Reema Death Case: ‘മകള്‍ ഭയപ്പെട്ടിരുന്നു, ഇനിയാര്‍ക്കും ഈ അവസ്ഥ ഉണ്ടാകരുത്’; പൊട്ടിക്കരഞ്ഞ് റീമയുടെ പിതാവ്
Reema's father makes allegations against Kamal Raj: ശനിയാഴ്ച രാത്രിയാണ് മകനൊപ്പം റീമ പുഴയിലേക്ക് ചാടിയത്. ചെമ്പല്ലിക്കുണ്ട് പുഴയില്‍ മൂന്ന് വയസുള്ള മകന്‍ കൃശിവിനൊപ്പമാണ് റീമ പുഴയില്‍ ചാടിയത്. യുവതിയുടെ മൃതദേഹം ലഭിച്ചെങ്കിലും കുഞ്ഞിനെ കണ്ടെത്തിയിട്ടില്ല. കൃശിവിനായുള്ള തിരച്ചില്‍ തുടരുകയാണ്.
കണ്ണൂര്‍: കുഞ്ഞിനെയും കൊണ്ട് പുഴയില്‍ ചാടി യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. റീമയെ ഭര്‍ത്താവ് കമല്‍രാജ് മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് പിതാവ് മോഹനന്‍ കുന്നപ്പട പറഞ്ഞു. ഭര്‍തൃവീട്ടില്‍ മകള്‍ ഏറെ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ മകള്‍ കുറിപ്പെഴുതിയിരുന്നു. അത് റീമയുടെ ഫോണിലുമുണ്ട്. കമല്‍രാജ് ഭീഷണിപ്പെടുത്തിയിരുന്നു. കമല്‍രാജിന്റെ അമ്മയ്‌ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് നേരത്തെ കേസ് കൊടുത്തിരുന്നുവെന്നും മോഹനന്‍ വ്യക്തമാക്കി.
പ്രവാസിയായ കമല്‍രാജും റീമയും ഏറെ നാളായി അകല്‍ച്ചയിലായിരുന്നു. വിവാഹമോചനത്തിനുള്ള നടപടികളും ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ കമല്‍രാജ് റീമയുടെ വീട്ടിലെത്തി കുഞ്ഞിനെ കണ്ടു. കുഞ്ഞിനെ കൊണ്ടുപോകുമെന്ന് കമല്‍രാജ് ഭീഷണിപ്പെടുത്തിയെന്നും മോഹനന്‍ ആരോപിച്ചു.
‘കുഞ്ഞിനെ വേണമെങ്കില്‍ കണ്ടിട്ട് പോയ്‌ക്കോ’ എന്ന് കമല്‍രാജിനോട് മകള്‍ പറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇനിയൊരു പെണ്‍കുട്ടിക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും മോഹനന്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.




ശനിയാഴ്ച രാത്രിയാണ് മകനൊപ്പം റീമ പുഴയിലേക്ക് ചാടിയത്. ചെമ്പല്ലിക്കുണ്ട് പുഴയില്‍ മൂന്ന് വയസുള്ള മകന്‍ കൃശിവിനൊപ്പമാണ് റീമ പുഴയില്‍ ചാടിയത്. യുവതിയുടെ മൃതദേഹം ലഭിച്ചെങ്കിലും കുഞ്ഞിനെ കണ്ടെത്തിയിട്ടില്ല. കൃശിവിനായുള്ള തിരച്ചില്‍ തുടരുകയാണ്.
റീമയുടെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. ഭര്‍ത്താവ് കമല്‍രാജും അയാളുടെ അമ്മയുമാണ് തന്റെ മരണത്തിന് പിന്നിലെന്നാണ് കുറിപ്പിലുള്ളത്. മരണത്തിന് ഉത്തരവാദി ഇരുവരുമാണെന്ന് റിമയുടെ ഫോണിലുമുണ്ട്. ഭര്‍ത്താവുമായി അകന്ന് സ്വന്തം വീട്ടിലാണ് റീമ കഴിഞ്ഞിരുന്നത്.
ശനിയാഴ്ച രാത്രി 12.30-ഓടെ ഉറങ്ങുകയായിരുന്ന മകനെയുമെടുത്ത് സ്‌കൂട്ടറിലാണ് റീമ പുഴയോരത്തേക്ക് പോയത്. പാലത്തിലൂടെ കുഞ്ഞിനെയുമെടുത്ത് റീമ നടക്കുന്നത് നാട്ടുകാരിലൊരാള്‍ കണ്ടിരുന്നു. കാര്യം തിരക്കാന്‍ ഇയാള്‍ എത്തിയപ്പോഴേക്കും യുവതി കുഞ്ഞുമായി പുഴയില്‍ ചാടി.
2015ലായിരുന്നു റീമയുടെയും കമല്‍രാജിന്റെയും വിവാഹം. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയത്. മകനെ കമല്‍രാജ് കൊണ്ടുപോകുമെന്ന ഭയത്തിലാണ് യുവതി ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ദിശ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ നമ്പര്‍: 1056, 0471-2552056)