Private Bus Strike: നാളെ പ്രൈവറ്റ് ബസ് ഓടില്ല, പണിമുടക്ക് അനിശ്ചിത കാലത്തേക്ക്, ആവശ്യങ്ങളിവയെല്ലാം
Kerala Private Bus Strike Tomorrow: വിദ്യാർഥികളുടെ യാത്രാനിരക്ക് വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗത സെക്രട്ടറി വിദ്യാർത്ഥി സംഘടനകളും ആയി ചർച്ച നടത്തുമെന്നും പെർമിറ്റ് പുതുക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചിരുന്നു.

Private Bus Strike
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകൾ നാളെ മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്ന് സംയുക്ത സമര സമിതി അറിയിച്ചതിന് പിന്നാലെ ആശങ്കകൾ ഉയരുന്നു. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധിപ്പിക്കണം എന്നും പെർമിറ്റ് പുതുക്കി നൽകണം എന്നുമുള്ള ആവശ്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകാത്തതിനെ തുടർന്നാണ് ഈ നീക്കം.
ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ കഴിഞ്ഞദിവസം ബസ് ഉടമകളുമായി ചർച്ച നടത്തിയെങ്കിലും ധാരണയിൽ എത്തിയിരുന്നില്ല. ഈ ചർച്ചയ്ക്ക് ശേഷം ബസ് ഓപ്പറേറ്റേഴ്സ് ഫോറം പണിമുടക്കിൽ നിന്ന് പിന്മാറി എങ്കിലും മറ്റ് സംഘടനകൾ സമരവുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു. ചൊവ്വാഴ്ചയ്ക്ക് മുമ്പ് വീണ്ടും ചർച്ച ചെയ്യാമെന്ന് മന്ത്രി നേരത്തെ ഉറപ്പു നൽകിയിരുന്നെങ്കിലും ഇതുവരെ ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ബസ് ഉടമകൾ പറയുന്നു.
വിദ്യാർഥികളുടെ യാത്രാനിരക്ക് വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗത സെക്രട്ടറി വിദ്യാർത്ഥി സംഘടനകളും ആയി ചർച്ച നടത്തുമെന്നും പെർമിറ്റ് പുതുക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചിരുന്നു.
പ്രധാന ആവശ്യങ്ങൾ ഇവ
- ദീർഘദൂരം ലിമിറ്റഡ് സ്റ്റോപ്പ് അടക്കമുള്ള എല്ലാ പെർമിറ്റുകളും നിലവിലെ രീതിയിൽ തന്നെ പുതുക്കി നൽകുക
- വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധിപ്പിക്കുക
- ഈ ചലാൻ വഴി പോലീസ് അനാവശ്യമായി പിഴ ചുമത്തി ബസ് ഉടമകളെ ബുദ്ധിമുട്ടിക്കുന്നത് അവസാനിപ്പിക്കുക
വിദ്യാർഥികളുടെ കൺസഷൻ നിരക്ക് കൂട്ടുക, വ്യാജ കൺസഷൻ കാർഡുകൾ തടയുക, 140 കിലോമീറ്ററിൽ അധികം ഓടുന്ന ബസ്സുകളുടെ പെർമിറ്റ് പുതുക്കി നൽകുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച ഈ മാസം എട്ടാം തീയതി സ്വകാര്യബസ്സുകൾ സൂചന സമരം നടത്തിയിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ പ്രശ്നങ്ങൾ പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ 22 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന് ബസ് ഉടമകൾ ഒന്നേ വ്യക്തമാക്കിയിരുന്നു.