതുണ്ടേൽ പറഞ്ഞാൽ ശരിയാക്കാം: മന്ത്രി മുരളീധരൻ
Medicine shortage in government hospitals - K Muraleedharan: മരുന്ന് ക്ഷാമം സംബന്ധിച്ച് വ്യാപകമായ ആക്ഷേപങ്ങൾ ഇല്ലെന്നും 2500 കോടി കടം ആക്കിവച്ചവരാണ് തങ്ങളെ വിമർശിക്കാൻ വരുന്നതെന്നും മരുന്നുകൾക്ക് കൊടുക്കാൻ കാശ് വേണ്ടേയെന്നും ആരോഗ്യ മന്ത്രി കെ മുരളീധരൻ. സാധാരണക്കാർക്ക് കിട്ടാത്ത ഏതെങ്കിലും മരുന്ന് ഉണ്ടെങ്കിൽ നിങ്ങൾ പറഞ്ഞാൽ മതി ഞാനത് ഏർപ്പാടാക്കാമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് നന്നാക്കിയിട്ടേ ഇറങ്ങൂവെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം സംബന്ധിച്ച വിവാദങ്ങൾ തുടരുന്നതിനിടെ ഒരാഴ്ചയ്ക്കുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന് പ്രഖ്യാപിച്ച് മന്ത്രി കെ മുരളീധരൻ. സംസ്ഥാനത്ത് 18 മരുന്നുകൾക്ക് ക്ഷാമം ഉണ്ട് എന്ന് മന്ത്രി ‘സമ്മതിക്കാതെ’ സമ്മതിച്ചു. ”മരുന്നുകൾക്ക് ക്ഷാമം ഇല്ല, ചില മരുന്നുകളുടെ അവയ്ലബിലിറ്റി കുറവായതുകൊണ്ട്, 18 ഐറ്റം കുറവുണ്ട്, ആ 18 ഐറ്റം ഒരാഴ്ചയ്ക്കുള്ളിൽ മെഡിക്കൽ ഷോപ്പുകളിൽ എത്തിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്, ഒരാഴ്ചയ്ക്കുള്ളിൽ”- എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ”ഏതൊക്കെ മരുന്നുകളാണ് ഇല്ലാത്തത് എന്ന് ചോദിച്ചാൽ തനിക്ക് പറയാൻ കഴിയില്ലെന്നും നിങ്ങൾക്ക് ചോർത്തി തരുന്നവരോട് ചോദിച്ചാൽ, അല്ലെങ്കിൽ അവരോട് എനിക്ക് ഒരു കോപ്പിതരാൻ പറ’ എന്ന പരിഹാസ രൂപേണയുള്ള ഒഴിഞ്ഞുമാറലും മന്ത്രി നടത്തി.
മരുന്ന് ക്ഷാമം സംബന്ധിച്ച് വ്യാപകമായ ആക്ഷേപങ്ങൾ ഇല്ലെന്നും 2500 കോടി കടം ആക്കിവച്ചവരാണ് തങ്ങളെ വിമർശിക്കാൻ വരുന്നതെന്നും മരുന്നുകൾക്ക് കൊടുക്കാൻ കാശ് വേണ്ടേയെന്നും മുരളീധരൻ ചോദിച്ചു. സാധാരണക്കാർക്ക് കിട്ടാത്ത ഏതെങ്കിലും മരുന്ന് ഉണ്ടെങ്കിൽ നിങ്ങൾ പറഞ്ഞാൽ മതി ഞാനത് ഏർപ്പാടാക്കാമെന്നും മന്ത്രി പറഞ്ഞു.
ALSO READ: കയ്യാങ്കളിക്കുള്ള മറുപടി? ചിറയിൻകീഴിൽ യുഡിഎഫിന് രണ്ട് സിറ്റിങ് സീറ്റുകൾ നഷ്ടം
18 ഐറ്റത്തിന്റെ ഷോട്ടേജ് ഉണ്ട്, അത് ഒരാഴ്ചയ്ക്കുള്ളിൽ പരിഹരിക്കും, കെ.എം.എസ്.സി.എല്ലുകാരോട് അതിന് നിർദേശം കൊടുത്തിട്ടുണ്ട്, ഒരാഴ്ച കഴിഞ്ഞിട്ട് ഏതൊക്കെ മരുന്നാണ് ഇല്ലാത്തത് എന്ന് പറയൂ എന്നും മുരളീധരൻ പറഞ്ഞു. കെ.എം.എസ്.സി.എല്ലിന്റെ തലപ്പത്ത് ആളില്ലാത്തത് ചൂണ്ടിക്കാട്ടിയപ്പോൾ ആളെ വച്ചിരുന്നതായും പക്ഷേ വച്ചയാൾ ചാർജ് എടുത്തിട്ടില്ല എന്നുമായിരുന്നു മന്ത്രിയുടെ മറുപടി.
ചില മരുന്ന് കമ്പനിക്കാരുടെ കൈയിൽ നിന്ന് മരുന്ന് വാങ്ങില്ല. 10 വർഷമായി വലിയ അഴിമതി കാണിച്ച മരുന്ന് കമ്പനിക്കാർ ഉണ്ടെന്നും, ചില മരുന്നുകമ്പനികളും ഡോക്ടർമാരും ചില ഐഎഎസുകാരുമായി പാമ്പൻ പാലത്തിനെക്കാൾ ദൃഡമായ ബന്ധം ഉണ്ടെന്നും അത് അനുവദിക്കുന്ന പ്രശ്നങ്ങളില്ലെന്നും മന്ത്രി വ്യക്തമാക്കി.
”ഞാൻ ഈ സീറ്റിൽ ഇരിക്കുമ്പോൾ ഇങ്ങനെയുള്ള തട്ടിപ്പുകൾ അനുവദിക്കുന്ന പ്രശ്നമില്ല. മുമ്പ് ഇതിനൊക്കെ പലർക്കും പല കമ്മിഷനും കൊടുത്തിട്ടുണ്ട്. കമ്മീഷൻ വാങ്ങി ജീവിക്കേണ്ട ഗതികേട് എനിക്കില്ല. എന്റെ ജോലി ചെയ്യുന്നതിന് സർക്കാർ എനിക്ക് ശമ്പളം തരുന്നുണ്ട്. അതിൽക്കൂടുതൽ ഒരു പൈസ പോലും ഈ ഗവൺമെന്റിൽ ആർക്കും ആവശ്യമില്ല”.
”അതുകൊണ്ട് ഈ മരുന്ന് കമ്പനിക്കാർ, അവരാണ് മരുന്ന് ക്ഷാമം എന്ന് പ്രചാരണം നടത്തുന്നത്. അവരുടെ കൈയിൽ നിന്ന് മരുന്ന് വാങ്ങുന്ന പ്രശ്നമില്ല, അവരുടെ മരുന്നുകൾക്ക് ക്വാളിറ്റിയില്ല. അത് പരിശോധിക്കുന്നുണ്ട്”. ആരോഗ്യ വകുപ്പ് നന്നാക്കിയിട്ടേ ഇറങ്ങൂവെന്നും മന്ത്രി കെ മുരളീധരൻ പറഞ്ഞു. ഡിഎച്ച്എസിന്റെ ഓഡിയോ സന്ദേശം വിവാദമായതിലും മന്ത്രി നേരത്തെ പ്രതികരിച്ചിരുന്നു.
മാധ്യമങ്ങൾക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അത് ഡിഎംഒമാരോടൊ ഡിഎച്ച്എസിനോടോ ചോദിക്കാം. ഇവർ ആരും ഫോൺ എടുത്തിലെങ്കിൽ എന്നെ വിളിച്ചാൽ മതി. ഇതിനൊക്കെ ഒരു പ്രോട്ടോകോൾ ഉണ്ട്. ഡിഎച്ച്എസിന്റെ സന്ദേശം വളരെ ശരിയാണ്. വിവാദമായപ്പോൾ ഡിഎച്ച്എസ് ഓഡിയോ പിൻവലിച്ചു. അതിന്റെ ആവശ്യം ഇല്ലെന്നാണ് ഞാൻ അവരോട് പറഞ്ഞത്- എന്ന് മുരളീധരൻ വ്യക്തമാക്കി.
English Summary
As the controversy over the shortage of medicines in government hospitals continues, Minister K Muraleedharan has announced that the problem will be resolved within a week. “There is no shortage of medicines, there is a shortage of 18 items due to low availability of some medicines, and a system has been put in place to deliver those 18 items to medical shops within a week, within a week,” was the response of the minister.